അഗര്‍ത്തല: കേരളത്തിനായി ഫണ്ട് സ്വരൂപിക്കാന്‍ ഇറങ്ങിയതിന് ത്രിപുര മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാരിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചരണം. മണിക് സർക്കാർ പിടിച്ചു പറിക്കാരനാണെന്ന് പറഞ്ഞാണ് സംഘപരിവാർ സംഘടനകൾ പ്രചരണം നടത്തുന്നത്
ഫണ്ട് സ്വരൂപിക്കാന്‍ ഇറങ്ങിയ മണിക് സര്‍ക്കാരിന്റെ ചിത്രം റോസ് വാലി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം കുണ്ടിന്റെ ചിത്രത്തോടൊപ്പം ചേര്‍ത്ത് വെച്ച് എഡിറ്റ് ചെയ്ത ശേഷം അഗര്‍ത്തലയിലെ രണ്ട് കള്ളന്‍മാര്‍ തെരുവില്‍ യാചകരെപ്പോലെ എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ചിത്രത്തിന്റെ അടിക്കുറിപ്പ്.
ഇതിനെതിരെ ത്രിപുര സി.പി.ഐ.എം പാര്‍ട്ടി നേതൃത്വം പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. അനുപം പോള്‍ എന്നയാളാണ് അപകീര്‍ത്തികരമായ പോസ്റ്റ് ഫേസ്ബുക്കിലിട്ടത്. അഭിഭാഷകനായ കൗശിക് റോയ് ദേബര്‍മ്മ ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി.
മണിക് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള സംഘപരിവാര്‍ ശ്രമമാണ് ഉണ്ടായിരിക്കുന്നതെന്ന് സി.പി.ഐ.എം ത്രിപുര നേതൃത്വം കുറ്റപ്പെടുത്തി. കേരളത്തിനായി ഫണ്ട് സ്വരൂപിക്കുന്നതിനിടെ ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമിച്ചതായും സി.പി.ഐ.എം നേതൃത്വം പറയുന്നുണ്ട്.
എന്നാല്‍ സി.പി.ഐ.എം പറയുന്നത് നുണയാണെന്നും, ആറായിരം കോടി രൂപ കേരളത്തിനായി സംഭാവന നല്‍കിയെന്നുമാണ് ത്രിപുര ബി.ജെ.പി നേതൃത്വം പറയുന്നത്.