ന്യൂദല്‍ഹി: ഇന്ത്യയില്‍ രണ്ട് മുസ്‌ലിം പ്രധാനമന്ത്രിമാര്‍ ഉണ്ടായിരുന്നെന്ന വ്യാജ പ്രചരണവുമായി ദേശീയ തലത്തില്‍ സംഘപരിവാര്‍. സംഘപരിവാര്‍ വ്യാജപ്രചരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതിലൂടെ കുപ്രസിദ്ധമായ പോസ്റ്റുകാര്‍ഡ് ന്യൂസാണ് ഇപ്പോഴത്തെ പ്രചരണത്തിനു പിന്നിലും.
ഇന്ത്യയില്‍ രണ്ടു മുസ്‌ലിം പ്രധാനമന്ത്രിമാരുണ്ടായിരുന്നെന്നും മൂന്നാമതൊരു മുസ്‌ലിം പ്രധാനമന്ത്രിയുണ്ടാവുന്നത് നരേന്ദ്രമോദി തടഞ്ഞെന്നും അര്‍ത്ഥം വരുന്ന തലക്കെട്ടില്‍ നല്‍കിയ വാര്‍ത്തയിലാണ് ഇന്ദിരാഗാന്ധിയെയും രാജീവ് ഗാന്ധിയെയും രാഹുല്‍ഗാന്ധിയെയും മുസ്‌ലിം മതസ്ഥരായി ചിത്രീകരിക്കുന്നത്.
മുസ്‌ലിം ആയ ഫിറോസ് ജഹാംഗീര്‍ ഗാന്ധിയെയാണ് ഇന്ദിര വിവാഹം കഴിച്ചതെന്നു പറഞ്ഞുകൊണ്ടാണ് ഇന്ദിരയെ പോസ്റ്റുകാര്‍ഡ് ന്യൂസ് മുസ്‌ലീമായി ചിത്രീകരിച്ചിരിക്കുന്നത്. ഇന്ദിര “മൈനുന ബീഗം” എന്ന് പേരുമാറ്റിയിരുന്നെന്നും എന്നാല്‍ താനൊരു ഹിന്ദുവാണെന്ന് ഇന്ത്യക്കാരെ വഞ്ചിക്കാന്‍ പിന്നീട് ഇന്ദിരയെന്ന പേരിലേക്കുമാറിയെന്നും പറഞ്ഞാണ് ഇവര്‍ ഇന്ദിരാഗാന്ധിയെ ഇന്ത്യയിലെ ആദ്യ മുസ്‌ലിം പ്രധാനമന്ത്രിയാക്കിയത്.
ഫിറോസ് ഗാന്ധി പാഴ്‌സിയാണെന്ന വസ്തുതയും ഇരുവരുടെ വിവാഹം ഹിന്ദു ആചാര പ്രകാരമാണ് നടന്നതെന്ന വസ്തുതയും മറച്ചുപിടിച്ചാണ് പോസ്റ്റ്കാര്‍ഡ് ന്യൂസിന്റെ വ്യാജപ്രചരണം.
രാജീവ് ഗാന്ധി ജനിച്ചത് മുസ്‌ലിം ആയാണ് ജനിച്ചതെന്നാണ് മറ്റൊരു പ്രചരണം. ഏതോ ദര്‍ഗയില്‍ രാജീവ് തൊപ്പി ധരിച്ചു നില്‍ക്കുന്ന ഒരു ചിത്രവും നല്‍കിയാണ് വ്യാജപ്രചരണം കൊഴുപ്പിക്കുന്നത്.
“ഇന്ത്യയില്‍ നമ്മള്‍ ദേവതകളെ ആരാധിക്കാറുണ്ട്. എന്നാല്‍ ക്ഷേത്രത്തില്‍ പോയി ദേവിമാരെ ആരാധിക്കുന്ന അതേയാളുകള്‍ ബസില്‍ സ്ത്രീകളെ ഉപദ്രവിക്കുകയും ചെയ്യാറുണ്ട്” എന്ന രാഹുലിന്റെ പരാമര്‍ശം ” ക്ഷേത്രത്തില്‍ പോകുന്നവര്‍ പെണ്‍കുട്ടികളെ ശല്യപ്പെടുത്തുന്നു” എന്നാക്കിയാണ് അദ്ദേഹത്തിനെതിരെ തെറ്റായ പ്രചരണം നടത്തുന്നത്. ഹിന്ദുയിസത്തോട് അദ്ദേഹത്തിന് ആദരവില്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ പരാമര്‍ശം എന്നു പറഞ്ഞാണ് ഇവര്‍ രാഹുല്‍ഗാന്ധിയെ മുസ്‌ലിം ആക്കുന്നത്.