തൊണ്ണൂറുകളില്‍ തമിഴിലും മലയാളത്തിലും സജീവമായിരുന്ന നടിയാണ് സംഗീത. ശ്രീനിവാസന്‍ തന്നെ രചനയും സംവിധാനവും നിര്‍വഹിച്ച് 1998ല്‍ പുറത്തിറങ്ങിയ ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാര്‍ഡ് സംഗീത നേടിയിട്ടുണ്ട്.
ഒരിടവേളക്ക് ശേഷം സംഗീത തിരിച്ചുവന്ന ചിത്രമായിരുന്നു ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ചാവേർ. കുഞ്ചാക്കോ ബോബൻ, ആന്റണി വർഗീസ് പെപ്പേ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ ശക്തമായ കഥാപാത്രത്തെയായിരുന്നു സംഗീത അവതരിപ്പിച്ചത്.
ടിനു കഥാപാത്രത്തെ കുറിച്ച് പറഞ്ഞപ്പോൾ തന്നെ സിനിമ ചെയ്യാമെന്ന് ഉറപ്പിച്ചിരുന്നുവെന്നും താൻ ചെയ്ത സിനിമകളിൽ ഇമോഷണലി ഏറ്റവും അടുത്ത് നിൽക്കുന്ന ചിത്രമാണ് ചാവേറെന്നും സംഗീത പറഞ്ഞു. റേഡിയോ മാംഗോയോട് സംസാരിക്കുകയായിരുന്നു സംഗീത.
‘ചെറിയ സ്ക്രീൻ സ്പേസുള്ള കഥാപാത്രമാണെന്ന് ടിനു ആദ്യമേ എന്നോട് പറഞ്ഞിരുന്നു. ആ വേഷത്തെ കുറിച്ച് എന്നോട് പറഞ്ഞപ്പോൾ തന്നെ ഞാൻ ടിനുവിനോട് ചോദിച്ചിരുന്നു, എന്തുകൊണ്ടാണ് എന്നെ തെരഞ്ഞെടുത്തതെന്ന്.
ടിനു അതിന് വളരെ സത്യസന്ധമായി പറഞ്ഞത്, ഇത് ആർക്ക് വേണമെങ്കിലും ചെയ്യാൻ കഴിയുന്ന കഥാപാത്രമാണ് പക്ഷെ ചേച്ചി ചെയ്‌താൽ എനിക്ക് സന്തോഷമാണെന്നായിരുന്നു. അത് കേട്ടപ്പോഴാണ് ഈ കഥാപാത്രം ചെയ്യാമെന്ന് ഞാൻ ഉറപ്പിച്ചത്.
ഒരു സിനിമ ചെയ്താലോയെന്ന് ആലോചിക്കുമ്പോഴാണ് ഈ ഓഫർ വരുന്നത്. നമ്മൾ ഇഷ്ടപെടുന്ന നല്ലൊരു ഫിലിം മേക്കർ വന്ന് വിളിക്കുമ്പോൾ എനിക്കതിൽ അങ്ങനെ റിസ്ക് ഒന്നുമിലല്ലോ. ടിനു പറഞ്ഞതിനേക്കാളും ഞാൻ വർക്ക് ചെയ്തതിനേക്കാളുമൊക്കെ എക്സ്പീരിയൻസ് എനിക്ക് കിട്ടിയത് പടം സ്‌ക്രീനിൽ കാണുമ്പോഴായിരുന്നു.
ചാവേർ സ്‌ക്രീനിൽ കാണുമ്പോൾ വേറൊരു വലിയ ഇമോഷണൽ ഫീലുണ്ടായി. ഞാൻ അഭിനയിച്ചത് കൊണ്ടോ ഞങ്ങളുടെ സിനിമ ആയതുകൊണ്ടോയല്ല ആ ഇഷ്ടം വന്നത്. ഞാൻ ചെയ്ത സിനിമകളിൽ ചാവേർ മാത്രമാണ് എനിക്കൊരു എക്സ്ട്രാ സ്പെഷ്യൽ ഇഷ്ടം തോന്നിയത്. ടിനുവിനോടും ആ അടുപ്പം തോന്നി. ഒരു ഫിലിം മേക്കർ എന്നതിനേക്കാൾ ഇങ്ങനെയൊരു കുട്ടിയുടെ കൂടെ വർക്ക് ചെയ്തലോയെന്ന ഒരു ഫീലായിരുന്നു എനിക്ക്,’സംഗീത പറയുന്നു.
Content Highlight: Sangeetha About Chaver Movie