| Thursday, 17th May 2018, 5:04 pm

കര്‍ണാടക പിടിച്ചെടുക്കാന്‍ സംഘപരിവാര്‍ നടത്തിയ കര്‍സേവ

വിനീത് രാജന്‍

കര്‍ണാടകത്തില്‍ താമര വിരിഞ്ഞത് ഒരു സുപ്രഭാതത്തിലല്ല. മോദിയെന്ന പ്രഭാഷകന്റെ വാഗ്‌ധോരണികളല്ല താമരയ്ക്ക് നേരെ വോട്ടര്‍മാരെ വിരലുകളമര്‍ത്താന്‍ പ്രേരിപ്പിച്ചത്. അതിനായി ബി.ജെ.പിയേക്കാള്‍, അടിത്തട്ടില്‍ നിലമൊരുക്കിയവരുണ്ട്. ആ ഒരുക്കിയെടുത്ത നിലത്തിലാണ് ബി.ജെ.പി രാഷ്ട്രീയത്തിന്റെ വിത്ത് പാകിയതും വിളവെടുത്തതും. നീണ്ട കാലമായി കര്‍ണാടകയിലെ ജനങ്ങള്‍ ഈ പരിവര്‍ത്തനത്തിന് അവരറിയാതെ തന്നെ വിധേയരാവുന്നുണ്ട്. അത് തിരിച്ചറിയാനുള്ള ശേഷി ഡിജിറ്റല്‍ വാര്‍ റൂമുകളൊരുക്കിയ കോണ്‍ഗ്രസിന് ഒരിക്കലും മനസ്സിലാവാതെ പോയിടത്താണ് കോണ്‍ഗ്രസും, സിദ്ധരാമയ്യയും സംഘപരിവാറിനോട് പരാജയപ്പെട്ടത്.

കന്നഡ വികാരവും, ലിംഗായത്ത് വിഷയവും, അഴിമതിക്കാരനായ എതിരാളിയും.. ഒരു സംസ്ഥാന തെരെഞ്ഞെടുപ്പില്‍ എതിരാളിയെ ബഹുദൂരം പിന്നിലാക്കാന്‍ വേണ്ടതിലുമേറെയുണ്ട് സാധാരണ ഗതിയില്‍ ഇപ്പറഞ്ഞ മൂന്ന് വിഷയങ്ങള്‍ക്ക്. അതോടൊപ്പം സിദ്ധരാമയ്യ എന്ന മുഖ്യമന്ത്രി നടത്തിയ ക്ഷേമപ്രവര്‍ത്തനങ്ങള്‍ കൂടി ചേരുമ്പോള്‍ ഭരണവിരുദ്ധവികാരം എന്ന ചിന്ത പോലും വോട്ടര്‍മാരിലുണ്ടാവാനിടയില്ലെന്ന ധാരണയിലേക്ക് കോണ്‍ഗ്രസ് എത്തിയതില്‍ അത്ഭുതമൊന്നുമില്ല. അടിത്തട്ടിലും സ്ഥിതിഗതികള്‍ അപ്രകാരം തന്നെയായിരുന്നു. എന്നാല്‍ വോട്ടര്‍മാരുടെയുള്ളില്‍ അക്കാലമത്രയും സംഘപരിവാറൊരുക്കിയിട്ട വഴികള്‍ ബി.ജെ.പിയിലേക്ക് തന്നെയായിരുന്നു നീണ്ട് കിടന്നിരുന്നതെന്ന് മാത്രം.

ഇതിന്റെയെല്ലാം പ്രതിഫലനമാണ് മെയ് പതിനഞ്ചിന് രാവിലെ വോട്ടെണ്ണല്‍ ആരംഭിച്ചത് മുതല്‍ കണ്ട് തുടങ്ങിയത്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ തന്നെ ബി.ജെ.പി ലീഡിലേക്ക് പോവുന്നു. കൃത്യമായ ആക്രമണ പ്രത്യാക്രമണങ്ങള്‍ നടത്തി, തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഒരിക്കല്‍ പോലും പിന്നോട്ട് പോവാത്ത കോണ്‍ഗ്രസ് തകരുന്നു. അവിടെയാണ് അമിത് ഷാ എന്ന മാക്രോ മാനേജരുടെ നേതൃത്വത്തിലുള്ള സംഘപരിവാറിന്റെ കളികളുടെ റിസള്‍ട്ട് ഉണ്ടാവുന്നത്. എല്ലാ അഭിപ്രായ സര്‍വ്വേകളേയും മറികടന്ന് തങ്ങള്‍ മുന്നില്‍ വരുമെന്ന് പറഞ്ഞ സംഘപരിവാരത്തിന്റെ ആത്മവിശ്വാസമെന്നത് അക്കാലമത്രയും അവര്‍ കളിച്ച മാക്രോ മാനേജ്‌മെന്റെ ലെവലിലുള്ള കമ്മ്യൂണല്‍ ഗെയിമിന്റെ ബലം മാത്രമാണ്.

കൃത്യമായി പറഞ്ഞാല്‍ ബി.ജെ.പിയൊരുക്കിയ അജണ്ടയിലായിരുന്നു കോണ്‍ഗ്രസിന്റെ പ്രചരണങ്ങളെല്ലാം തന്നെ മുന്നോട്ട് പോയത്. അഴിമതിയ്‌ക്കെതിരെ വാതോരാതെ സംസാരിക്കുന്ന മോദിയും കൂട്ടരും അഴിമതിക്ക് ജയിലില്‍ പോവേണ്ടി വന്ന ഒരാളുടെ നേതൃത്വത്തെ ഭരണം പിടിക്കാനിറക്കിയപ്പോള്‍ ആ വിഷയം പോലും ഈ തെരെഞ്ഞെടുപ്പില്‍ പ്രധാനവിഷയമായി അങ്ങനെ ഉയര്‍ന്ന് വന്നില്ല. യെദിയൂരപ്പയ്‌ക്കൊപ്പം കുപ്രസിദ്ധരായ റെഡ്ഢി സഹോദരന്മാരും അവരുടെ പ്രിയപ്പെട്ട ശ്രീരാമലുവടക്കം ഏഴ് പേര്‍ക്കാണ് ബി.ജെ.പി കര്‍ണാടകയില്‍ മത്സരിക്കാന്‍ അവസരം നല്‍കിയത്. അതൊന്നും കാര്യമായ പ്രചരണ വിഷയമായി ഉയര്‍ത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞതുമില്ല.

ലിംഗായത്ത് വിഷയമുയര്‍ത്തി ബി.ജെ.പിയുടെ വോട്ട് ബാങ്ക് പിളര്‍ത്താനാവുമെന്ന് കരുതിയെങ്കിലും അതും അപ്പാടെ പാളിയ കാഴ്ചയാണ് കര്‍ണാടകയില്‍ കണ്ടത്. നിതീഷ്‌കുമാര്‍ ബീഹാറില്‍ നടത്തിയതു പോലെ “ബീഹാറി v/s ബാഹറി” മോഡല്‍ ക്യാമ്പൈനിന് സിദ്ധരാമയ്യ നേതൃത്വം നല്‍കിയെങ്കിലും, സംഘപരിവാറിന്റെ അടിത്തട്ടിളക്കാനുള്ള ശേഷിയൊന്നും അതിനില്ലായിരുന്നു.

ബിജെപിയെ നോര്‍ത്ത് ഇന്ത്യന്‍ പാര്‍ട്ടി എന്ന് ലേബലിട്ട് മറ്റൊരു പ്രചരണവും അതോടൊപ്പമുയര്‍ത്തിയെങ്കിലും അതും അമ്പേ പരാജയമായി. ഏതൊരു കക്ഷിക്കും പ്രതീക്ഷ നല്‍കാനിടയുള്ള എല്ലാ സാധ്യതകളും പരാജയപ്പെടുന്ന കാഴ്ചയാണ് കര്‍ണാടകയില്‍ നാം കണ്ടത്. തെരെഞ്ഞെടുപ്പ് മാത്രം ലക്ഷ്യം വച്ചുള്ള പ്രചാരണമല്ല സംഘപരിവാര്‍ നടത്തിയിരുന്നതെന്നതിന് ഇതിലും വലിയ തെളിവുകളൊന്നും തന്നെ വേണ്ടെന്ന് പറഞ്ഞാല്‍ അതൊട്ടും തന്നെ അതിശയോക്തിയാവില്ല.

ഇതോടോപ്പം ത്രികോണ പോരാട്ടത്തില്‍ ജനതാദളും, ബി.ജെ.പിയും ചിലയിടങ്ങളില്‍ ഒരുമിച്ചു എന്നും കോണ്‍ഗ്രസിനെ പൊതുശത്രുവായി നേരിട്ടു എന്നും വോട്ടിങ്ങ് പാറ്റേണിലൂടെ മനസ്സിലാക്കാനാവും. സിദ്ധരാമയ്യ പ്രതീക്ഷിച്ച അഹിന്ദ(പിന്നോക്കവിഭാഗത്തിന്റെയും മൈനോരിറ്റിയുടെയും) വോട്ടുകള്‍ ഏകോപിപ്പിക്കാന്‍ കോണ്‍ഗ്രസ്സിന് സാധിച്ചില്ലെന്ന് മാത്രമല്ല. ജനതാദളിലൂടെ ആ വോട്ടുകളെല്ലാം തന്നെ ചിതറിപ്പോവുകയും ചെയ്തു. വൊക്കലിംഗ സമുദായം ജനതാദളിനൊപ്പം തന്നെ പതിവുപോലെ നിന്നു.

ദളിത് വോട്ടുകളും മൈസൂര്‍ ഭാഗത്ത് ദളിനെ വിട്ട് പോയതുമില്ല. ദക്ഷിണ കര്‍ണാടകയിലും സ്ഥിതി ഏറെക്കുറെ ഇത് തന്നെയാണുണ്ടായത്. എന്നാല്‍ വടക്കന്‍ മേഖലയിലും മദ്ധ്യമേഖലയിലും ബി.ജെ.പി കൂടുതല്‍ കരുത്തരാവുന്ന കാഴ്ചയാണ് ഈ തെരെഞ്ഞെടുപ്പില്‍ കണ്ടത്. തീരദേശ മേഖലയിലുണ്ടായിരുന്ന ബി.ജെ.പിയുടെ ശക്തിപ്രഭാവം ഇപ്പോള്‍ ഏറെക്കുറെ കര്‍ണാടകയുടെ പൊതുവിടങ്ങളിലേക്ക് പടര്‍ന്നു കഴിഞ്ഞിരിക്കുന്നു. ഈ അഞ്ച് വര്‍ഷക്കാലത്തിനിടയ്ക്ക് കര്‍ണാടകയില്‍ സംഭവിച്ച മാറ്റം അതാണ്.

വര്‍ഗ്ഗീയ ധ്രുവീകരണം കര്‍ണാടകയില്‍ കൃത്യമായി നടന്നുകഴിഞ്ഞിരിക്കുന്നു. സംഘപരിവാറിന്റെ ഏത് സ്ട്രാറ്റജിക്കും പാകപ്പെട്ട ഒരു മണ്ണ് കര്‍ണാടകയില്‍ ഒരുക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. അവരുടെ വര്‍ഗ്ഗീയതയുടെ പരീക്ഷണ ശാലയായ തീരദേശ മേഖലയിലെ പത്തൊമ്പത് മണ്ഡലങ്ങളില്‍ വിജയിപ്പിച്ചെടുത്ത മോഡലുകള്‍ സംസ്ഥാനത്താകെ ഉപയോഗിക്കാന്‍ അവര്‍ക്ക് സാധിച്ചു.

കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തിനിടയ്ക്ക് കര്‍ണാടകയുടെ തീരദേശമേഖലകളില്‍ ഹിന്ദു-മുസ്‌ലിം മതത്തില്‍ പെട്ട പല കൊലപാതകങ്ങളുമുണ്ടായിട്ടുണ്ട്. ഇരുപത്തിനാല് ഹിന്ദു സംഘടനാ പ്രവര്‍ത്തകരെ മുസ്‌ലിംങ്ങള്‍ കൊലപ്പെടുത്തിയതെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്. അതിന് സിദ്ധരാമയ്യയുടെ സര്‍ക്കാര്‍ വേണ്ട സഹായങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും, കേസുകളും മറ്റും ഒഴിവാക്കിക്കൊടുത്തുവെന്നുമെല്ലാം സംഘപരിവാര്‍ പ്രചരിപ്പിച്ചിട്ടുണ്ട്.

അന്വേഷണങ്ങളില്‍ ഭൂരിപക്ഷം കൊലപാതകങ്ങളും വര്‍ഗീയമായ കൊലപാതകങ്ങളല്ലായിരുന്നുവെന്നും, എല്ലാ കേസുകളിലും പ്രതികള്‍ പിടിയിലായിട്ടുണ്ടെന്നുമുള്ള വിവരം പ്രചരിപ്പിക്കാന്‍ കോണ്‍ഗ്രസിനോ സര്‍ക്കാരിനോ സാധിച്ചില്ല. ഓരോ കൊലപാതകത്തിന് മുമ്പും അവര്‍ ക്രൂരമായി പീഢിപ്പിക്കപ്പെട്ടിരുന്നു എന്ന വ്യാജവാര്‍ത്തകള്‍ അവര്‍ പ്രചരിപ്പിച്ചു.

പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വരുമ്പോഴേക്കും ക്രൂരമായ കൊലപാതകത്തെ കുറിച്ചുള്ള നിറം പിടിപ്പിച്ച കഥകള്‍ ഒന്നിലേറെ തവണ കര്‍ണാടകയിലാകെ കറങ്ങി വന്നിരിക്കും. സിദ്ധരാമയ്യ സര്‍ക്കാര്‍ ഹിന്ദുക്കളെ കൊന്നൊടുക്കുന്നു എന്ന പ്രചരണത്തിന് എത്രമാത്രം സ്വീകാര്യത ലഭിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കാന്‍ ഏതെങ്കിലും കന്നഡ സുഹൃത്തുക്കളോട് ഇതേക്കുറിച്ച് ഒന്ന് അന്വേഷിച്ചാല്‍ മാത്രം മതി. പ്രധാനമന്ത്രി തന്റെ പ്രചരണയോഗത്തില്‍ പോലും ഈ വിഷയം കൃത്യമായി ഉപയോഗിച്ചിരുന്നു എന്ന് കാണുമ്പോള്‍ അതെത്രമാത്രം അടിത്തട്ടില്‍ സംഘപരിവാര്‍ പാകപ്പെടുത്തിയിരുന്നു എന്ന് ആലോചിക്കണം.

അതുപോലെ ടിപ്പു സുല്‍ത്താനുമായി ബന്ധപ്പെട്ട വിഷയവും സംഘപരിവാര്‍ ഹിന്ദുക്കള്‍ക്ക് എതിരായ സര്‍ക്കാര്‍ നീക്കമെന്ന രീതിയില്‍ ആളുകള്‍ക്കിടയില്‍ അവതരിപ്പിച്ച് വിശ്വാസ്യത നേടിയെടുത്തു. ടിപ്പു സുല്‍ത്താന്റെ ജന്മദിനവുമായി ബന്ധപ്പെട്ടുള്ള ആഘോഷങ്ങള്‍ നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തെ മതഭ്രാന്തനു വേണ്ടിയുള്ള ആഘോഷമാണെന്ന രീതിയിലാണ് സംസ്ഥാനതലത്തില്‍ സംഘപരിവാര്‍ എതിര്‍ത്തത്. അതിനെതിരെ വ്യാപകമായ പ്രതിഷേധങ്ങള്‍ അവര്‍ എല്ലായിടങ്ങളിലും സംഘടിപ്പിച്ചു. ചരിത്രം പോലും വളച്ചൊടിച്ച് പ്രചരിപ്പിച്ചു. നട്ടാല്‍ കുരുക്കാത്ത നുണകള്‍ ചരിത്രമെന്ന രീതിയില്‍ അവര്‍ക്ക് ആവശ്യമുള്ളിടത്തെല്ലാം പറഞ്ഞു നടന്നു.

ഇതിനെ കോണ്‍ഗ്രസ് സര്‍ക്കാര്‍ എതിരിട്ടത് ടിപ്പു ദേശസ്‌നേഹിയും, ബ്രീട്ടീഷുകാര്‍ക്കെതിരെ പോരാടിയ ഇന്ത്യയിലെ ആദ്യത്തെ ഭരണാധികാരിയാണെന്ന് പറഞ്ഞുമായിരുന്നു. ഈ വിഷയം തന്റെ തെരെഞ്ഞെടുപ്പ് റാലികളില്‍ മോദി ഉയര്‍ത്തിക്കൊണ്ടു വന്നത് ശ്രദ്ധിക്കണം. കര്‍ണാടകയില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ ഹൈന്ദവരായ ആളുകളുമുണ്ട്.

എന്തുകൊണ്ട് അവരുടെയൊന്നും ജന്മവാര്‍ഷികങ്ങള്‍ ആഘോഷിക്കാന്‍ കോണ്‍ഗ്രസിന്റെ സിദ്ധരാമയ്യ സര്‍ക്കാരിന് സാധിച്ചില്ല എന്നാണ് മോദി തന്റെ റാലികളില്‍ ആള്‍ക്കൂട്ടത്തോട് ചോദിച്ചത്. പ്രതിഷേധങ്ങളേറെ നടന്നിട്ടും തീരുമാനം മാറ്റാന്‍ തയ്യാറാവാതെ ഒരു മതഭ്രാന്തന് വേണ്ടി എന്തിനാണ് സിദ്ധരാമയ്യ മറ്റ് ഹിന്ദു സ്വാതന്ത്രസമര നേതാക്കളെ മുഴുവന്‍ അവഗണിച്ചത് എന്നും മോദി ചോദിക്കുകയുണ്ടായി. ഇതിനെയൊന്നും കോണ്‍ഗ്രസിന് പ്രതിരോധിക്കാനേ സാധിച്ചില്ല.

ലിംഗായത്തിന് ന്യൂനപക്ഷ പദവി നല്‍കാനുള്ള തീരുമാനം പോലും കോണ്‍ഗ്രസിന് ഗുണകരമാവാതെ പോയതിന് പിന്നിലും വര്‍ഗ്ഗീയകാര്‍ഡിന്റെ ചെറുതല്ലാത്ത സ്വാധീനമുണ്ട്. ഹിന്ദുക്കളെ വിഭജിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നുള്ള ആരോപണം ബി.ജെ.പി ഉയര്‍ത്തിയതിന് പിന്നാലെ ലിംഗായത്തുകളെ ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനുള്ള ശ്രമങ്ങളുണ്ടെന്ന വ്യാജവാര്‍ത്തകള്‍ കര്‍ണാടകയില്‍ വാട്ട്‌സാപ്പിലൂടെയും സോഷ്യല്‍ മീഡിയകളിലൂടെയും പ്രവഹിച്ചു. കോണ്‍ഗ്രസിന്റെ ജാതി കാര്‍ഡിനെ പ്രതിരോധിക്കാന്‍ സംഘപരിവാര്‍ ഉപയോഗിച്ച രീതി ഇങ്ങനെയായിരുന്നു. വ്യാജ ഫോട്ടോകളും, പ്രസ്താവനകളുമെല്ലാം ഇതിന്റെ ഭാഗമായി അടിത്തട്ടിലെ ജനങ്ങള്‍ക്കിടയിലേക്കെത്തിച്ചേര്‍ന്നു.

ന്യൂനപക്ഷങ്ങള്‍ക്ക് ബഡ്ജറ്റില്‍ വച്ച പദ്ധതികളെപ്പോലും സംഘപരിവാര്‍ വിദഗ്ദമായി ഹിന്ദുക്കള്‍ക്കെതിരായുള്ള നീക്കമായി വ്യാഖ്യാനിച്ചു. അതെല്ലാം പ്രചരിപ്പിക്കുന്നതിന് വേണ്ട സാഹചര്യങ്ങള്‍ മുന്നേ തന്നെ അവര്‍ ഒരുക്കി വച്ചിരുന്നതുകൊണ്ട് എല്ലാം ലക്ഷ്യത്തില്‍ തന്നെ എത്തിച്ചേര്‍ന്നു. മുസ്‌ലിംങ്ങള്‍ക്ക് മാത്രമായി സര്‍ക്കാര്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുവെന്നും നടപ്പാക്കുന്നു എന്നുമുള്ള പ്രചരണങ്ങളെല്ലാം സിദ്ധരാമയ്യയുടെ വികസന ഭരണത്തെ റദ്ദ് ചെയ്തതില്‍ എന്താണ് അമ്പരക്കാനുള്ളത്.

ബോബെ-കര്‍ണാടക മേഖലയിലും, ഹൈദരാബാദ് -കര്‍ണാടക മേഖലയിലും എന്ന് വേണ്ട കോണ്‍ഗ്രസിന്റെ അടിത്തറ നഷ്ടപ്പെട്ടിടങ്ങളിലെല്ലാം ഈ പ്രചരണങ്ങള്‍ വേണ്ട പോലെ എത്തപ്പെട്ടിട്ടുണ്ട്. അതിന് വേണ്ട മാര്‍ഗ്ഗങ്ങളെല്ലാം തന്നെ സംഘപരിവാര്‍ തങ്ങള്‍ക്കനുകൂലമാവും വിധം ഉപയോഗിച്ചിട്ടുമുണ്ട്.

സിദ്ധരാമയ്യ ഹിന്ദു വിരോധിയാണെന്ന് മാത്രമല്ല, കോണ്‍ഗ്രസ് ഹിന്ദുക്കള്‍ക്കെതിരാണെന്ന പൊതുധാരണ കര്‍ണാടകയിലാകമാനം വളര്‍ത്താന്‍ അവര്‍ക്ക് സാധിച്ചിരിക്കുന്നു. മതേതരമെന്ന് നാമെല്ലാം ധരിച്ച ഒരു സര്‍ക്കാരിനെ ഹിന്ദു വിരോധികളായ സര്‍ക്കാരാണെന്ന് അവര്‍ ചാപ്പ കൊടുത്തിരുന്നു. അതുകൊണ്ട് തന്നെ കര്‍ണാടകയില്‍ പ്രചരിച്ച എല്ലാ സന്ദേശങ്ങള്‍ക്കുമൊപ്പം വ്യാജവാര്‍ത്തകള്‍ക്കുമൊപ്പം അവരൊന്നേ ആവശ്യപ്പെട്ടിരുന്നുള്ളൂ – ഹിന്ദുവിന്റെ ശത്രുക്കളെ പരാജയപ്പെടുത്തുക!

വിനീത് രാജന്‍

We use cookies to give you the best possible experience. Learn more