| Wednesday, 26th December 2018, 11:45 am

വനിതാ മതിലിനെതിരെ സംഘപരിവാറിന്റെ അയ്യപ്പജ്യോതി; ടി.പി. സെന്‍കുമാറും കെ.എസ് രാധാകൃഷ്ണനും പങ്കാളികളാകും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുക എന്ന മുദ്രാവാക്യത്തില്‍ സര്‍ക്കാറിന്റെ പിന്തുണയോടെ സമുദായിക സംഘടനകളുടെ നേതൃത്വത്തില്‍ നടത്തുന്ന വനിതാ മതിലിനെതിരെ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ അയ്യപ്പജ്യോതി. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ശബരിമല കര്‍മസമിതിയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോടു മുതല്‍ തിരുവനന്തപുരം വരെയാണ് ഇന്ന് അയ്യപ്പജ്യോതി തെളിയിക്കുന്നത്.

വിവിധ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന അയ്യപ്പ ജ്യോതിയില്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ മുന്‍ ചെയര്‍മാന്‍ കെ.എസ് രാധാകൃഷ്ണന്‍, മുന്‍ ഡി.ജി.പിയും ശബരിമല കര്‍മസമിതി ദേശീയ ഘടകം അംഗവുമായ ടി.പി സെന്‍കുമാര്‍ തുടങ്ങിയവര്‍ വിവിധയിടങ്ങളില്‍ പങ്കാളിയാവും.

Read Also : ഇപ്പോള്‍ വിവരം വെച്ചത് കൊണ്ടാണ് ആര്‍.എസ്.എസിന്റെ കൂടെ പോയതെന്ന് സെന്‍കുമാര്‍; ഒരു വിവരവും ഇല്ലാതിരുന്ന കാലത്തായിപോയല്ലോ താങ്കളെ ഞങ്ങള്‍ ഡി.ജി.പിയാക്കി വെച്ചത് എന്ന് എ.എ റഹീം

സ്വാമി വിവേകാനന്ദന്റെ വാക്കുകള്‍ പ്രാവര്‍ത്തികമാക്കുന്നതാണ് അയ്യപ്പജ്യോതിയെന്നും കിളിമാനൂരുള്ള ജ്യോതി സംഗമത്തില്‍ ചേരാനാണ് ഉദ്ദേശിക്കുന്നതെന്നും സെന്‍കുമാര്‍ പറഞ്ഞിട്ടുണ്ട്.

ബി.ജെ.പിയുടെയും എന്‍.എസ്.എസിന്റെയും പിന്തുണയോടെ നടക്കുന്ന പരിപാടിയില്‍ പത്ത് ലക്ഷത്തിലേറെപ്പേര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.

Read Also :ചെഗുവേരയെ മനസില്‍വെച്ച് ക്ഷേത്രങ്ങളില്‍ പോകരുത്, അയ്യപ്പന്റടുത്ത് എത്തേണ്ടവരെ അയ്യപ്പന്‍ എത്തിച്ചിരിക്കുമെന്ന് സെന്‍കുമാര്‍

തിരുവനന്തപുരം കളയിക്കാവിള മുതല്‍ കാസഗോര്‍ഗോഡ് ഹൊസങ്കിടി വരെയാണ് അയ്യപ്പജ്യോതി തെളിയിക്കുകയെന്നും വൈകിട്ട് ആറുമുതല്‍ ഏഴുമണി വരെ സ്ത്രീകളും പുരുഷന്മാരും റോഡില്‍ അണിനിരന്ന് മണ്‍വിളക്കുകളില്‍ ദീപം തെളിയിക്കുമെന്നും സംഘാടകര്‍ അറിയിച്ചിട്ടുള്ളത്.

ശബരിമലയില്‍ പ്രായഭേദമന്യേ സത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രിം കോടതി വിധിക്കെതിരെ സംസ്ഥാനത്ത് ബി.ജെ.പിയുടെ നേതൃത്വത്തില്‍ സംഘപരിവാര്‍ നടത്തിയ പ്രക്ഷോഭങ്ങളെ പ്രതിരോധിക്കാനാണ് വനിതാ മതിലുമായി സര്‍ക്കാര്‍ രംഗത്തെത്തിയത്. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ സന്നദ്ധതയുളള സാമൂഹ്യസംഘടനാ പ്രതിനിധികളുടെ യോഗം ഡിസംബര്‍ ഒന്നിനാണ് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്തത്. ഈ യോഗത്തിലാണ് വനിതാ മതില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. മുപ്പത് ലക്ഷം സ്ത്രീകള്‍ മതിലില്‍ പങ്കെടുക്കുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.

We use cookies to give you the best possible experience. Learn more