കര്‍ണാടകയിലെ ഹിന്ദു-മുസ്‌ലിം പെണ്‍കുട്ടികളുടെ കൊലപാതകം; ഹിന്ദു പെണ്‍കുട്ടിയുടെ കൊലപാതകത്തില്‍ മതം കലര്‍ത്തി രാഷ്ട്രീയ ആയുധമാക്കി സംഘപരിവാര്‍
national news
കര്‍ണാടകയിലെ ഹിന്ദു-മുസ്‌ലിം പെണ്‍കുട്ടികളുടെ കൊലപാതകം; ഹിന്ദു പെണ്‍കുട്ടിയുടെ കൊലപാതകത്തില്‍ മതം കലര്‍ത്തി രാഷ്ട്രീയ ആയുധമാക്കി സംഘപരിവാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 20th April 2024, 4:48 pm

ബെംഗളൂരു: കര്‍ണാടകയില്‍ അടുത്തിടെ ഉണ്ടായ കൊലപാതകങ്ങളെ രാഷ്ട്രീയ ആയുധമാക്കി സംഘപരിവാര്‍ കേന്ദ്രങ്ങള്‍. സംസ്ഥാനത്ത് നടന്ന രണ്ട് പെണ്‍കുട്ടികളുടെ കൊലപാതകങ്ങളില്‍ ഒന്ന് മാത്രമാണ് സമൂഹ മാധ്യമങ്ങളിലും പൊതു ഇടങ്ങളിലും സംഘപരിവാര്‍ ചര്‍ച്ചയാക്കുന്നത്. ഇതിനെതിരെ വ്യാപക വിമര്‍ശനമാണ് നിലവില്‍ ഉയരുന്നത്.

ബി.വി.ബി കോളേജിലെ എം.സി.എ വിദ്യാര്‍ത്ഥിനിയായ നേഹയെ പ്രണയം നിരസിച്ചതിന്റെ പേരില്‍ സുഹൃത്തായ ഫയാസ് കുത്തി കൊലപ്പെടുത്തുകയായിരുന്നു. മറുവശത്ത് വിവാഹം ചെയ്യുമെന്ന് വാഗ്ദാനം നല്‍കി റുക്സാന എന്ന പെണ്‍കുട്ടിയുമായി പ്രതീപ് എന്നയാള്‍ അടുപ്പത്തിലായി. തുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടി വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ പ്രതിയായ പ്രതീപ് റുക്സാനയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചുകളയുകയുമായിരുന്നു.

എന്നാല്‍ ഈ രണ്ട് കൊലപാതകങ്ങളില്‍ ചര്‍ച്ചയാവുന്നത് നേഹയുടെ മരണം മാത്രമാണ്. ഇതിന് പിന്നിലെ കാരണം പ്രതിയായ ഫയാസ് മുസ്‌ലിം ആണെന്നതാണ്. റുക്സാനയുടെ കൊലപാതകം ചര്‍ച്ച ആവാതെ പോകുന്നതിന് പിന്നില്‍ പ്രതി ഹിന്ദുവാണെന്നതും. രണ്ട് മരണങ്ങള്‍ക്കും കാരണമായിരിക്കുന്നത് ജാതി വെറിയോ വിവേചനമോ അല്ല എന്നതും മറ്റൊരു വസ്തുതയാണ്.

സമൂഹ മാധ്യമങ്ങള്‍ നീതി തേടുന്നതും നേഹയ്ക്ക് വേണ്ടി മാത്രം. ഹിന്ദുവിനാല്‍ കൊല്ലപ്പെട്ടതിനാല്‍ നീതി നിഷേധിക്കപ്പെടുന്നത് റുക്സാനയ്ക്കും. വിവാദ സിനിമ ദി കേരള സ്റ്റോറി ഒരു മിത്തല്ലെന്ന പ്രചരണത്തോടെയാണ് നേഹയുടെ കൊലപാതകം സോഷ്യല്‍ മീഡിയ ചര്‍ച്ചയാക്കുന്നത്.

അതേസമയം മുന്‍നിര മാധ്യമങ്ങളും പിന്തുടരുന്നത് നേഹയുടെ മരണത്തെ മാത്രമാണെന്നത് ഒരു വിരോധാഭാസമാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. വിഷയം ചര്‍ച്ചയാക്കുന്നവരില്‍ ഭൂരിഭാഗവും മുസ്‌ലിം സമുദായത്തെ മാത്രം വിചാരണ ചെയ്യുന്നു. ഒരാളും ഹിന്ദു വിഭാഗക്കാരനായ പ്രതിയേയും അയാളുടെ കുടുംബ പാരമ്പര്യങ്ങളെയോ കുറ്റപ്പെടുത്തുന്നില്ല.

ഇവിടെ ഇരയാക്കപ്പെട്ടവര്‍ക്ക് വേണ്ടിയാണ് ഒരു വിഭാഗം ആളുകള്‍ ശബ്ദമുയര്‍ത്തുന്നതെന്ന് ചിന്തിക്കാന്‍ കഴിയില്ല. എന്നാല്‍ എതിര്‍വശത്ത് ഒരു സമുദായത്തെയോ മതത്തെയോ കുറ്റത്തില്‍ നിന്ന് സംരക്ഷിക്കാന്‍ വേണ്ടിയാണ് സോഷ്യല്‍ മീഡിയ ഹാഷ്ടാഗുകള്‍ ഉയരുന്നതെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

ഒരു വിഭാഗത്തില്‍ പെടുന്ന പ്രതിയെ സംരക്ഷിക്കാന്‍ രാജ്യത്തെ സംഘപരിവാര്‍ കേന്ദ്രങ്ങളുടെ ഐ.ടി സെല്ലുകള്‍ സംഘമായി പ്രവര്‍ത്തിക്കുന്നുവെന്നാണ് സംഭവത്തില്‍ ഉയരുന്ന മറ്റൊരു വിമര്‍ശനം.

Content Highlight: Sanghparivar centers with fake propaganda on recent murders in Karnataka