വാഗണ്‍ കൂട്ടക്കൊലയുടെ ഓര്‍മകളെ ഭയക്കുന്ന സംഘപരിവാര്‍
ഷഫീഖ് താമരശ്ശേരി

തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെ പ്രവേശന കവാടത്തോട് ചേര്‍ന്നുള്ള പ്രധാന ചുമരില്‍ ഏതാനും ദിവസങ്ങള്‍ മുമ്പ് വരെ ഉണ്ടായിരുന്ന വാഗണ്‍ കൂട്ടക്കൊലയുടെ സ്മരണചിത്രം അധികാരത്തിലിരിക്കുന്ന സംഘപരിവാറിന്റെ സമ്മര്‍ദങ്ങളെയും എതിര്‍പ്പുകളെയും തുടര്‍ന്ന് പാലക്കാട് റെയില്‍വേ ഡിവിഷന്‍ മായ്ച്ചുകളഞ്ഞിരിക്കയാണ്.

വസ്തുതകളെ തങ്ങള്‍ക്കനുകൂലമായി വളച്ചൊടിച്ചും നുണകളെഴുതിപ്പിടിപ്പിച്ചും തങ്ങളുടെ രാഷ്ട്രീയത്തിന് വിരുദ്ധമായവയെ മായ്ച്ചുകളഞ്ഞും ചരിത്രത്തെ പുനര്‍നിര്‍മിക്കുന്ന സംഘപരിവാറിന്റെ സാസ്‌കാരിക അജണ്ഡകള്‍ക്ക് നമ്മുടെ രാജ്യം പല തവണ സാക്ഷ്യം വഹിച്ചിട്ടുണ്ട്.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലകളിലൊന്നായ വാഗണ്‍ ട്രാജഡിയുടെ ഓര്‍മകളെയാണ് സംഘപരിവാര്‍ ഇപ്പോള്‍ ലക്ഷ്യം വെച്ചിരിക്കുന്നത്.

97 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏറ്റവും ക്രൂരമായ അദ്ധ്യായങ്ങളിലൊന്നായ വാഗണ്‍ കൂട്ടക്കൊല അരങ്ങേറിയത്. സാമ്രാജ്യത്വത്തിനെതിരായി കേരളത്തില്‍ നടന്ന കര്‍ഷക കലാപങ്ങളുടെ മുഖ്യ ഏടുകളിലൊന്നായ മലബാര്‍ കലാപത്തിന്റെ ഓര്‍മകളെയാണ് സംഘപരിവാര്‍ ഈ രീതിയില്‍ ഭയക്കുന്നത്. 1921 നവംബര്‍ 20 ന് രാജ്യത്തിന്റെ തെക്കേയറ്റത്ത്് 64 പേര്‍ അടച്ചിട്ട തീവണ്ടി വാഗണില്‍ ശ്വാസം കിട്ടാതെ പിടഞ്ഞു മരിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ജാലിയന്‍ വാലാബാഗ് കഴിഞ്ഞാല്‍ ഏറ്റവും വലിയ കൂട്ടക്കൊല.

ബ്രിട്ടീഷ് ഭരണത്തിന് കീഴില്‍ ജീവിതം ദുസ്സഹമായ സാഹചര്യത്തില്‍ കര്‍ഷകരും കൂലിപ്പണിക്കാരുമായിരുന്ന മലബാറിലെ മാപ്പിളമാര്‍ ആരംഭിച്ച ചെറുത്തുനില്‍പ്പുകള്‍ പിന്നീട് ഇന്ത്യന്‍ ദേശീയ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഒഴിച്ചുകൂടാനാവാത്ത അധ്യായങ്ങളിലൊന്നായി മാറുകയായിരുന്നു. ഏറനാട്ടെയും വള്ളുവനാട്ടെയും ഗ്രാമങ്ങളില്‍ മാസങ്ങളോളം കൊളോണിയല്‍ ഭരണത്തെ നിര്‍വീര്യമാക്കുവാന്‍ പോലും ഈ പ്രക്ഷോഭങ്ങള്‍ക്ക് സാധിച്ചു. സര്‍വ്വസന്നാഹങ്ങളുമുപയോഗിച്ച് പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ച ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ഏറ്റവും ക്രൂരമായ ചെയ്തികളിലൊന്നായിരുന്നു വാഗണ്‍ കൂട്ടക്കൊല. ബ്രിട്ടീഷ് പട്ടാളം അറസ്റ്റ് ചെയ്ത 70 ഓളം സമരക്കാരെ കോയമ്പത്തൂരിലെത്തിക്കുന്നതിനായി 1921 നവംബര്‍ 19 ന് തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും റെയില്‍വേയുടെ ഗുഡ്സ് വാഗണില്‍ കുത്തിനിറച്ചു. വാഗണ്‍ പോത്തന്നൂരിലെത്തിയപ്പോഴേക്കും 64 പേര്‍ ശ്വാസം കിട്ടാതെ പിടഞ്ഞുമരിക്കുക്കുകയായിരുന്നു.

സാമ്രാജ്യത്വ ഭരണത്തിനെതിരെ മലബാറിലെ മുസ്ലിങ്ങളും ഹിന്ദുക്കളും കൈകോര്‍ത്ത് നടത്തിയ ഈ സമരത്തെ തകര്‍ക്കാന്‍ ബ്രിട്ടീഷുകാര്‍ സ്വീകരിച്ച മാര്‍ഗം ഇരു വിഭാഗങ്ങളെയും തമ്മിലടിപ്പിക്കുക എന്നതായിരുന്നു. ബ്രിട്ടീഷുകാരുടെ ഒറ്റുകാരായി പ്രവര്‍ത്തിച്ച ജന്മി നാടുവാഴികള്‍ക്കെതിരെ മാപ്പിളമാര്‍ നടത്തിയ ആക്രമണങ്ങളെയാണ് ഹിന്ദുക്കള്‍ക്കെതിരായ കലാപമായി അവര്‍ മുദ്ര കുത്തിയത്. വൈദേശികാധിപത്യത്തിനെതിരെ സമാനതകളില്ലാത്ത സമരം നടത്തി ജീവത്യാഗം വരിച്ച ഒരു ജനതയുടെ ജീവിത സമരത്തെ മാപ്പിള ലഹള എന്ന പരിഹാസത്തിലൂടെ വിശേഷിപ്പിച്ച കൊളോണിയല്‍ ഭരണകൂടത്തിന്റെ യുക്തി തന്നെയാണ് വര്‍ഷങ്ങള്‍ക്കിപ്പുറം സംഘപരിവാര്‍ ഭരണകൂടവും പിന്തുടരുന്നത്.

ഷഫീഖ് താമരശ്ശേരി
മാധ്യമപ്രവര്‍ത്തകന്‍