സൈന്യത്തെ തെറി വിളിച്ചുകൊണ്ടുള്ള വ്യാജ സ്‌ക്രീന്‍ഷോട്ടുമായി സംഘപരിവാര്‍; പൊലീസില്‍ പരാതി നല്‍കി യുവാവ്
Kerala News
സൈന്യത്തെ തെറി വിളിച്ചുകൊണ്ടുള്ള വ്യാജ സ്‌ക്രീന്‍ഷോട്ടുമായി സംഘപരിവാര്‍; പൊലീസില്‍ പരാതി നല്‍കി യുവാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 9th February 2022, 8:36 pm

കോഴിക്കോട്: സൈന്യത്തെ തെറിവിളിച്ചുകൊണ്ടുള്ള വ്യാജ സ്‌ക്രീന്‍ഷോട്ടുമായി യുവാവിനെതിരെ സംഘപരിവാര്‍. കോഴിക്കോട് അടിവാരം സ്വദേശിയായ ആബിദ് അടിവാരത്തിന്റെ പേരിലാണ് സംഘപരിവാര്‍ വൃത്തങ്ങള്‍ വ്യാജസ്‌ക്രീന്‍ഷോട്ടുകള്‍ പ്രചരിപ്പിക്കുന്നത്.

മലമ്പുഴയില്‍ പാറക്കെട്ടില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാന്‍ ശ്രമിച്ച സൈന്യത്തിനെതിരെ ആബിദ് പറഞ്ഞതായുള്ള അശ്ലീല പദങ്ങളടങ്ങിയ വ്യാജ സ്‌ക്രീന്‍ഷോട്ടാണ് സംഘപരിവാര്‍ പ്രൊഫൈലുകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്.

സ്‌ക്രീന്‍ഷോട്ട് വ്യാജമാണെന്നും ബി.ജെ.പിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ നിരന്തരം ശബ്ദമുയര്‍ത്തുന്നതിന്റെ ഭാഗമായാണ് തന്നെ ഇത്തരത്തിവല്‍ ലക്ഷ്യം വെക്കുന്നതെന്നും ഇതിന് മുന്‍പും സമാനമായ വ്യാജ ആരോപണങ്ങള്‍ തനിക്കെതിരെ ഉന്നയിക്കപ്പെട്ടിട്ടുണ്ടെന്നും ആബിദ് അടിവാരം ഡൂള്‍ന്യൂസിനോട് പറഞ്ഞു.

തന്റെ പേരില്‍ നിര്‍മിച്ച സ്‌ക്രീന്‍ഷോട്ട് വ്യാജമാണെന്ന് ഒറ്റനോട്ടത്തില്‍ തന്നെ തിരിച്ചറിയാന്‍ സാധിക്കുമെന്നും ഇതുസംബന്ധിച്ച് കോഴിക്കോട് ജില്ലാ പൊലീസ് സൂപ്രണ്ടിനും താമരശ്ശേരി പൊലീസിലും പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസ്‌ലിം പേരില്‍ നിന്നുകൊണ്ട് രാഷ്ട്രീയ വിയോജിപ്പുകള്‍ അറിയിക്കുന്നതാണ് ഇത്തരത്തിലുള്ള ആളുകളുടെ പ്രശ്‌നമെന്നും നേരത്തെ താന്‍ സക്കീര്‍ നായിക്കിന്റെ അനുയായിയാണെന്ന് വരുത്തിത്തീര്‍ക്കാനും സംഘപരിവാര്‍ ശ്രമിച്ചിരുന്നുവെന്നും ആബിദ് പറഞ്ഞു.

ആബിദിന് പിന്തുണയുമായി സാമൂഹ്യപ്രവര്‍ത്തകയായ ശ്രീജ നെയ്യാറ്റിന്‍കരയടക്കമുള്ള നിരവധി ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്.

‘സൈന്യത്തിനെതിരെ ആബിദ് തെറി വിളിച്ചു എന്ന തരത്തില്‍ ഒരു വ്യാജ സ്‌ക്രീന്‍ഷോട്ടുണ്ടാക്കി പ്രചരിപ്പിച്ചുകൊണ്ടാണ് സംഘികള്‍ ജൂദ്ധമാരംഭിച്ചിരിക്കുന്നത്. ആ വ്യാജ സ്‌ക്രീന്‍ഷോട്ടിനെതിരെ ആബിദ് പോലീസില്‍ പരാതി നല്‍കിയിട്ടുമുണ്ട്,’ ശ്രീജ നെയ്യാറ്റിന്‍കര പറയുന്നു.

പ്രതീഷ് വിശ്വനാഥന്‍ മുതല്‍ രാമസിംഹന്‍ അബൂബക്കര്‍ വരെയുള്ള ഹിന്ദുത്വവാദികള്‍ ആബിദിനെ തീവ്രവാദിയാക്കാനുള്ള ശ്രമമാണെന്നും, മുസ്‌ലിം പേര് കണ്ടാല്‍ തീവ്രവാദിയാക്കാന്‍ എളുപ്പമാണല്ലോ എന്നും അവര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

‘നിരന്തരം സംഘപരിവാര്‍ ഭീകരതയ്ക്കെതിരെ ശബ്ദിക്കുന്ന ഒരു മുസ്‌ലിം ഐ.ഡിയെ തീവ്രവാദ ചാപ്പ കുത്തി നിശബ്ദമാക്കാമെന്ന ഹിന്ദുത്വ വാദികളുടെ മോഹം കേവല വ്യാമോഹമാണ്. അനുവദിച്ചു തരില്ലത്. സംഘപരിവാര്‍ വേട്ടയെ പ്രതിരോധിച്ചു മുന്നോട്ടു പോകുന്ന ആബിദിന് നിരുപാധിക ഐക്യദാര്‍ഢ്യം,’ ശ്രീജ പോസ്റ്റില്‍ പറയുന്നു.

Content Highlight: Sangh Parivar against the Abid Adivaram with a fake screen shot of harassing the army