| Saturday, 16th December 2023, 9:19 am

ത്രിപുരയില്‍ മുസ്‌ലിം പള്ളി ജഗന്നാഥ ക്ഷേത്രമാണെന്ന് അവകാശപ്പെട്ട് സംഘപരിവാര്‍; പള്ളിപൂട്ടി മുദ്രവെച്ച് ബി.ജെ.പി സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഗര്‍ത്തല: ഗ്യാന്‍വ്യാപി മസ്ജിദ്, മധുര ഈദ്ഗാഹ് മസജിദ് എന്നിവക്ക് പിന്നാലെ ത്രിപുരയിലും മുസ്‌ലിം ആരാധനാലയത്തിന്‍മേല്‍ അവകാശവാദമുന്നയിച്ച് സംഘപരിവാര്‍. ദക്ഷിണ ത്രിപുരയിലെ രാജ്‌നഗര്‍ നിയമസഭ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ചന്ദ്രപൂര്‍-ദിമാദലി മേഖലയിലുള്ള ഒരു മുസ്‌ലിം പള്ളിക്കുമേലാണ് ഇപ്പോള്‍ പുതിയ അവകാശ വാദം.

വി.എച്ച്.പി, ബജ്‌റംഗദള്‍ എന്നീ സംഘപരിവാര്‍ സംഘടനകളാണ് പുതിയ അവകാശ വാദവുമായി രംഗത്തെത്തിയിട്ടുള്ളത്. പള്ളി ജഗന്നാഥ ക്ഷേത്രമായിരുന്നു എന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. പതിറ്റാണ്ടുകളായി പ്രദേശത്തെ ഇസ്‌ലാം മത വിശ്വാസികള്‍ പ്രാര്‍ത്ഥനക്ക് ഉപയോഗിക്കുന്ന കേന്ദ്രമാണിത്.

2018ല്‍ ത്രിപുരയില്‍ ബി.ജെ.പി അധികാരത്തില്‍ വന്നതിന് പിന്നാലെയാണ് സംഘപരിവാര്‍ സംഘടനകള്‍ പുതിയ അവകാശവാദവുമായി രംഗത്ത് വന്നത്. ഈ മാസം പള്ളിയുടെ മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന പള്ളിയുടെ വാര്‍ഷികാഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ സജീവമായതോടെ തര്‍ക്കം മുറുകുകയായിരുന്നു. ഇതോടെ സുരക്ഷ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പൊലീസ് പള്ളിപൂട്ടി മുദ്രവെച്ചു. നിലവില്‍ പൊലീസ് പള്ളിപൂട്ടിയതോടെ പ്രാര്‍ത്ഥനയും മറ്റു ആരാധനകളും മുടങ്ങിയിരിക്കുകയാണ്.

രാജ്യത്ത് ആരാധനാലയങ്ങളുടെ പേരില്‍ തീവ്രഹിന്ദുത്വ സംഘടനകള്‍ ആസൂത്രിതമായി സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് സി.പി.ഐ.എം ത്രിപുര സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി പറഞ്ഞു.

ഗ്യാന്‍വ്യാപി മസ്ജിദ്

അതേസമയം സമാന രീതിയില്‍ സംഘപരിവാര്‍ അവകാശവാദമുന്നയിച്ച ഉത്തര്‍പ്രദേശിലെ കാശി ഗ്യാന്‍വ്യാപി മസ്ജിദിലും മഥുര ഇദ്ഗാഹ് മസ്ജിദിലും പരിശോധന നടത്താന്‍ കോടതിയില്‍ നിന്നും വിധി വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ത്രിപുരയിലും പള്ളി ക്ഷേത്രമായിരുന്നു എന്ന് അവകാശപ്പെട്ട് വി.എച്ച്.പി അടക്കമുള്ള സംഘങ്ങള്‍ രംഗത്തെത്തിയത്.

CONTENT HIGHLIGHTS: Sangh Parivar Claims Muslim Masjid as Jagannath Temple in Tripura; The BJP government sealed the church

We use cookies to give you the best possible experience. Learn more