| Friday, 19th October 2018, 10:49 pm

സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന ആ ചിത്രവും വ്യാജം; യെച്ചൂരിയോടൊപ്പമുള്ളത് സുഹാസിനിയല്ല, സാമൂഹ്യ പ്രവര്‍ത്തക ടീസ്റ്റ സെറ്റല്‍വാദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സി.പി.ഐ.എം സെക്രട്ടറി സീതാറാം യെച്ചൂരിയും ന്യൂയോര്‍ക്ക് ടൈംസ് പത്രപ്രവര്‍ത്തക സുഹാസിനിയും ഒരുമിച്ച് നില്‍ക്കുന്നതെന്ന രീതിയില്‍ സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ പ്രചരിക്കുന്ന ചിത്രം വ്യാജം. സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ സി.പി.ഐ.എമ്മിനെ വിമര്‍ശിച്ചു കൊണ്ട് പ്രചരിക്കുന്ന ചിത്രത്തില്‍ യഥാര്‍ത്ഥത്തിലുള്ളത് സാമൂഹ്യ പ്രവര്‍ത്തക ടീസ്റ്റ സെറ്റല്‍വാദ്.

സി.പി.ഐ.എം ഹിന്ദു വിരോധികള്‍ ആണെന്നും ഭക്തന്മാരുടെ വികാരം മാനിക്കാതെ അവര്‍ മനപ്പൂര്‍വം ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നുമുള്ള രീതിയിലാണ് ഫോട്ടോ പ്രചരിപ്പിക്കുന്നത്.

എന്നാല്‍, 2015 ആഗസ്റ്റ് മൂന്നിന് മുംബൈയിലെ ആസാദ് മൈതാനിയില്‍ നടന്ന പൊതു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ടീസ്റ്റ അതേ പരിപാടിയില്‍ പങ്കെടുക്കാന്‍ വന്ന യെച്ചുരിക്കൊപ്പം അന്നെടുത്ത ചിത്രമാണ് യെച്ചൂരിയും സുഹാസിനിയുമാണെന്ന വ്യാജേന സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.


ബി.ജെ.പി ഭരണത്തിലെ അഴിമതിയേയും പ്രധാനമന്ത്രി നരേന്ദ്രമോദി പാലിക്കുന്ന മൗനത്തേയും അന്നത്തെ പരിപാടിയില്‍ യെച്ചൂരി വിമര്‍ശിച്ചിരുന്നു. നരേന്ദ്രമോദിയെ ഇനി മുതല്‍ മൗനേന്ദ്രമോദി എന്ന് വിളിക്കേണ്ടി വരുമെന്നും യെച്ചുരി അന്ന് പറഞ്ഞിരുന്നു.

മന്‍മോഹന്‍സിങ് സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളേക്കാള്‍ മോശമാണ് നരേന്ദ്രമോദിയുടെ നയങ്ങള്‍ എന്നും കര്‍ഷകരേയും ദരിദ്രരേയും മോദി മാനിക്കാറില്ലെന്നും അന്ന് യെച്ചൂരി പ്രതികരിച്ചിരുന്നു. അന്നത്തെ ഭരണ കാര്യങ്ങളെ കുറിച്ചുള്ള വ്യാകുലതകള്‍ ടീസ്റ്റയും വേദിയില്‍ പങ്കുവെച്ചിരുന്നു.

ശബരിമലയിലെ സ്ത്രീപ്രവേശന വിധിക്ക് ശേഷം കഴിഞ്ഞ ദിവസം പമ്പയിലെത്തിയ ന്യുയോര്‍ക്ക് ടൈംസ് പത്രപ്രവര്‍ത്തക സുഹാസിനിയെ ഒരു സംഘം പ്രവര്‍ത്തകര്‍ മരക്കൂട്ടത്ത് വച്ച് തടഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് അവര്‍യാത്ര അവസാനിപ്പിക്കുകയായിരുന്നു.

അതേസമയം, നിലയ്ക്കലില്‍ അയ്യപ്പ ഭക്തയായ സ്ത്രീയെ പൊലീസ് അക്രമിച്ചു എന്ന സംഘപരിവാറിന്റെ പ്രചരണവും വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. അയ്യപ്പഭക്തയെ പോലും വെറുതെ വിടാത്ത പിണറായിയുടെ പൊലീസ് എന്ന തലക്കെട്ടോടെ ജനം ടി.വിയും സംഘപരിവാര്‍ അനുകൂലികളും സോഷ്യല്‍ മീഡിയയിലടക്കം വ്യാപക പ്രചരണമാണ് നടത്തിയത്.


എന്നാല്‍, സമരക്കാരില്‍ നിന്നാണ് സ്ത്രീയ്ക്ക് പരിക്കേറ്റതെന്ന് വ്യക്തമാകുന്ന വീഡിയോ പുറത്ത് വന്നതോടെയാണ് സംഘപരിവാറിന്റെ പ്രചരണം പൊളിഞ്ഞത്. അയ്യപ്പ ഭക്തയെന്ന് പ്രചരിപ്പിച്ച സ്ത്രീ ശബരിമലയില്‍ ഡ്യൂട്ടിക്കെത്തിയ ഉദ്യോഗസ്ഥയ്ക്കയായിരുന്നു. സ്ത്രീ പരിക്കേറ്റ് നിലത്തു വീഴുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം. തുടര്‍ന്ന് പൊലീസുകാരാണ് സ്ത്രീയെ എടുത്തുകൊണ്ടു പോയത്.

പ്രതിഷേധക്കാര്‍ അക്രമാസക്തരായ സമയത്ത് എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് തെളിയിക്കുന്ന വീഡിയോയാണ് സംഭവം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം പുറത്തുവന്നത്. കഴിഞ്ഞ ദിവസം നടന്ന പ്രചാരണങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്ന വീഡിയോ അതോടെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടിരുന്നു.

We use cookies to give you the best possible experience. Learn more