| Wednesday, 14th February 2024, 9:37 am

സൂപ്പര്‍ ശരണ്യക്ക് ശേഷം സോനാരെയുടെ സ്പിന്‍ ഓഫ്; ചെറിയ റോള്‍ എനിക്കും കിട്ടുമെന്ന് കരുതി: സംഗീത് പ്രതാപ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഫെബ്രുവരി ഒമ്പതിന് തിയേറ്ററിലെത്തി മികച്ച അഭിപ്രായങ്ങള്‍ സ്വന്തമാക്കിക്കൊണ്ടിരിക്കുന്ന റൊമാന്റിക് കോമഡി ചിത്രമാണ് പ്രേമലു. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സിനിമകള്‍ക്ക് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത സിനിമയാണ് ഇത്.

ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള പ്രണയകഥയാണ് പ്രേമലു പറയുന്നത്. ചിത്രത്തില്‍ നസ്ലെന്‍, മമിത ബൈജു, ശ്യാം മോഹന്‍, സംഗീത് പ്രതാപ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായെത്തിയത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ജിഞ്ചര്‍ മീഡിയ എന്റര്‍ടൈമെന്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് സംഗീത് പ്രതാപ്.

എഡിറ്ററായി സിനിമയിലേക്ക് എത്തിയ താരം ആദ്യമായി ഒരു മുഴുനീള വേഷത്തിലെത്തുന്ന സിനിമയാണ് പ്രേമലു. ഗിരീഷ് എ.ഡിയുടെ തന്നെ സൂപ്പര്‍ ശരണ്യയിലും വിനീത് ശ്രീനിവാസന്റെ സിനിമയായ ഹൃദയത്തിലും സംഗീത് ചെറിയ വേഷം അവതരിപ്പിച്ചിരുന്നു.

സൂപ്പര്‍ ശരണ്യക്ക് ശേഷവും താന്‍ സംവിധായകന്‍ ഗിരീഷ് എ.ഡിയെ വിളിക്കാറുണ്ടെന്ന് താരം പറയുന്നു. ആ സിനിമ കഴിഞ്ഞപ്പോള്‍ മമിത ബൈജുവിന്റെ സോന എന്ന കഥാപാത്രത്തെ വെച്ച് ഒരു സ്പിന്‍ ഓഫ് പ്ലാനില്‍ ഉണ്ടായിരുന്നെന്നും സംഗീത് പറഞ്ഞു.

‘എനിക്ക് ഗിരീഷേട്ടനുമായി എപ്പോഴും കോണ്‍ടാക്റ്റ് ഉണ്ടായിരുന്നു. ചെറിയ ഗ്യാപ് വന്നാല്‍ പോലും പിന്നെയും വിളിക്കുമായിരുന്നു. സൂപ്പര്‍ ശരണ്യ കഴിഞ്ഞ സമയത്ത് സ്പിന്‍ ഓഫ് പോലെ ഒരു പരിപാടി പ്ലാനില്‍ ഉണ്ടായിരുന്നു. സോനയുടെ കഥാപാത്രം വെച്ചിട്ടായിരുന്നു അത്.

അതില്‍ സോനയുടെ കസിനായിട്ട് ഞാനുണ്ടല്ലോ. അവളെ വെച്ച് പടം ചെയ്യുമ്പോള്‍ ഒരു ചെറിയ റോള്‍ എങ്കിലും എവിടെയെങ്കിലും വന്നാല്‍ മതിയായിരുന്നു എന്ന് ഞാന്‍ അന്നൊക്കെ ചുമ്മാ ആലോചിക്കുമായിരുന്നു. അത് കഴിഞ്ഞാണ് ഗിരീഷേട്ടന്‍ പ്രേമലുവിന് വേണ്ടി വിളിക്കുന്നത്,’ സംഗീത് പറഞ്ഞു.

ഹൈദരാബാദിനെ ചുറ്റിപ്പറ്റി നടക്കുന്ന പ്രണയകഥയാണ് പ്രേമലുവില്‍ പറയുന്നത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍, ഫഹദ് ഫാസില്‍ എന്നിവരാണ് ചിത്രം നിര്‍മിച്ചത്.

കുമ്പളങ്ങി നൈറ്റ്സ്, പാല്‍തു ജാന്‍വര്‍, ജോജി, തങ്കം എന്നീ സിനിമകള്‍ക്ക് ശേഷം ഭാവന സ്റ്റുഡിയോസ് നിര്‍മിച്ച സിനിമയാണ് പ്രേമലു. മീനാക്ഷി രവീന്ദ്രന്‍, അല്‍ത്താഫ് സലീം, എന്നിവരാണ് മറ്റു താരങ്ങള്‍. മാത്യൂ തോമസും സിനിമയില്‍ ഗസ്റ്റ് റോളില്‍ എത്തിയിട്ടുണ്ട്.


Content Highlight: Sangeeth Prathap Talks About Super Saranya Spin-off

We use cookies to give you the best possible experience. Learn more