ഹിന്ദുവിന്റെ മനസ്സില്‍ ഗോഡ്സെ തന്നെയാണ് രാഷ്ട്രപിതാവ്; ഗാന്ധിവധത്തെ ന്യായീകരിച്ച് സംഘപരിവാറിന്റെ സൈബര്‍ മുഖം ലക്ഷ്മി കാനത്ത്
Kerala News
ഹിന്ദുവിന്റെ മനസ്സില്‍ ഗോഡ്സെ തന്നെയാണ് രാഷ്ട്രപിതാവ്; ഗാന്ധിവധത്തെ ന്യായീകരിച്ച് സംഘപരിവാറിന്റെ സൈബര്‍ മുഖം ലക്ഷ്മി കാനത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 25th August 2018, 1:58 pm

കോഴിക്കോട്: ആത്മാഭിമാനം ഉള്ള ഓരോ ഹിന്ദുവിന്റെയും മനസ്സില്‍ സ്വകാര്യമായി ഗോഡ്സയെ തന്നെയാണ് രാഷ്ട്രപിതാവായി പ്രതിഷ്ഠിച്ചിരിക്കുന്നതെന്ന് സംഘപരിവാറിന്റെ സൈബര്‍ മുഖമായ ലക്ഷ്മി കാനത്ത്. ഗോഡ്‌സയെ കണ്ണുനീര്‍ പൊടിയാതെ ഓര്‍ക്കാന്‍ സാധിക്കില്ലെന്നും ഈ രാജ്യത്തിന്റെ നന്മ മാത്രം ആഗ്രഹിച്ച, ഭാരതം കണ്ട ഏറ്റവും വലിയ ആത്മാഭിമാനമുള്ള രാജ്യസ്‌നേഹി ആയി മാത്രമേ അദ്ദേഹത്തെ കണക്കാക്കാന്‍ സാധിക്കൂവെന്നും ലക്ഷ്മി ഫേസ്ബുക്കിലിട്ട കുറിപ്പില്‍ പറയുന്നു.

ഗോഡ്‌സയ്ക്ക് മുമ്പ് ജനിച്ചിരുന്നെങ്കില്‍ ഗാന്ധിയെ തന്റെ കൈകള്‍ കൊണ്ട് തന്നെ കൊല്ലുമായിരുന്നുവെന്ന ഹിന്ദുമഹാസഭാ നേതാവിന്റെ വാര്‍ത്ത പങ്കുവെച്ചുകൊണ്ടുള്ള കുറിപ്പില്‍ ആരും ആഗ്രഹിച്ചു പോകുന്നതേ ഹിന്ദു മഹാസഭയും ആഗ്രഹിച്ചിട്ടുള്ളൂവെന്നും സ്വന്തം രാജ്യത്തു നിന്നും കണ്ട മതതീവ്രവാദികള്‍ക്ക് വേണ്ടി അങ്ങോട്ടും ഇങ്ങോട്ടും പലായനം ചെയ്യേണ്ടി വന്ന ഓരോ ഹിന്ദുവും അവരുടെ പിന്‍തലമുറക്കാരും സമ്മതിക്കുമെന്നും പറയുന്നു.


Read Also : ഗോഡ്‌സെയ്ക്ക് മുമ്പ് ജനിച്ചിരുന്നെങ്കില്‍ ഗാന്ധിജിയിയെ വെടിവെച്ചു കൊല്ലുമായിരുന്നു: ഹിന്ദുമഹാസഭാ നേതാവ്


 

“രാജ്യം വിഭജിക്കാന്‍ അന്ന് മതതീവ്രവാദി, വിഘടനവാദികള്‍ ആവശ്യപ്പെട്ടപ്പോള്‍ ഇന്നത്തെപ്പോലെ ആത്മാഭിമാനം ഉള്ള നട്ടെല്ലുള്ള ഹൈന്ദവ കേസരികള്‍ ആയിരുന്നു അന്ന് രാജ്യം ഭരിച്ചിരുന്നത് എങ്കില്‍ മ്യാന്മാര്‍ ചെയ്ത പോലെ അവറ്റകളുടെ പൗരത്വം തന്നെ ഇല്ലാതെയാക്കി ഈ ഹിന്ദുസ്ഥാനില്‍ വെറും അഭയാര്‍ത്ഥികള്‍ ആയി മാത്രം നിയമം അനുസരിച്ചു തുടരാന്‍ അനുവദിക്കേണ്ടതായിരുന്നു. എങ്കില്‍ പിന്നീടൊരിക്കലും തീവ്രവാദികള്‍ തനിക്കൊണം കാണിക്കാന്‍ ഇവിടെ കിടന്നു നിഗളിക്കില്ലായിരുന്നു”. കുറിപ്പില്‍ പറയുന്നു.

ഗോഡ്‌സയെ വിചാരണ ചെയ്തപ്പോള്‍ കോടതിയില്‍ ഉണ്ടായിരുന്നവര്‍ എല്ലാം കണ്ണ് തുടയ്ക്കുകയും, വിചാരണ ചെയ്ത ന്യായാധിപന്‍ പോലും പറഞ്ഞത് ഈ രാജ്യത്തെ ജനങ്ങള്‍ ആയിരുന്നു ഗോഡ്സെയെ വിചാരണ ചെയ്തിരുന്നത് എങ്കില്‍ അവര്‍ അദ്ദേഹത്തെ ശിക്ഷിക്കാതെ വെറുതേ വിടുമായിരുന്നു എന്നാണെന്നും കുറിപ്പില്‍ പറയുന്നു.

” ആത്മാഭിമാനം ഉള്ള ഓരോ ഹിന്ദുവിന്റെയും മനസ്സില്‍ സ്വകാര്യം ആയിട്ട് ഗോഡ്സെയെ തന്നെയാണ് രാഷ്ട്രപിതാവായി പ്രതിഷ്ഠിച്ചിരിക്കുന്നത് എന്ന് ഒരു രഹസ്യ സര്‍വേ നടത്തിയാല്‍ അറിയാന്‍ പറ്റും. മേ ഇറ്റ് പ്ലീസ് യുവര്‍ ഓണര്‍ എന്ന അദ്ദേഹത്തിന്റെ വിചാരണയെ കുറിച്ചും വിചാരവേളയിലെ കോടതി പരാമര്‍ശങ്ങളെ കുറിച്ചും അന്നവിടെ കൂടിയ ജനങ്ങളുടെ കണ്ണുനീരിനെക്കുറിച്ചും ഗോഡ്സെ നടത്തിയ ഹൃദയസ്പര്‍ശിയായ വിശദീകരണത്തെക്കുറിച്ചും ഒരിക്കല്‍ വായിച്ചവര്‍ക്ക് ഹിന്ദുമഹാസഭയുടെ ഈ നിലപാടിനെ അംഗീകരിക്കാതിരിക്കാന്‍ സാധിക്കില്ല. സത്യം പലപ്പോഴും അപ്രിയം ആണ് വിരൂപമാണ്. കയ്പുള്ളതുമാണ്. അതുകൊണ്ടു തന്നെ അതിനെ കാണുമ്പോള്‍ ചുവപ്പു കണ്ട കാളയെപ്പോലെ ഹാലിളകുന്നവര്‍ ചീറിപ്പാഞ്ഞു വരും അത് സ്വാഭാവികമാണ്” ലക്ഷമി പറയുന്നു.