| Wednesday, 16th October 2024, 9:02 am

സംഘപരിവാറും സയണിസ്റ്റുകളും ഒരമ്മ പെറ്റ മക്കൾ: മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംഘപരിവാറും സയണിസ്റ്റുകളും ഒരമ്മ പെറ്റ മക്കളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഐപ്സോ സംസ്ഥാന കൗൺസിൽ സംഘടിപ്പിച്ച യുദ്ധവിരുദ്ധ സമാധാന സദസ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ഇന്ത്യ ഇസ്രഈലിനൊപ്പമാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം സൂചിപ്പിക്കുന്നത് ആർ.എസ്.എസും സയണിസ്റ്റുകളും തമ്മിൽ വ്യത്യാസം ഒന്നും തന്നെ ഇല്ല എന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

‘ഇന്ത്യ ചേരിചേരാ നയം സ്വീകരിച്ചപ്പോൾ സാമ്രാജ്യത്വ വിരുദ്ധതയായിരുന്നു നമ്മുടെ രാജ്യത്തിന്റെ അന്തസത്ത. ഇന്ത്യ ഇസ്രഈലിനെ അംഗീകരിച്ചിരുന്നില്ല. ഇന്ത്യൻ പാസ്‌പോർട്ടിൽ ഇസ്രഈലിലേക്ക് പോകാനുള്ള അനുമതി പോലും ഉണ്ടായിരുന്നില്ല.

അവിടെ നിന്നും വലിയ മാറ്റമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. നമ്മുടെ രാജ്യം ഇസ്രഈലിനൊപ്പമെന്ന പ്രധാനമന്ത്രിയുടെ പ്രസ്‍താവന കേട്ട് ഇന്ത്യക്കാർ ലജ്ജിച്ച് തല താഴ്ത്തേണ്ടി വന്നു,’ മുഖ്യമന്ത്രി പറഞ്ഞു.

യുദ്ധം നടക്കുന്നത് നമ്മുടെ അടുത്തല്ല എന്ന ചിന്ത പലർക്കും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതോടൊപ്പം ഇന്ത്യയെ അമേരിക്കയുടെ പ്രധാനപ്പെട്ട കലവറയാക്കി മാറ്റാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും അതിന്റെ മൂർദ്ധന്യത്തിലാണ് ഇപ്പോൾ ഉള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

അമേരിക്കൻ സാമ്രാജ്യത്വത്തെ പ്രീണിപ്പിക്കാൻ വേണ്ടിയാണ് കേന്ദ്രം ഇത്തരത്തിലുള്ള നിലപാടുകൾ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘ഇന്ത്യൻ മണ്ണ് അമേരിക്കയുടെ താവളമാക്കാനും അവർ മടിക്കില്ല. ഇന്ത്യൻ ജനതയെ കാത്തിരിക്കുന്നത് രൂക്ഷമായ പ്രത്യാഘാതങ്ങളാണ്. ഫലസ്തീൻ ആക്രമണം അവസാനിപ്പിക്കണമെന്ന് ഇസ്രഈലിനോട് പറയാൻ ഇന്ത്യക്ക് കഴിഞ്ഞില്ല,’ അദ്ദേഹം പറഞ്ഞു.

ഗസയിലെ തീവ്രമായ ഇസ്രഈൽ സൈനിക നടപടിക്കിടയിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഫോൺ സംഭാഷണം നടത്തിയിരുന്നു. ഇസ്രഈൽ ജനതയ്ക്കുള്ള ഇന്ത്യയുടെ പിന്തുണ സംഭാഷണത്തിലൂടെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു.

പരിപാടിയിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അധ്യക്ഷനായി. എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ, വി. ജോയി, സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്‌ണൻ, കെ അനിൽകുമാർ, വി.ബി ബിനു, ആർ. അരുൺകുമാർ എന്നിവരും സംസാരിച്ചു.

Content Highlight: Sangh Parivar and Zionists are children of one mother: Chief Minister

We use cookies to give you the best possible experience. Learn more