Entertainment
അദ്ദേഹത്തെ അഭിനേതാവായും നിര്‍മാതാവായും സംവിധായകനായും ഞാന്‍ കണ്ടിട്ടുണ്ട്: സംഗീത് പ്രതാപ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 08, 08:23 am
Saturday, 8th February 2025, 1:53 pm

വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ എത്തിയ ഹൃദയം എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് അരങ്ങേറിയ നടനാണ് സംഗീത് പ്രതാപ്. അഭിനയത്തോടൊപ്പം എഡിറ്റിങ് മേഖലയിലും തന്റെ കഴിവ് തെളിയിക്കാന്‍ സംഗീതിന് സാധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ലിറ്റില്‍ മിസ് റാവുത്തര്‍ എന്ന ചിത്രത്തിലൂടെ സംഗീത് മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയിരുന്നു.

ഞാന്‍ വിനീതേട്ടനെ അഭിനേതാവായിട്ട് കണ്ടിട്ടുണ്ട്, സംവിധായകനായി കണ്ടിട്ടുണ്ട്, പ്രൊഡ്യൂസറായിട്ടും കണ്ടിട്ടുണ്ട് – സംഗീത് പ്രതാപ്

വിനീത് ശ്രീനിവാസനെ കുറിച്ച് സംസാരിക്കുകയാണ് സംഗീത് പ്രതാപ്. ഒരു അഭിനേതാവായും സംവിധായകനായും നിര്‍മാതാവും താന്‍ വിനീത് ശ്രീനിവാസനെ കാണുകയും കൂടെ വര്‍ക്ക് ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് സംഗീത് പ്രതാപ് പറയുന്നു. വിനീതിന് എല്ലാവരോടും ഭയങ്കര സ്‌നേഹമാണെന്നും എന്നാല്‍ ഹൃദയത്തില്‍ അഭിനയിക്കുന്നതിന് മുമ്പ് സംവിധായകനായി കഴിഞ്ഞാല്‍ വിനീതിന് ആ സ്‌നേഹമുണ്ടാകുമോ എന്ന് തനിക്ക് സംശയമായിരുന്നെന്നും സംഗീത് പറഞ്ഞു.

എന്നാല്‍ അഭിനേതാക്കളെ കംഫര്‍ട്ടബിള്‍ ആകുന്ന ആളാണ് വിനീതെന്നും അദ്ദേഹത്തിന്റെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ കുറേ കാര്യങ്ങള്‍ പഠിക്കാന്‍ കഴിയുമെന്നും സംഗീത് കൂട്ടിച്ചേര്‍ത്തു. ഓണ്‍ ലൂക്കേഴ്‌സ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സംഗീത് പ്രതാപ്.

‘ഞാന്‍ വിനീതേട്ടനെ അഭിനേതാവായിട്ട് കണ്ടിട്ടുണ്ട്, സംവിധായകനായി കണ്ടിട്ടുണ്ട്, പ്രൊഡ്യൂസറായിട്ടും കണ്ടിട്ടുണ്ട്. ഈ മൂന്ന് സ്റ്റേജിലും ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടുണ്ട്. ഹെലനിലും തണ്ണീര്‍മത്തനിലും ഹൃദയത്തിലും ഞാന്‍ അദ്ദേഹത്തിന്റെ ഈ ഫേസുകള്‍ കണ്ടിട്ടുണ്ട്.

വിനീതേട്ടന് നമ്മളോടൊക്കെ നല്ല സ്‌നേഹമുണ്ട്. ആള് ഭയങ്കര അടിപൊളിയാണ്.

എന്നാല്‍ സംവിധായകനായി മാറിക്കഴിഞ്ഞാല്‍ ആ സ്‌നേഹം നമ്മളോട് ഉണ്ടാകുമോ എന്ന് അറിയില്ലായിരുന്നു. കാരണം ഹൃദയത്തില്‍ അദ്ദേഹം സംവിധായകനും ഞാന്‍ അഭിനേതാവുമാണ്. പക്ഷെ സംവിധായകനായപ്പോഴും അദ്ദേഹം വളരെ കൂള്‍ ആയിട്ടുള്ള മനുഷ്യനാണ്.

സംവിധായകനായാലും നടനായാലും നിര്‍മാതാവായാലും നമ്മളെ കംഫര്‍ട്ടബിള്‍ ആക്കുകയാണ് വിനീതേട്ടന് ആദ്യം ചെയ്യുക. വിനീതേട്ടന്റെ കൂടെ വര്‍ക്ക് ചെയ്യുന്നത് ടോട്ടലി ലേര്‍ണിങ് പ്രോസസാണ്. നമുക്ക് കുറെ കാര്യങ്ങള്‍ പഠിക്കാന്‍ കഴിയും. വിനീതേട്ടന് ആര്‍ട്ടിസ്റ്റുകളെ ട്രീറ്റ് ചെയ്യുന്നതെല്ലാം പഠിക്കാനുള്ളതാണ്,’ സംഗീത് പ്രതാപ് പറയുന്നു.

Content highlight: Sangeeth Prathap talks about Vineeth  Sreenivasan