മതേതര പരസ്യത്തിന്റെ പേരില്‍ തനിഷ്‌ക് ജ്വല്ലറിക്കെതിരെ ഹിന്ദുത്വവാദികളുടെ സംഘടിതാക്രമണം ഇപ്പോഴും തുടരുകയാണ്. സോഷ്യല്‍ മീഡിയയില്‍ ഹിന്ദുത്വവാദികള്‍ തുടങ്ങിയ ആക്രമണം പിന്നീട് തനിഷ്‌കിന്റെ സ്റ്റോര്‍ ആക്രമിക്കുന്നതിലേക്കുവരെ എത്തിച്ചേര്‍ന്നു.
തനിഷ്‌കിനെതിരെ നടന്നുകൊണ്ടിരിക്കുന്ന ആക്രമണത്തിന് സമാനമായോ ഒരുപക്ഷേ, അതിലും തീവ്രമായോ ആണ് പരസ്യത്തിന്റെ സംവിധായികയായ
ജോയീത പട്പാട്യയ്‌ക്കെതിരെ സംഘപരിവാര്‍ നടത്തുന്നത്. ട്വിറ്ററില്‍ ഇവര്‍ക്കെതിരെ വലിയ രീതിയിലാണ് ഹിന്ദുത്വവാദികളുടെ വിദ്വേഷ ക്യാംപെയ്ന്‍.
തനിഷ്‌കിന്റെ പരസ്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ജോയീതയുടെയും സഹപ്രവര്‍ത്തകരുടേയും മതം പറഞ്ഞുകൊണ്ട് ബി.ജെ.പി-സംഘപരിവാര്‍ അനുകൂല പ്രവര്‍ത്തകര്‍ ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയയില്‍ തീവ്രമായി വര്‍ഗീയത പ്രചരിപ്പിക്കുകയാണ്.
കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജോയീത സ്വീകരിച്ച നിലപാടുകളുള്‍പ്പെടെ ഇവര്‍ ആക്രമണത്തിന് വിഷയമാക്കുന്നുണ്ട്. ജോയീത പൗരത്വ ഭേദഗതിക്കെതിരാണെന്നും ഷര്‍ജില്‍ ഇമാം ഉള്‍പ്പെടെയുള്ള ‘തുക്കഡേ തുക്കഡേ ഗ്യാങി’ നെ പിന്തുണയ്ക്കുന്ന ആളാണെന്നും പറഞ്ഞുകൊണ്ടാണ് ഇവര്‍ക്കെതിരെയുള്ള പ്രചരണം. തനിഷ്‌ക് പരസ്യത്തിനെതിരെ വിദ്വേഷ ക്യാംപെയ്ന്‍ ആരംഭിച്ചതിന് പിന്നാലെ നിരവധിപേര്‍ ഗൂഗിളില്‍ തിരഞ്ഞത് ജോയീതയുടെ മതമായിരുന്നു.
ജോയീത ഒരു ‘അഹിന്ദു’വാണെന്നും പരസ്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ബ്രാന്റ് മാനേജര്‍ തൊട്ട് അസിസ്റ്റന്റ് ഡയരക്ടര്‍വരെയുള്ള ആളുകള്‍ ഹിന്ദുമതത്തിന് പുറത്തുള്ളവരുമാണെന്ന് പറഞ്ഞുകൊണ്ടാണ് ഹിന്ദുത്വവാദികള്‍ പരസ്യത്തിനെതിരെ ആക്രമണം അഴിച്ചുവിടുന്നത്.
നിരന്തരമായ വേട്ടയാടലിനും ആക്രമണങ്ങള്‍ക്കും ഒടുവില്‍ തനിഷ്‌കിന് തങ്ങളുടെ പരസ്യം പിന്‍വലിക്കേണ്ടി വന്നിരുന്നു. തനിഷ്‌ക് പരസ്യം പിന്‍വലിച്ചെങ്കിലും താന്‍ ചെയ്ത പരസ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ഈ സംവിധായിക.
”സോഷ്യല്‍ മീഡിയയില്‍ എന്റെ നേരെ വളരെ മോശമായ ധാരാളം പ്രചരണങ്ങള്‍ വരുന്നുണ്ട്, പക്ഷേ അതൊന്നും ഇന്‍സ്റ്റാഗ്രാമില്‍ നിരന്തരം പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതിനേക്കാളേറെ മനോഹരം ഞങ്ങളുടെ ക്യാംപെയ്‌നെ പിന്തുണച്ചുവരുന്ന കലാസൃഷ്ടികളും വാക്കുകളും സ്‌നേഹവുമൊക്കെ പങ്കുവെയ്ക്കുന്നതാണെന്ന് ഞാന്‍ കരുതുന്നു,” തനിക്കെതിരെ നടക്കുന്ന ആക്രണത്തില്‍ ജോയീത നിലപാട് വ്യക്തമാക്കി.
തനിഷ്‌ക് ‘ഏകത്വം’ എന്ന ക്യാംപെയ്‌നുമായി സമീപിച്ചപ്പോള്‍ അതിലെ ഐക്യമെന്ന ആശയമാണ് തന്നെ വല്ലാതെ ആകര്‍ഷിച്ചതെന്നും അതില്‍ എന്തെങ്കിലും തെറ്റുള്ളതായോ വിവാദമുണ്ടാക്കാന്‍ പാകത്തിലുള്ള എന്തെങ്കിലും ഘടകങ്ങള്‍ ഉള്ളതായോ തോന്നിയില്ലെന്നും അവര്‍ പറഞ്ഞു.
സ്വാതന്ത്ര്യം നേടിയിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടു കഴിഞ്ഞു. നിരവധി ചര്‍ച്ചകളും നടന്നുകഴിഞ്ഞു. അതുകൊണ്ടു തന്നെ നമ്മള്‍ ഒരുപാട് മുന്നോട്ടുപോയെന്നാണ് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നത്. ഈ പരസ്യത്തെ ചുറ്റിപ്പറ്റി ചെറിയ രീതിയിലുള്ള ചര്‍ച്ചകള്‍ ഉണ്ടാവുമെന്ന് ഞങ്ങള്‍ വിചാരിച്ചിരുന്നു. പക്ഷേ പുറത്തുവരുന്ന വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും തോത് ഇത്രമാത്രം ഉണ്ടെന്നറിഞ്ഞപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി.
മുഖമില്ലാത്ത ഒരു കൂട്ടം ആളുകളുടെ ട്രോള്‍ സംഘമാണ് ഇതിന് പിന്നില്‍. അവര്‍ എന്റെയും ബ്രാന്റിന്റേയും ക്രയേറ്റീവ് ടീമിന്റെയും നേരെ നിരന്തര തെറിവിളികളും അധിക്ഷേപങ്ങളും നടത്തിക്കൊണ്ടിരിക്കുകയാണ്.
ഹൈന്ദവ മതവിശ്വാസിയായ മരുമകള്‍ ഗര്‍ഭിണിയായതുമായി ബന്ധപ്പെട്ട ചടങ്ങ് ആഘോഷിക്കുന്ന മുസ്‌ലിം കുടുംബത്തെയായിരുന്നു തനിഷ്‌കിന്റെ പുതിയ പരസ്യത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. എന്നാല്‍ പരസ്യം ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു എന്നു ആരോപിച്ചുകൊണ്ട് ഹിന്ദുത്വ ഗ്രൂപ്പുകള്‍ രംഗത്തെത്തി. തുടര്‍ന്ന് ബോയ്ക്കോട്ട് തനിഷ്‌ക് തുടങ്ങി ക്യാംപെയ്നുകള്‍ ട്വിറ്ററിലും മറ്റു സമൂഹമാധ്യമങ്ങളിലും ശക്തമാകാന്‍ തുടങ്ങി. കടുത്ത വിദ്വേഷ പ്രചരണത്തെ തുടര്‍ന്ന്, കഴിഞ്ഞ ദിവസം തനിഷ്‌ക് പരസ്യം പിന്‍വലിച്ചതായി അറിയിക്കുകയായിരുന്നു.
പരസ്യത്തിനും സംവിധായക ജോയീത പട്പാട്യക്കുമെതിരെ നടക്കുന്ന ക്യാംപെയ്‌നുകളെ വിമര്‍ശിച്ചുക്കൊണ്ട് പുതിയ ക്യാംപെയ്‌നും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. തീവ്രമായ മതസ്പര്‍ധയും വിദ്വേഷപ്രചരണവും രാജ്യത്തെ കീഴടക്കുന്നത് തടയണമെന്നാവശ്യപ്പെട്ടുക്കൊണ്ട് പരസ്യ വീഡിയോ പരമാവധി ഷെയര്‍ ചെയ്താണ് ഈ ക്യാംപെയ്ന്‍ മുന്നോട്ടുപോകുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക