മുംബൈ: മഹാരാഷ്ട്രയിലെ ദളിത് പ്രക്ഷോഭത്തെ താറടിച്ചു കാണിക്കാന്‍ സംഘപരിവാര്‍ ഉയര്‍ത്തിയ പ്രധാന പ്രചരണമായിരുന്നു ദളിത് പ്രക്ഷോഭത്തില്‍ പാകിസ്ഥാന്‍ കൊടിയുയര്‍ത്തിയെന്നത്. പ്രക്ഷോഭകാരികള്‍ പച്ചനിറത്തിലുള്ള ഒരു കൊടിയുയര്‍ത്തിപ്പിടിച്ച ചിത്രം ഉയര്‍ത്തിക്കാട്ടിയായിരുന്നു സംഘപരിവാര്‍ ഈ നുണപ്രചരണം അഴിച്ചുവിട്ടത്.
“ദളിത് പ്രക്ഷോഭം, പാകിസ്ഥാനി കൊടി, ഇതാണ് യഥാര്‍ത്ഥ കഥ” എന്ന ഒരു കുറിപ്പോടുകൂടി ഈ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയകള്‍ വഴി വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ദേശവിരുദ്ധരാണ് മുംബൈയില്‍ പ്രക്ഷോഭം നടത്തുന്നതെന്നുപറഞ്ഞുകൊണ്ടാണ് സംഘപരിവാര്‍ അനുകൂല മാധ്യമങ്ങള്‍ ഈ നുണപ്രചരണം നടത്തിയത്.
എന്നാല്‍ പാകിസ്ഥാന് കൊടിയെന്നതരത്തില്‍ സംഘപരിവാര്‍ ചിത്രത്തില്‍ ഉയര്‍ത്തിക്കാട്ടിയത് ഇസ്‌ലാമിക് കൊടിയാണെന്ന് വ്യക്തമായതോടെയാണ് ഈ നുണ പ്രചരണം പൊളിഞ്ഞത്. ഇരുകൊടികളുടെ ചിത്രസഹിതം വ്യത്യാസം വിശദീകരിച്ച് ആള്‍ട്ട് ന്യൂസാണ് സംഘപരിവാര്‍ പ്രചരണം പൊളിച്ചടുക്കിയത്.
പാകിസ്ഥാന്‍ കൊടിയുടെ ഇടതുഭാഗത്ത് ദീര്‍ഘചതുരാകൃതിയില്‍ വെളുത്തനിറമുണ്ട്. ഒപ്പം കളര്‍ കുറച്ചുകൂടി കടുത്ത നിറത്തുള്ള പച്ചയുമാണ്. ഒപ്പം ചന്ദ്രക്കലയുടെ ആങ്കിളിലും വ്യത്യാസമുണ്ട്. എന്നാല്‍ ഇസ് ലാമിക് ഫ് ളാഗിന് ഇളംപച്ചനിറമാണ്. വെളുത്തഭാഗം ഇല്ലതാനും. ഈ ഫ്‌ളാഗുള്ള ചിത്രം ഉയര്‍ത്തിക്കാട്ടിയാണ് സംഘപരിവാര്‍ ദളിതരെ പാക് അനുകൂലികളായി മുദ്രകുത്തുന്നത്.
അതേസമയം, സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന ചിത്രം ഭീമ കൊറേഗാവ് സംഭവവുമായി ബന്ധപ്പെട്ടതാണോയെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. അടുത്തിടെ ദളിത് പ്രക്ഷോഭങ്ങളില്‍ ഐക്യദാര്‍ഢ്യവുമായി മുസ്‌ലീങ്ങളുടെ സാന്നിധ്യമുണ്ടാവാറുണ്ട്. ദളിത്- മുസ്‌ലിം ഐക്യദാര്‍ഢ്യത്തിന്റെ ഭാഗമായായിരിക്കാം ഇസ്‌ലാമിക് ഫ്‌ളാഗ് പ്രക്ഷോഭത്തില്‍ വന്നത്.