| Thursday, 11th October 2018, 3:58 pm

'ഇത് ചുടേണ്ട കാലം കഴിഞ്ഞു' ഭരണഘടന കത്തിച്ചുകളയാന്‍ ആഹ്വാനവുമായി സംഘപരിവാര്‍ നേതാവ്- വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഭരണഘടന കത്തിച്ചുകളയേണ്ടതാണെന്ന ആഹ്വാനവുമായി സംഘപരിവാര്‍ നേതാവിന്റെ പ്രസംഗം. അഭിഭാഷക പരിഷത്ത് ജില്ലാ പ്രസിഡന്റായ മുരളീധരന്‍ ഉണ്ണിത്താനാണ് ഇന്ത്യന്‍ ഭരണഘടനയെ അധിക്ഷേപിച്ചുകൊണ്ട് സംസാരിച്ചത്.

കുമ്പഴയില്‍ കഴിഞ്ഞദിവസം നടന്ന നാമജപ ഘോഷയാത്രയെ അഭിസംബോധ ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടന ചുടേണ്ട കാലം കഴിഞ്ഞെന്നും അത് ചുടുന്ന കാലം വരുമെന്നുള്ളതില്‍ ഒരു സംശയവും വേണ്ടെന്നുമാണ് അദ്ദേഹം പറയുന്നത്.

അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ:

“എന്നാ ഈ ഭരണഘടനയുണ്ടായത്. 1950 ജനുവരി മാസം 26ാം തിയ്യതി. അതുവരെ രാജ്യത്തെ ഭരിച്ചത് ആരാ. ബ്രിട്ടീഷുകാരാണ്. പക്ഷേ നമ്മളെ നയിച്ചതോ നമ്മുടെ ധര്‍മ്മത്തിന്റെ മാര്‍ഗമാണ്. നമ്മുടെ ആചാര്യന്മാരാണ് നമ്മളെ നയിച്ചത്. അല്ലാതെ ഒരു രാഷ്ട്രീയക്കാരനുമല്ല. ഇത് നിങ്ങള്‍ മനസിലാക്കണം. ഇന്ന് ഈ രാജ്യത്തെ, ഇവിടെ നില്‍ക്കുന്ന എത്രപേര് ഐ.പി.സി കണ്ടിട്ടുണ്ട്, സി.ആര്‍.പി.സി കണ്ടിട്ടുണ്ട്. നിയമപുസ്തകങ്ങള് കണ്ടിട്ടുണ്ട്. പക്ഷേ നമ്മള് അന്തസ്സായി ജീവിക്കുന്നത് എന്തുകൊണ്ടാണ്? നമുക്ക് പരസ്പരമുള്ള ബഹുമാനമുണ്ട്. പരസ്പരം ആദരിക്കുന്ന സംസ്‌കാരമുണ്ട്. അമ്മേയെന്നു പറയുന്നതും അച്ഛനെന്നു പറയുന്നതും ഗുരുവെന്നു പറയുന്നതും ഈശ്വരനാണെന്നു പറഞ്ഞത് സുപ്രീം കോടതിയല്ല. നമ്മുടെ ആചാര്യന്മാരാണ്. ഈ മൂല്യങ്ങളാണ് ഭാരതത്തെ നയിക്കുന്നത്.

121 കോടിയിലേറെ ജനതയുണ്ടെന്നാണ് പറയുന്നത്. ഈ ജനങ്ങളില്‍ 99% വും ഈ പറയുന്ന പുസ്തകം കണ്ടിട്ടില്ല. നമ്മുടെ ഭാരതത്തിന്റെ ഭരണഘടന, കണ്ടിട്ടില്ല. അത് എഴുതിവെച്ചേക്കുന്നത് കോട്ടിട്ട കുറേ സായിപ്പന്മാരുണ്ടാക്കിയതാണ്. നിങ്ങള് മനസിലാക്കേണ്ടത്, ഭരണഘടന അംഗീകരിക്കേണ്ടുന്ന സമയത്ത് നമ്മുടെ ജനങ്ങളുടെ അംഗീകാരം അതിന് 14% മാത്രമേയുള്ളൂ. അക്കാലത്തെ ജനസമൂഹത്തില്‍ 14% ജനങ്ങള്‍ക്കു മാത്രം വോട്ടവകാശം ഉണ്ടായിരുന്ന കാലത്താണ് ഈ പണ്ഡാരം നമ്മുടെ തലയില്‍ അടിച്ചേല്‍പ്പിച്ചത്. ഇത് ചുടണ്ട കാലം കഴിഞ്ഞു. ഇത് ചുടുന്ന കാലം വരുമെന്നുള്ളതില്‍ ഒരു സംശയവും വേണ്ട.”

Latest Stories

We use cookies to give you the best possible experience. Learn more