| Saturday, 2nd September 2017, 1:12 pm

ഉറപ്പാക്കിയത് മുസ്‌ലിം മത്സ്യത്തൊഴിലാളികള്‍ക്ക് നിഷേധിക്കപ്പെട്ട ആനുകൂല്യം: ശ്രീരാമകൃഷ്ണനെതിരെ വ്യാജ പ്രചരണവുമായി സംഘപരിവാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ മക്കളുടെ പ്രഫഷണല്‍ വിദ്യാഭ്യാസത്തിനുള്ള ഫീസ് ഏറ്റെടുത്തുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിലെ പിഴവ് തിരുത്തിയതിന്റെ പേരില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെതിരെ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രചരണവുമായി സംഘപരിവാര്‍.

മത്സ്യത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസച്ചിലവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവില്‍ ഹിന്ദു ധീരവ- മുക്കുവ വിഭാഗത്തില്‍പ്പെട്ട തൊഴിലാളികള്‍ക്കുള്ള ആനുകൂല്യം മാത്രമാണ് പരാമര്‍ശിച്ചത്. മുസ്‌ലിം ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ പേരു പരാമര്‍ശിച്ചിരുന്നില്ല. ഈ പിഴവ് തിരുത്തി മുസ്‌ലിം ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെക്കൂടി ആനുകൂല്യത്തിന്റെ പരിധിയില്‍ കൊണ്ടുവന്നതിനു പിന്നാലെയാണ് സ്പീക്കര്‍ക്കെതിരെ സംഘപരിവാര്‍ വ്യാജപ്രചരണവുമായി രംഗത്തുവന്നത്.

പ്ലസ് ടു പരീക്ഷയിലും എന്‍ട്രന്‍സ് പരീക്ഷയിലും മികച്ച വിജയം നേടിയ പൊന്നാനിയിലെ മത്സ്യത്തൊഴിലാളികളുടെ മകളായ സുല്‍ഫത്തിന് ഉന്നത പഠനത്തിനായി ഈ ആനുകൂല്യം ഉറപ്പാക്കി നല്‍കിയതിനു പിന്നാലെയായിരുന്നു മന്ത്രിയ്‌ക്കെതിരെ സംഘപരിവാര്‍ രംഗത്തുവന്നത്.

“മുസ്‌ലീം വിഭാഗത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസ ഫീസ് സര്‍ക്കാര്‍ ഏറ്റെടുക്കും: സ്പീക്കര്‍, അല്ലസാറേ, ഒരു സംശയം ക്രിസ്ത്യാനിക്കും ഹിന്ദുവിനും നിങ്ങള്‍ ഒരു സ്ലേറ്റ് പെന്‍സിലെങ്കിലും വാങ്ങിതരുമോ?” എന്നു കുറിച്ചുകൊണ്ടാണ് പ്രതിഷേധിക്കാന്‍ സംഘപരിവാര്‍ ആഹ്വാനം ചെയ്യുന്നത്.

സംഘപരിവാര്‍ പ്രചരണം ശക്തമായതോടെ വിശദികരണവുമായി സ്പീക്കര്‍ സോഷ്യല്‍ മീഡിയകളിലൂടെ മുന്നോട്ടുവരികയും ചെയ്തു.

“കാളപെറ്റെന്ന് കേട്ടപ്പോഴേ കയറെടുത്ത് ചാടിതുള്ളന്ന ചിലരുണ്ട്. യഥാര്‍ത്ഥ വസ്തുത മനസ്സിലാകാത്ത സുമനസ്സുകളുടെ അറിവിലേക്കാണ് ഈ വിശദീകരണം. കേരളത്തിലെ മുസ്‌ലിം മത്സ്യത്തൊഴിലാളികള്‍ക്കു മാത്രം പ്രത്യേക ആനുകൂല്യം വാങ്ങിച്ചു നല്‍കി എന്ന മട്ടിലുള്ള പ്രതികരണം കാണുകയുണ്ടായി. ഇത് വസ്തുതാപരമായി തെറ്റാണ്.
കേരളത്തിലെ മത്സ്യ തൊഴിലാളികളുടെ മക്കളുടെ പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനുള്ള ഫീസ് ഏറ്റെടുത്തു കൊണ്ടുള്ള സര്‍ക്കര്‍ ഉത്തരവ് നേരത്തെ ഇറങ്ങിയതാണ്. ഇതില്‍ ധീവര-മുക്കുവ എന്നുമാത്രം പരാമര്‍ശിച്ചതുകൊണ്ട് മുസ്‌ലിം-ക്രിസ്ത്യന്‍ അടക്കമുള്ള മറ്റുവിഭാഗങ്ങള്‍ക്ക് ആനുകൂല്യം നിഷേധിക്കപ്പെട്ടു. സുല്‍ഫത്തിന്റെ കാര്യത്തില്‍ ഫീസ് മുഴുവനുമടക്കണമെന്ന് എന്‍ട്രന്‍സ് കമ്മീഷണര്‍ നിര്‍ബന്ധം പിടിച്ചത് ഈ സാഹചര്യത്തിലാണ്.

ആദ്യ ഉത്തരവില്‍ വിട്ടുപോയ ഭാഗം റെക്കോഡ് വേഗത്തില്‍ പൂരിപ്പിച്ച് സാമൂ ഹ്യനീതി ഉറപ്പുവരുത്തുകയാണ് സര്‍ക്കാര്‍ചെയ്തത്.

ഇപ്പോള്‍ എല്ലാവിഭാഗങ്ങളിലുംപെട്ട മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ആനുകൂല്യം ഉറപ്പുവരുത്തിയിരിക്കുന്നു.
വസ്തുത ഇതായിരിക്കെ ഉള്ളില്‍വര്‍ഗീയതയുടെ ദുര്‍ഗന്ധം പേറുന്നചിലര്‍ നടത്തുന്ന കമന്റുകള്‍ അസത്യമാണ്. പ്രതിഷേധാര്‍ഹമാണ്.” എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

ഈ വിശദീകരണക്കുറിപ്പിനു താഴെയും മതസ്പര്‍ദ്ധ സൃഷ്ടിക്കുന്ന കമന്റുകളുമായി വന്നവര്‍ക്ക് ചുട്ടമറുപടിയും സ്പീക്കര്‍ നല്‍കുന്നുണ്ട്.

We use cookies to give you the best possible experience. Learn more