ക്ഷമിക്കണം, അതിര്‍ത്തിയില്‍ നിന്നുളള ദൃശ്യങ്ങളല്ല. അകത്ത് നിന്നുള്ളതാണ്. നാട്ടിലത്തെ .തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തില്‍ നിന്നുള്ളത്.
പക്ഷേ ഇതിലും “യുദ്ധ”മുണ്ട്.
ജഗന്നാഥ ക്ഷേത്രം ശ്രീനാരായണ ഗുരു പ്രതിഷ്ഠ നടത്തിയുണ്ടാക്കിയത്.ആ പ്രദേശത്ത് ഏറ്റവും പ്രാധാന്യമുള്ളത്. എട്ട് ദിവസമാണ് അവിടെ ഉത്സവം. ഈ 24 ന് ഉത്സവദിവസം രാത്രിയത്തെ ഗാനമേള. പുല്‍വാമയില്‍ രക്തസാക്ഷികളായ പട്ടാളക്കാര്‍ക്ക് വേണ്ടി ആ ഗാനമേളക്കാര്‍ ഒരു പാട്ട് ഡെഡിക്കേറ്റ് ചെയ്ത് പാടി.മേജര്‍ രവി സിനിമ കീര്‍ത്തിചക്രയിലെ ഖുദാ സേ എന്ന് തുടങ്ങുന്ന പാട്ട്. അങ്ങേയറ്റം വൈകാരികമായി പട്ടാളക്കാരെ ഓര്‍ക്കുകയും ആദരിക്കുകയും ചെയ്യുന്ന വിധം അവരത് പാടി.
എന്നിട്ടും പക്ഷേ ആ ട്രൂപ്പിലെ ഒരംഗത്തിന് ക്രൂരമായി മര്‍ദ്ദനമേറ്റു.
ഈ ദേശസ്‌നേഹപാട്ട് അവതരിപ്പിച്ച ശേഷം അടുത്ത പാട്ടിലേക്ക് പോകും മുമ്പ് അവതാരകന്‍ പറഞ്ഞ രണ്ട് വാചകങ്ങളാണ് കപട ദേശാഭിമാനികളെ ക്രൂരരാക്കിയത്. 40 പട്ടാളക്കാര്‍ക്ക് ജീവന്‍ നഷ്ടമാകേണ്ടി വന്ന സംഭവം രാജ്യത്തിന് നാണക്കേടായി എന്നോ മറ്റോ ആയിരുന്നു ആ അവതാരകന്‍ പറഞ്ഞത്. സത്യത്തില്‍ ഗാനമേള കേള്‍ക്കാനിരുന്ന ആര്‍ക്കും അതത്ര വലിയ പ്രശ്‌നമായി തോന്നിയിരുന്നില്ല. അധികമാരും അത് പ്രത്യേകമായി ഓര്‍ക്കുന്നില്ല. പക്ഷേ,
ഒരു കൂട്ടം പരിവാരികള്‍ സ്റ്റേജിലേക്ക് കയറിച്ചെന്ന് ആ ചെറുപ്പക്കാരനെ അതിക്രൂരമായി മര്‍ദിച്ചു.അതിക്രൂരമായി .സംഘൂസിന്റെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ തന്നെ പറയുന്നത് ആംബുലന്‍സിലാണ് അയാളെ കൊണ്ട് പോയതെന്നാണ്. അത്രയ്ക്ക് നിഷ്ഠുരമായി. ഒരു ദേശാഭിമാന ഗാനം അവതരിപ്പിച്ചതിന് തൊട്ട് പിന്നാലെ. അതൊരു നാണക്കേടാണ് എന്ന സംഘപരിവാര വാദം തന്നെയും ഒന്ന് പറഞ്ഞ് പോയതിന്റെ പേരില്‍. തീര്‍ന്നില്ല,
ഗാനമേള നിര്‍ത്തി. ആ ട്രൂപ്പാകെ വന്ന് മാപ്പ് പറയേണ്ടി വന്നു. സഹപ്രവര്‍ത്തകന്‍ ആംബുലന്‍സില്‍ പോകുന്ന നേരത്ത് ആ സങ്കടമമര്‍ത്തി ഭാരത് മാതാ കീ ജയ് വിളിക്കുകയും ചെയ്തു അവര്‍. രാജ്യത്തിനകത്ത് കുറേ നേരത്തേക്ക് അപരരായി അവര്‍.
ഒരു പീഡയെറുമ്പിനും വരുത്തരുത് എന്ന് തുടങ്ങുന്ന അനുകമ്പാ ദശകം കൂടെ എഴുതിയ ശ്രീ നാരായണ ഗുരു പ്രതിഷ്ഠ നടത്തിയ അമ്പലമായിരുന്നു അത്. ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ നിശ്ചയമായും യുദ്ധവിരുദ്ധത പ്രഖ്യാപിക്കുമായിരുന്ന ആ സന്യാസി നടന്ന പറമ്പില്‍ വെച്ചാണ് അയാള്‍ക്ക് മര്‍ദ്ദനമേറ്റത്, ഓര്‍ക്കണം. :(
യുദ്ധം അതിരിനപ്പുറത്തുള്ള മനുഷ്യര്‍ക്ക് മേല്‍ മാത്രമാകില്ല അകത്തെ മനുഷ്യരുടെ മനസിനകത്ത് കൂടെയായിരിക്കും സുഹൃത്തുക്കളേ എന്ന് ഓര്‍മിപ്പിച്ച് കൊണ്ട് ആ വീഡിയോ ഷെയര്‍ ചെയ്യുന്നു.