തൃശൂര്‍: കൊടുങ്ങല്ലൂര്‍ എടവിലങ്ങ് ശിവക്ഷേത്രത്തില്‍ ബ്രാഹ്മണരുടെ കാല്‍കഴുകിച്ചൂട്ടിനെതിരെ നവോത്ഥാന കൂട്ടായ്മ സംഘടിപ്പിച്ച യാത്രയുടെ പേരില്‍ സംഘപരിവാര്‍ എസ്.എന്‍.ഡി.പി ഓഫീസിന് നേരെ ആക്രമണം അഴിച്ചുവിട്ടു.
കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. സാമുദായിക സാംസ്‌കാരിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നവോത്ഥാന യാത്രക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എടവിലങ്ങ് എസ്.എന്‍.ഡി.പി ശാഖ നാരങ്ങാനീര് വിതരണം ചെയ്യുവാനുള്ള സാധനങ്ങള്‍ എടവിലങ്ങ് സൊസൈറ്റി ശാഖയില്‍ കരുതിയിരുന്നു.
ഇതേതുടര്‍ന്ന് എടവിലങ്ങ് പഞ്ചായത്ത് ബി.ജെ.പി അംഗം ഹരിയടങ്ങുന്ന ഇരുപതോളം വരുന്ന പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി അക്രമം അഴിച്ചുവിടുകയും ഭാരവാഹികളെ ഭീഷണിപ്പെടുത്തുകയുമായിരുന്നു.
ആക്രമികള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എസ്.എന്‍.ഡി.പി ഭാരവാഹികള്‍ കൊടുങ്ങല്ലൂര്‍ പൊലീസില്‍ പരാതി നല്‍കി.
സംഘപരിവാറിനെ നയിക്കുന്ന പ്രത്യയശാസ്ത്രത്തിന്റെ അസഹിഷ്ണുതയാണ് ഇതിലൂടെ വെളിവാകുന്നതെന്ന് സി.പി.ഐ.എം എടവിലങ്ങ് ലോക്കല്‍ സെക്രട്ടറി സി.എ. ഷെഫീര്‍ പറഞ്ഞു.
സംഘപരിവാറിന്റെ ഇത്തരം സാംസ്‌കാരിക കാടത്ത സമീപനങ്ങളോട് സി.പി.ഐ.എം വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുകയും ശക്തമായ ജനകീയ പ്രതിരോധം സൃഷ്ടിക്കുകയും ചെയ്യുമെന്ന് ഷെഫീര്‍ പറഞ്ഞു.
CONTENT HIGHLIGHTS: Sangh Parivar attack on SNDP branch at Kodungallur Edavilangil