സിന്ധു സൂര്യകുമാറിന് ശേഷം വേണുവിന് പിന്നാലെയും സംഘപരിവാര്‍ വെട്ടുകിളിക്കൂട്ടം
News of the day
സിന്ധു സൂര്യകുമാറിന് ശേഷം വേണുവിന് പിന്നാലെയും സംഘപരിവാര്‍ വെട്ടുകിളിക്കൂട്ടം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 22nd September 2016, 3:32 pm

ഇന്ത്യക്കെതിരായ നിലപാടെടുത്തു വേണു എന്ന് ആക്ഷേപവുമായാണ് നേരത്തെ പറഞ്ഞ സംഘൂസ് വെട്ടുകിളിക്കൂട്ടം ഫോണാക്രമണം തുടങ്ങിയത്. വേണുവിന്റെയും മാതൃഭൂമി ഓഫീസിന്റെയും അവിടത്തെ മറ്റ് ജേണലിസറ്റുകളുടെയും നമ്പരുകള്‍ വാട്‌സാപ്പിലൂടെയും മറ്റും സംഘടിതമായി പ്രചരിപ്പിച്ച് , അവരെ ഈ വെട്ടുക്കിളിക്കൂട്ടത്തെക്കൊണ്ട് തെറിവിളിപ്പിക്കുക എന്നതാണത്രേ രീതി


സിന്ധു സൂര്യകുമാര്‍ നേരിട്ട പോലുള്ള സംഘടിത ആക്രമണത്തിന് വേണുവും ഇരയായിക്കൊണ്ടിരിക്കുകയാണെന്നത് അറിയില്ലായിരുന്നു. വേണുവിനെ ഒരാവശ്യത്തിന് വിളിച്ചപ്പോള്‍ സ്വിച്ച് ഓഫ്. വൈകി പിന്നെയും വിളിച്ചിട്ടും കിട്ടാതായപ്പോള്‍ അവിടത്തെ മറ്റ് സുഹൃത്തുക്കളെ വിളിച്ചപ്പോളാണ് സംഗതി അറിഞ്ഞത്. എപ്പോഴും സജ്ജരായി നമുക്കിടയില്‍ തന്നെ കഴിയുന്ന ആ വെട്ടുക്കിളിക്കൂട്ടം ഫോണ്‍വിളിയാക്രമണം തുടങ്ങിയിട്ടുണ്ട് വേണുവിനെതിരെയും എന്ന്.

സംഗതി ഇതാണ്. കഴിഞ്ഞ ദിവസം വേണു ഉറി ഭീകരാക്രമണം ചര്‍ച്ച ചെയ്യുന്നു. ആക്രമണം ഇന്ത്യ തന്നെ ആസൂത്രണം ചെയ്തതാണെന്ന് പാകിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടല്ലോ , അതിന്റെ വസ്തുതയെന്ത് എന്ന് വേണു ചര്‍ച്ചയില്‍അതിഥിയോട് ചോദിക്കുന്നു. അത്തരം പ്രചരണങ്ങളില്‍ കഴമ്പില്ല എന്ന ആ നയതന്ത്രവിദഗ്ദന്‍ ഉത്തരം പറയുകയും ചെയ്യുന്നു. ഈ ചര്‍ച്ച തീര്‍ന്നതിന് ശേഷമാണ് വേണുവിന് ഫോണെടുക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയത്.

ഇന്ത്യക്കെതിരായ നിലപാടെടുത്തു വേണു എന്ന് ആക്ഷേപവുമായാണ് നേരത്തെ പറഞ്ഞ സംഘൂസ് വെട്ടുകിളിക്കൂട്ടം ഫോണാക്രമണം തുടങ്ങിയത്. വേണുവിന്റെയും മാതൃഭൂമി ഓഫീസിന്റെയും അവിടത്തെ മറ്റ് ജേണലിസറ്റുകളുടെയും നമ്പരുകള്‍ വാട്‌സാപ്പിലൂടെയും മറ്റും സംഘടിതമായി പ്രചരിപ്പിച്ച് , അവരെ ഈ വെട്ടുക്കിളിക്കൂട്ടത്തെക്കൊണ്ട് തെറിവിളിപ്പിക്കുക എന്നതാണത്രേ രീതി. സഹികെട്ട് വേണു ഇപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിട്ടിരിക്കുകയാണ്.

സംഘപരിവാരരാഷ്ട്രീയത്തിന് രാജ്യത്ത് അധികാരം കിട്ടിയ ശേഷം കേരളത്തില്‍ അവര്‍ നടത്തുന്ന രാഷ്ട്രീയപ്രവര്‍ത്തനശൈലി നിരീക്ഷിച്ച് കൊണ്ടിരിക്കുന്നവര്‍ക്ക് അത്ഭുതമുണ്ടാകുുന്ന ഒന്നല്ല ഇത്. ആശയസംവാദത്തിന്റെ വഴി അറിയുന്നവരല്ല സംഘൂസ്.വിമര്‍ശിക്കുന്നവരെ സംഘടിതമായ ആക്രമണത്തിലൂടെ മാനസികമായി തകര്‍ക്കുക എന്നതാണ് ആ രാഷ്ട്രീയപക്ഷത്തിന്റെ ലൈന്‍.

ഹര്‍ഷന്‍ എഴുതിയിരിക്കുന്നത് മൊസാമ്പിക്കില്‍ നിന്നും ബഹ്‌റൈനില്‍ നിന്നും പോലും വിളികള്‍ വരുന്നുവെന്നാണ്. വിളിക്കുന്ന എല്ലാവര്‍ക്കും എന്താണ് സംഗതി എന്ന് പോലും അറിയണമെന്നില്ല. വേണു രാജ്യദ്രോഹിയാണ്, തല്ലും കൊല്ലും എന്നാണ് പറച്ചില്‍.ഈ കൂട്ടായ തുടരന്‍ ഫോണ്‍ വിളികള്‍ വലിയ ഗൗരവത്തിലെടുക്കേണ്ട സംഗതിയല്ല എന്നാണ് നിങ്ങള്‍ക്ക് തോന്നുന്നതെങ്കില്‍ അത് തെറ്റായ ബോധ്യമാണ്. ബാല്‍ താക്കറെ മരിച്ചയന്ന് ഇന്ത്യാവിഷന്‍ ഓഫീസ് അക്ഷരാര്‍ഥത്തില്‍ ഈ ഫോണ്‍വിളികള്‍ കൊണ്ട് സ്തംഭിച്ച് പോയത് ഇതെഴുന്നയാള്‍ക്ക് നേരിട്ട് അറിയാവുന്ന കാര്യമാണ്.

സിന്ധു സൂര്യകുമാര്‍ ആക്രമിക്കപ്പെട്ട കാലത്ത് എന്താണുണ്ടായത് എന്ന് അവരടക്കമുള്ളവര്‍ വിശദീകരിച്ചിട്ടുണ്ട്.എന്നാല്‍ ഇത് വേണുവും സിന്ധുവും മാത്രം നേരിടുന്ന പ്രശ്‌നമൊന്നുമല്ലാ താനും. സംഘപരിവാരികള്‍ക്ക് ഇഷ്ടമല്ലാത്ത രാഷ്ട്രീയനിലപാടുകള്‍ സ്വീകരിക്കുന്ന പല മാധ്യമപ്രവര്‍ത്തകരും ഇത്തരം ഫോണ്‍ വിളി , മെസേജ് ആക്രമണങ്ങള്‍ക്ക് വിധേയരാകുന്നുണ്ട്. ചിലര്‍ അതിനെ തള്ളിക്കളയുന്നു, ചിലര്‍ തിരിച്ച് തെറി വിളിച്ച് ഓടിക്കുന്നു. പക്ഷെ ഈ രണ്ട് മാര്‍ഗങ്ങളും മേല്‍ സൂചിപ്പിച്ച സംഭവങ്ങള്‍ പോലത്തെയുള്ളവ നടക്കുമ്പോള്‍ പോസിബിള്‍ അല്ല. ഒരു നിമിഷം ഒഴിവില്ലാതെയാണ് കയ്യിലെയും ഓഫീസിലെയും ഫോണുകള്‍ ശബ്ദിച്ച് കൊണ്ടിരിക്കുക. സഹികെടും. വെട്ടുക്കിളിക്കൂട്ടങ്ങളാണവര്‍.

കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികളും, ഭരണാധികാരികളും എക്കാലത്തും അതിനിശിതമായ തോതില്‍ മാധ്യമങ്ങളാല്‍ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്.നമ്മുടെ മാധ്യമപ്രവര്‍ത്തന ചരിത്രം തന്നെയും അത്തരം വിമര്‍ശങ്ങളുടെ കൂടെയുമാണ്. അന്നൊന്നും ഇങ്ങനെ സംഘടിതമായി വിമര്‍ശകരെ സ്തംഭിപ്പിച്ച് കളയുന്ന നില അവരാരും സ്വീകരിച്ചിട്ടേയില്ല. നമ്മള്‍ ഇത് വരെ കണ്ട് പരിചയിച്ചിട്ടില്ലാത്ത മറ്റൊരു രാഷ്ട്രീയപക്ഷം വേരൂന്നാന്‍ ശ്രമിക്കുന്നതിന്റെ അപകടകരമായ പല സൂചനകളിലൊന്നായി ഇതിനെ മനസ്സിലാക്കുന്നവര്‍ക്കൊപ്പമാണ് ഞാന്‍.

ആ കമ്പനിയുടെ കളികള്‍ നമ്മള്‍ കാണാനിരിക്കുന്നതേയുള്ളൂ എന്നറിയാം. നിര്‍ഭയമായ അഭിപ്രായപ്രകടനത്തിന് നാട്ടില്‍ ഇടം വേണമെന്ന് വിചാരിക്കുന്ന ഒരാളെന്ന നിലയ്ക്ക് ഞാന്‍ ആ കളികളെ ഭയക്കുന്നുണ്ട്. അതിനാല്‍ ഞാന്‍ വേണുവിനൊപ്പം നില്‍ക്കുന്നു.