കണ്ണൂര്‍: ജനതാദള്‍ നേതാവ് അഡ്വ. നിസാര്‍ അഹമ്മദിന്റെ പയ്യാമ്പലത്തെ സ്മൃതി സ്തൂപം തകര്‍ത്ത് സംഘപരിവാര്‍. ശനിയാഴ്ച് അനാഛാദനം നടക്കേണ്ടിയിരുന്ന സ്തൂപമാണ് വെള്ളിയാഴ്ച പുലര്‍ച്ചെ തകര്‍ത്തത്. നാളെ മന്ത്രി മാത്യു ടി തോമസ് ആയിരുന്നു സ്മാരക സ്തൂപം അനാവരണം ചെയ്യേണ്ടിയിരുന്നത്.
പയ്യാമ്പലം കടപ്പുറം ഇനി മുതല്‍ ഹിന്ദുക്കളുടേത് മാത്രം എന്ന് പ്രഖ്യാപിച്ചാണ് നിസാര്‍ അഹമ്മദിന്റെ സ്മാരകം പൊളിച്ചത്. പള്ളിയില്‍ കബറടക്കിയ നിസാര്‍ അഹമ്മദിന് പയ്യാമ്പലത്ത് സ്മാരകം അനുവദിക്കില്ല എന്ന് ഭീഷണി മുഴക്കി സംഘപരിവാര്‍ സംഘടനകള്‍ ഇവിടെ കാവിക്കൊടി നാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് സ്മാരകം തകര്‍ത്തത്.
Read Also : ശബരിമല തീര്‍ത്ഥാടകന്റെ മരണം; പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
സംഭവത്തില്‍ പ്രതിഷേധം അറിയിച്ച് സി.പി.ഐ.എമ്മും ജനതാദള്‍ എസും രംഗത്തെത്തിയിട്ടുണ്ട്. സംഘപരിവാര്‍ ഫാസിസത്തിനെതിരെ ജനങ്ങള്‍ രംഗത്തിറങ്ങണമെന്ന് സി.പി.ഐ.എം ആവശ്യപ്പെട്ടു. പയ്യാമ്പലത്തെ കാവി വല്‍ക്കരിക്കാനുള്ള സംഘപരിവാര്‍ നീക്കം അനുവദിക്കില്ലെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ പറഞ്ഞു.
സ്മാരകം തകര്‍ത്ത സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിനാണ് ജനതാദള്‍ എസ് ദേശീയ നിര്‍വാഹക സമിതി അംഗമായിരുന്ന നിസാര്‍ അഹമ്മദ് അന്തരിച്ചത്.