തിരുവനന്തപുരം: കാശ്മീരില്‍ കത്വയില്‍ എട്ടുവയസുള്ള മുസ്‌ലിം ബാലികയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ കേരളത്തിന്റെ വ്യത്യസ്ത പ്രതിഷേധം. സംഘപരിവാറിന് എതിരെ വീടുകള്‍ക്ക് മുന്നില്‍ പോസ്റ്ററുകള്‍ പതിച്ചാണ് പ്രതിഷേധം. തിരുവനന്തപുരം കളമച്ചല്‍ പ്രദേശത്താണ് വീടുകള്‍ക്ക് മുന്നില്‍ വ്യാപകമായി പോസ്റ്ററുകള്‍ പതിച്ചത്.
സംഘപരിവാറുകാര്‍ വീട്ടിനകത്തേക്ക് പ്രവേശിക്കരുതെന്നും വീട്ടില്‍ ചെറിയ പെണ്‍കുട്ടികളുണ്ടെന്നുമാണ് പോസ്റ്ററില്‍. വോട്ട് ചോദിക്കാന്‍ വരുന്ന ബി.ജെ.പി പ്രവര്‍ത്തകരും അകത്തേക്ക് കയറരുതെന്നും നോട്ടീസുകളും തെരഞ്ഞെടുപ്പ് കാര്‍ഡുകളും ഗേറ്റിന് മുന്നിലിട്ടാല്‍ മതിയെന്നും ചില പോസ്റ്ററുകളിലുണ്ട്.
മുസ്‌ലിങ്ങളെ പ്രദേശത്ത് നിന്ന് ഭയപ്പെടുത്തി ഓടിക്കുക എന്ന ലക്ഷ്യത്തോടെ പ്രാദേശിക ഹൈന്ദവ സംഘത്തിന്റെ താല്‍പര്യപ്രകാരമാണ് കഴിഞ്ഞ ജനുവരിയില്‍ മുസ്‌ലിം ബാലികയെ നാല് പേര്‍ ചേര്‍ന്ന് കൂട്ട ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയത്. പ്രതികളെ സഹായിക്കാന്‍ സംസ്ഥാനത്തെ ബി.ജെ.പി മന്ത്രിമാരടങ്ങുന്ന ഹൈന്ദവസംഘടന സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ജനവരി പത്തിന് രസനയിലെ വീടിന് പരിസരത്ത് നിന്ന് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം ഏഴു ദിവസങ്ങള്‍ക്ക് ശേഷമാണ് പരിസരത്തെ വനപ്രദേശത്തുനിന്നും ലഭിച്ചത്.
അതേസമയം, എട്ടു വയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവത്തെ ന്യായീകരിച്ചു കൊണ്ട് ഫേസ്ബുക്ക് പോസ്റ്റിട്ട മലയാളിയും ആര്‍.എസ്.എസ് പ്രവര്‍ത്തകനുമായ വിഷ്ണു നന്ദകുമാറിനെതിരെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ കൊട്ടക് മഹീന്ദ്ര ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു.
വിഷ്ണു നന്ദകുമാര്‍ ജോലി ചെയ്യുന്ന കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ബാങ്കിന്റെ ഫേസ്ബുക്ക് പേജില്‍ പൊങ്കാലയിട്ടും വിഷ്ണു നന്ദകുമാര്‍ അസിസ്റ്റന്റ് മാനേജറായി ജോലി ചെയ്യുന്ന പാലാരിവട്ടത്തെ കൊട്ടക് മഹീന്ദ്ര ബാങ്കിന് മുന്നില്‍ പോസ്റ്റര്‍ പതിച്ചും ആളുകള്‍ പ്രതിഷേധിച്ചതിനു പിന്നാലെയാണ് അദ്ദേഹത്തെ പിരിച്ചുവിട്ടതായി കമ്പനി അറിയിച്ചത്.