ഇന്ത്യന്‍ സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്ന മുസ്‌ലിംകളുടെ ദേശഭക്തി ചോദ്യം ചെയ്യാന്‍ സംഘ്പരിവാര്‍ അനുകൂല സോഷ്യല്‍ മീഡിയ എക്കൗണ്ടുകളിലൂടെ പ്രചരിപ്പിക്കുന്ന നുണകളുടെ പ്രഭവകേന്ദ്രം പാക്കിസ്ഥാന്‍ സൈന്യത്തിന്റെ മീഡിയ ആന്റ് പബ്ലിക് റിലേഷന്‍സ് വിഭാഗമായ ഇന്റര്‍സര്‍വീസ് പബ്ലിക് റിലേഷന്‍സ് (ഐ.എസ്.പി.ആര്‍) ആണ്. സാമൂഹിക മാധ്യമങ്ങളിലൂടെ 2010ല്‍ ഐ.എസ്.പി.ആര്‍ പടച്ചുവിട്ട പ്രചാരണങ്ങള്‍ ഹിന്ദുത്വവാദികള്‍ പല ഘട്ടങ്ങളിലായി ഏറ്റുപിടിക്കുകയായിരുന്നു.
1965ലെ യുദ്ധത്തില്‍ പാക്കിസ്ഥാനെതിരെ പോരാടാന്‍ ഇന്ത്യന്‍ സൈന്യത്തിലെ മുസ്‌ലിം റെജിമെന്റ് വിസമ്മതിച്ചുവെന്നും അതേത്തുടര്‍ന്ന് പ്രസ്തുത റെജിമെന്റ് പിരിച്ചുവിട്ടുമെന്നുമുള്ളതായിരുന്നു വ്യാജ വാര്‍ത്ത. 2017 ഒക്ടോബറില്‍ ബി.ജെ.പി നാഷനല്‍ മീഡിയ പാനലിസ്റ്റ് യശ്‌വീര്‍ രാഘവാണ് ഈ നുണ ആദ്യം ട്വിറ്ററിലൂടെ ഹിന്ദിയില്‍ പ്രചരിപ്പിച്ചത്. കുറച്ചുകാലം പ്രചാരണത്തിലുണ്ടായിരുന്ന ഈ വ്യാജനിര്‍മിതി ട്വിറ്ററിന്റെ അപാരമായ സാധ്യത മുതലെടുത്ത് വീണ്ടും വിരുന്നെത്തിയിരിക്കുകയാണ് ഇപ്പോള്‍.
1965വരെ (അതായത് പാക്കിസ്ഥാനുമായുള്ള യുദ്ധം വരെ) ഇന്ത്യന്‍ സൈന്യത്തില്‍ മുസ്‌ലിം റെജിമെന്റ് ഉണ്ടായിരുന്നുവെന്നും എന്നാല്‍ പ്രസ്തുത യുദ്ധത്തില്‍ പാക്കിസ്ഥാനെതിരെ പോരാടാന്‍ 20,000ത്തോളം മുസ്‌ലിം സൈനികര്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന അത് പിരിച്ചുവിടുകയായിരുന്നുവെന്നുമായിരുന്നു പാക്കിസ്ഥാന്റെ പ്രചാരണം. മാത്രമല്ല, 1971ലെ യുദ്ധത്തില്‍ ഒരൊറ്റ മുസ്‌ലമും പങ്കെടുത്തില്ലെന്നുമുള്ള മറ്റൊരു നുണയും ഐ.എസ്.പി.ആര്‍ എഴുന്നള്ളിക്കുകയുണ്ടായി.
ഇത് വ്യാപകമായ തെറ്റിദ്ധാരണ പരത്തിയതിന്റെ പശ്ചാത്തലത്തില്‍, ഇന്ത്യന്‍ സൈന്യത്തിന്റെ ചരിത്രത്തില്‍ കേട്ടുകേള്‍വി ഇല്ലാത്തതാണ് മുസ്‌ലിം റെജിമെന്റ് എന്നു വ്യക്തമാക്കിയും സൈന്യത്തില്‍ മുസ്‌ലിംകള്‍ നിര്‍വ്വഹിച്ച സ്തുത്യര്‍ഹമായ സേവനങ്ങള്‍ വിശദീകരിച്ചും ലെഫ് ജനറലായിരുന്ന സയ്യിദ് അതാ ഹസ്‌നൈന്‍ 2017 നവംബര്‍ 30ന് ടൈംസ് ഓഫ് ഇന്ത്യയില്‍ ലേഖനം എഴുതുകയുണ്ടായി.
മുസ്‌ലിംകള്‍ക്ക് പ്രത്യേക റെജിമെന്റ് ഉണ്ടായിരുന്നില്ലെങ്കിലും രാജ്പുതാന്‍ റൈഫിള്‍സ്, റാജ്പുത് റെജിമെന്റ് തുടങ്ങിയവക്കു കീഴില്‍ മുസ്‌ലിംകള്‍ക്ക് മാത്രമായി സബ് യൂനിറ്റുകള്‍ ഉണ്ടായിരുന്നുവെന്നും ധീരമായ പോരാട്ടമാണ് അവര്‍ കാഴ്ചവെച്ചതെന്നും അതാ ഹസ്‌നൈന്‍ എഴുതുന്നു. പരമവീരചക്രം നേടിയ അബ്ദുല്‍ ഹമീദ്, വീരചക്രം നേടിയ ലെഫ് ജനറല്‍ മുഹമ്മദ് സാക്കി, മേജര്‍ അബ്ദുല്‍ റഫി ഖാന്‍ തുടങ്ങിയവര്‍ 1965ല്‍ പാക്കിസ്ഥാനെതിരെ യുദ്ധം ചെയ്ത മുസ്‌ലിംകളായ ധീരദേശാഭിമാനികളായിരുന്നു.
അബ്ദുല്‍ റാഫി ഖാന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. തന്റെ അമ്മാവന്‍ കൂടിയായ മേജര്‍ ജനറല്‍ സാഹിബ്‌സാദ യഅ്ഖൂബ് ഖാന്റെ കീഴിലുള്ള പാക്കിസ്ഥാന്‍ സൈനിക ഡിവിഷനെതിരെയാണ് അദ്ദേഹം പോരാടിയത്. മരണാനന്തര ബഹുമതിയായാണ് അദ്ദേഹത്തിന് വീരചക്രം സമ്മാനിക്കപ്പെട്ടത്.
1971ലും കാര്‍ഗില്‍ യുദ്ധത്തിലുമൊക്കെ മുസ്‌ലിം പടയാളികള്‍ ഇന്ത്യക്കുവേണ്ടി പോരാടിയിട്ടുണ്ട്. ആറു സൈനിക കമാണ്ടര്‍മാരും നിരവധി ജനറല്‍മാരും മുസ്‌ലിം സമുദായത്തില്‍നിന്ന് ഉണ്ടായിട്ടുണ്ടെന്നും ലേഖനം അടിവരയിടുന്നു. പൂര്‍ണമായും ഹിന്ദു റെജിമെന്റായ ഉത്തരാഖണ്ഡിലെ ഗര്‍വാള്‍ റൈഫിള്‍സിനൊപ്പമാണ് താന്‍ സേവനമനുഷ്ഠിച്ചതെന്നും സയ്യിദ് അതാ ഹസ്‌നൈന്‍ വ്യക്തമാക്കുന്നുണ്ട്.
മുസ്‌ലിം സൈനികര്‍ക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണത്തിന്റെ യാഥാര്‍ഥ്യം വ്യക്തമാക്കി ബി.ബി.സി ന്യൂസിന്റെ ഹിന്ദി വെബ്‌സൈറ്റും ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 17ന് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. മുസ്‌ലിം റെജിമെന്റ് എന്ന പേരില്‍ ഒരു റെജിമെന്റും ഇന്ത്യന്‍ സൈന്യത്തില്‍ ഉണ്ടായിരുന്നില്ലെന്ന് മേജര്‍ ജനറല്‍ (റിട്ട) ശശി അസ്താനയുടെ ഉദ്ധരണിയും റിപ്പോര്‍ട്ടിലുണ്ട്.
ഐ.എ.എസ്, ഐ.പി.എസ് പദവികളില്‍ ഇരിക്കുന്ന മുസ്‌ലിംകളുടെ കൂറ് ചോദ്യം ചെയ്ത് സുദര്‍ശന്‍ ടിവി എന്ന സംഘ്പരിവാര്‍ അനുകൂല ചാനല്‍ പടച്ചുവിട്ട നുണ ഏറ്റുപിടിച്ചവര്‍ തങ്ങളുടെ വര്‍ഗീയ പ്രചാരണങ്ങള്‍ക്ക് കോപ്പുകൂട്ടാന്‍ ‘മുസ്‌ലിം റെജിമെന്റ്’ എന്ന ഇല്ലാക്കഥകള്‍ വ്യാപകമായി സമൂഹ മാധ്യമങ്ങളില്‍ അലക്കിത്തുടങ്ങിയിട്ടുണ്ട്. ഫാന്‍സ് യതി എന്നപേരിലുള്ള ട്വിറ്റര്‍ ഹാന്‍ഡില്‍ വഴിയാണ് ഇത് ആരഭിച്ചത്. പിന്നീട് വര്‍ഗീയത തുളുമ്പുന്ന കമന്റുകളോടെ ധാരാളമായി ഇത് റീട്വീറ്റ് ചെയ്യപ്പെട്ടു.
സംഘ്പരിവാറുകാര്‍ അനുകൂല സോഷ്യല്‍ മീഡിയ എക്കൗണ്ടുകള്‍ വഴി ഇവ വ്യാപകമായി പ്രചരിപ്പിച്ച് ഇന്ത്യന്‍ മുസ്‌ലിംകളുടെ ദേശക്കൂറ് ചോദ്യം ചെയ്യാന്‍ തുടങ്ങിയതോടെയാണ് സുരക്ഷാസേനയിലെ മുസ്ലിം സൈനികരെക്കുറിച്ച് നടക്കുന്ന വിദ്വേഷപ്രചാരണം തടയണമെന്നാവശ്യപ്പെട്ട് വിരമിച്ച 120ലേറെ സൈനിക ഉദ്യോഗസ്ഥര്‍ രംഗത്തുവന്നത്. മുസ്ലിം സൈനികരെപറ്റി വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും രാഷ്ട്രപതി രാം നാഥ് കോവിന്ദിനും ഇവര്‍ കത്തയച്ചു.
സോഷ്യല്‍ മീഡിയയിലൂടെ ഇത്തരം പ്രചരണങ്ങള്‍ സജീവമായി നടക്കുന്നുണ്ടെന്നും കത്തില്‍ പറയുന്നു. നാവിക സേനയുടെ മുന്‍ ചീഫ് അഡ്മിറല്‍ എല്‍. രാംദാസ് ഉള്‍പ്പടെ കര, വ്യോമ, നാവിക സേനകളിലെ മുന്‍ ഓഫീസര്‍മാര്‍ കത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഒപ്പുവെച്ചിട്ടുണ്ട്.
സൈന്യത്തെപ്പോലും വര്‍ഗീയ താല്‍പര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നതിലെ അപകടം തിരിച്ചറിഞ്ഞ് പ്രതികരിക്കാന്‍ മുമ്പും മുന്‍ സൈനിക ഉദ്യോഗസ്ഥര്‍ രംഗത്തുവന്നിരുന്നു. വിവേചനപൂര്‍ണമായ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ പ്രസ്താവനയിറക്കിയ സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ നടപടി അനുചിതമായിപ്പോയെന്ന് അവര്‍ തുറന്നടിച്ചിരുന്നു. റാവത്ത് പരിധി ലംഘിച്ചുവെന്നാണ് മുന്‍ സൈനിക ഓഫീസര്‍മാര്‍ കുറ്റപ്പെടുത്തിയത്.
1857ലെ ശിപായി ലഹളയെ തുടര്‍ന്നാണ് ജാതിയുടെയും പ്രദേശങ്ങളുടെയും അടിസ്ഥാനത്തില്‍ ഇന്ത്യന്‍ സൈന്യത്തില്‍ റിക്രൂട്ട്‌മെന്റിന് ബ്രിട്ടീഷ് സര്‍ക്കാര്‍ ശ്രമങ്ങള്‍ തുടങ്ങിയത്. ഇതിനായി ജോനാതന്‍ പീലിന്റെ നേതൃത്വത്തില്‍ കമ്മീഷനെ നിയമിച്ചു. ശിപായി ലഹളക്കു പിന്നില്‍ ഇന്ത്യയുടെ കിഴക്കും തെക്കും ഭാഗത്തുള്ളവര്‍ ആയതിനാല്‍ ഇവരെ സൈന്യത്തില്‍ ഉള്‍പ്പെടുത്താതിരിക്കുകയെന്ന നയമാണ് ബ്രിട്ടീഷ് ഭരണകൂടം ആദ്യം സ്വീകരിച്ചത്. അങ്ങനെ റിക്രൂട്ട്‌മെന്റ് ഉത്തരേന്ത്യയില്‍ ഒതുങ്ങി.
ബ്രിട്ടീഷുകാര്‍ നാടുനീങ്ങിയിട്ടും ജാതി, പ്രദേശം തുടങ്ങിയവയെ അടിസ്ഥാനമാക്കിയുള്ള റിക്രൂട്ട്‌മെന്റ് സ്വതന്ത്ര ഇന്ത്യ തുടര്‍ന്നുപോന്നു. 1903ല്‍ല്‍ നിലവില്‍വന്ന ഒന്നും മൂന്നും വിഭാഗം ബ്രാഹ്മണ (ഗൗര്‍) ഇന്‍ഫന്റ്‌റി, രണ്ടാം ലോകയുദ്ധവേളയില്‍ രൂപം കൊടുത്ത ചാമാര്‍ റെജിമെന്റ് തുടങ്ങിയവ ജാതിയടിസ്ഥാനത്തില്‍ രൂപംകൊണ്ടതാണ്. 1941ല്‍ ലിംഗായതുകളുടെ റെജിമെന്റും നിലവില്‍ വരികയുണ്ടായി. ഇവയൊക്കെ പിന്നീട് പിരിച്ചുവിടപ്പെട്ടു. ജാതി അടിസ്ഥാനത്തിലുള്ള 26 റെജിമെന്റുകള്‍ ഇന്ത്യന്‍ സൈന്യത്തിലുണ്ട്. പഞ്ചാബ്, മദ്രാസ്, മറാത്ത, ജാട്ട്, രജ്പുത്, രജ്പുതാന, സിഖ്, നാഗ റെജിമെന്റുകള്‍ ഉദാഹരണം. രാജ്പുത് റെജിമെന്റില്‍ രജപുത്രരും ഗുജാറുകളും മുസ്‌ലിംകളുമുണ്ട്.
സൈനിക രഹസ്യങ്ങള്‍ പാക്കിസ്ഥാന് ചോര്‍ത്തി നല്‍കിയതിന്റെ പേരില്‍ അറസ്റ്റിലായവരില്‍ ഒട്ടുമിക്കവരും ഭൂരിപക്ഷ സമുദായത്തില്‍പെട്ടവരാണ് എന്നതാണ് വാസ്തവം. പാക്കിസ്ഥാന് നാവികരഹസ്യങ്ങള്‍ ചോര്‍ത്തിനല്‍കിയതിന് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ അറസ്റ്റിലായ 13 പേരും ഭൂരിപക്ഷ സമുദായത്തില്‍പെട്ടവരായിരുന്നു.
ഇസ്‌ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ പ്രവര്‍ത്തിച്ച മാധുരി ഗുപ്തയാണ് പാക്കിസ്ഥാന്‍ ചാര സംഘടനയായ ഐ.എസ്.ഐക്ക് രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് മൂന്നുവര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടത്.
ഹിസ്ബുല്‍ മുജാഹിദീന്‍ തീവ്രവാദികളെ സഹായിച്ചതിന് കയ്യോടെ പിടികൂടപ്പെട്ട മുന്‍ ജമ്മു കശ്മീര്‍ ഡി.എസ്.പി ദേവീന്ദര്‍ സിംഗിന്റെ ദേശദ്രോഹത്തെപ്പറ്റി ഒരു ട്വീറ്റ് പോലും സംഘ്പരിവാറുകാരുടെ എക്കൗണ്ടില്‍നിന്ന് കാണില്ല. ഇയാള്‍ക്ക് ദല്‍ഹി കോടതി ജാമ്യം അനുവദിച്ചപ്പോള്‍ അവര്‍ ഉള്ളാലെ സന്തോഷിക്കുകയായിരുന്നു.
Content Highlight: Sangh Parivar fake Propaganda on Muslim Regiment On Indian Army
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ