| Thursday, 2nd November 2023, 6:25 pm

വലയില്‍ കെട്ടി ആഴമുള്ള കിണറിലിറക്കി; ആ റിസ്‌കിനെ കുറിച്ച് ചിത്രീകരണം കഴിഞ്ഞ് എല്ലാവരും പറഞ്ഞു: സംഗീത

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തൊണ്ണൂറുകളില്‍ തമിഴ്, മലയാളം സിനിമകളില്‍ സജീവമായിരുന്ന നടിയാണ് സംഗീത. എന്നാല്‍ പിന്നീട് കരിയരില്‍ നിന്നും അവര്‍ വിട്ടുനിന്നിരുന്നു. ഇപ്പോള്‍ ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ സിനിമയിലെ വിശേഷങ്ങള്‍ പങ്കു വെക്കുകയാണ് താരം.

‘അര്‍ത്ഥന’ എന്ന മലയാള സിനിമക്ക് ശേഷമാണ് ‘അനിയന്‍ ബാവ ചേട്ടന്‍ ബാവ’ സിനിമയില്‍ അഭിനയിച്ചത്. ജയറാം സാര്‍, രാജന്‍ പി. ദേവ്, നരേന്ദ്രപ്രസാദ്, കസ്തൂരി, പ്രേംകുമാര്‍ അങ്ങനെ വലിയൊരു താരനിര തന്നെ ആ സിനിമയിലുണ്ടായിരുന്നു. ഞാന്‍ ചെറിയ പേടിയോടെ ആയിരുന്നു അതിന്റെ സെറ്റിലേക്ക് പോയത്. എന്നാല്‍ ഷൂട്ട് തുടങ്ങിയപ്പോള്‍ തമാശയും സംസാരവുമൊക്കെയായി ആകെ രസമായിരുന്നു.

ഇതുവരെ അഭിനയിച്ച സിനിമകളില്‍ ഏറ്റവും വ്യത്യസ്തമായ കഥാപാത്രം ‘ക്രൈം ഫയല്‍’ സിനിമയിലേതായിരുന്നു. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ചിത്രീകരിച്ച സിനിമയായിരുന്നു അത്. അതില്‍ വളരെ ബോള്‍ഡും ശക്തവുമായ സിസ്റ്റര്‍ അമലയെന്ന കഥാപാത്രമായിട്ടാണ് ഞാന്‍ അഭിനയിച്ചത്. സിസ്റ്റര്‍ അമല കിണറില്‍ മരിച്ചു കിടക്കുന്ന സീന്‍ ഉണ്ടായിരുന്നു.

ആഴമുള്ള ഒരു കിണറില്‍ വെച്ചാണ് ആ സീന്‍ ചിത്രീകരിച്ചത്. അതിനായി ഒരു വലയില്‍ കെട്ടി എന്നെ കിണറിന് അടിയിലേക്ക് ഇറക്കുകയായിരുന്നു. അപകട സാധ്യതയൊന്നും തോന്നിയിരുന്നില്ല. എന്നാല്‍ ഞാനെടുത്ത റിസ്‌കിനെ കുറിച്ച് ചിത്രീകരണം കഴിഞ്ഞപ്പോള്‍ എല്ലാവരും പറയുകയും അഭിനന്ദിക്കുകയും ചെയ്തിരുന്നു.

ചെന്നൈയില്‍ വച്ചാണ് ‘ചിന്താവിഷ്ടയായ ശ്യാമള’യുടെ കഥ ആദ്യമായി കേള്‍ക്കുന്നത്. ശ്രീനി സാറാണ് (ശ്രീനിവാസന്‍) തിരക്കഥയും സംവിധാനവുമെന്ന് പറഞ്ഞപ്പോള്‍ തന്നെ ഞാന്‍ സിനിമ ചെയ്യാന്‍ ഒക്കെയായിരുന്നു. അഭിനേതാവ്, എഴുത്തുകാരന്‍ എന്നീ നിലകളിലെല്ലാം അദ്ദേഹത്തെ ഏറെ ഇഷ്ടമാണ്.

‘വടക്കുനോക്കിയന്ത്രം’ എന്ന സിനിമക്ക് ശേഷം ശ്രീനി സര്‍ സംവിധാനം ചെയ്യുന്ന സിനിമയെന്നത് തന്നെയായിരുന്നു ശ്യാമളയിലേക്കുള്ള പ്രധാന ആകര്‍ഷണം. ടൈറ്റില്‍ റോള്‍ കൂടിയാണെന്നറിഞ്ഞപ്പോള്‍ വല്ലാത്ത സന്തോഷം തോന്നിയിരുന്നു.

പത്തൊമ്പതാമത്തെ വയസ്സിലാണ് രണ്ടു കുട്ടികളുടെ അമ്മയായ ശ്യാമളയെന്ന കഥാപാത്രം ചെയ്യുന്നത്. അന്ന് അതിനെക്കുറിച്ചൊന്നും ആലോചിച്ചിട്ടില്ല. കിട്ടിയ കഥാപാത്രം ഏറ്റവും മികച്ചതാക്കുകയെന്നത് മാത്രമായിരുന്നു ചിന്ത.

തിലകനങ്കിള്‍, ഇന്നസെന്റങ്കിള്‍, നെടുമുടി വേണുവങ്കിള്‍, മാമുക്കോയ, സിദ്ദീഖ് ഉള്‍പ്പെടെയുള്ള മികച്ച ഒരുപാട് അഭിനേതാക്കളുമുണ്ടായിരുന്നു. ശ്രീനി സാര്‍ കഴിഞ്ഞാല്‍ തിലകനങ്കിളിന്റെ കൂടെയായിരുന്നു എന്റെ കൂടുതല്‍ സീനുകളുണ്ടായിരുന്നത്. അദ്ദേഹം വളരെ പരുക്കനാണെന്ന് എന്നോട് പലരും അതിനുമുമ്പ് പറഞ്ഞിരുന്നു. എന്നാല്‍ മറിച്ചായിരുന്നു അനുഭവം.

ഞാന്‍ ചെന്നൈയിലെ തിയേറ്ററുകളില്‍ വച്ചാണ് ‘ചിന്താവിഷ്ടയായ ശ്യാമള’ കണ്ടത്. കണ്ടപ്പോള്‍ വലിയ സന്തോഷമായി. വിചാരിച്ചതിനേക്കാള്‍ പതിന്മടങ്ങ് മികച്ച ഔട്ട് പുട്ടാണ് സ്‌ക്രീനില്‍ കണ്ടത്. ഒരുപാട് പേര്‍ അഭിനന്ദിച്ചു. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചു,’ സംഗീത പറഞ്ഞു.

Content Highlight: Sangeetha Talks About Crime File Movie

We use cookies to give you the best possible experience. Learn more