തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സിനിമകള്‍ക്ക് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത സിനിമയാണ് പ്രേമലു. മമിത ബൈജു, നസ്‌ലെന്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം ഒരിടവേളക്ക് ശേഷം മലയാളത്തിലെത്തിയ പെര്‍ഫെക്ട് റോം കോം എന്റര്‍ടൈനറാണ്.
പ്രേമലുവിലൂടെ ഏറെ ശ്രദ്ധേയനായ താരമാണ് സംഗീത് പ്രതാപ്. നസ്‌ലെന്റെ സുഹൃത്തായ അമല്‍ ഡേവിസ് എന്ന കഥാപാത്രമായാണ് സംഗീത് ഈ ചിത്രത്തിലെത്തിയത്. ഇപ്പോള്‍ റേഡിയോ സുനോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രേമലുവിലെ തന്റെ കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് താരം.
‘അമല്‍ ഡേവിസിനെ പോലെ ഒരു കൂട്ടുകാരന്‍ തങ്ങള്‍ക്കും ഉണ്ടായിരുന്നെങ്കില്‍ എന്ന് ആളുകള്‍ ആഗ്രഹിക്കുന്ന രീതിയില്‍ ആ കഥാപാത്രത്തിന് ആളുകള്‍ക്കുള്ളില്‍ കയറികൂടാന്‍ സാധിച്ചു. അത് വലിയ ഒരു അച്ചീവ്‌മെന്റാണ്.
ഇപ്പോള്‍ ഒരുപാട് മെസേജുകള്‍ എനിക്ക് ലഭിക്കുന്നുണ്ട്. ഒരു കുട്ടി ഏറ്റവും ക്ലോസായ ഫ്രണ്ടിന്റെ പേര് മൈ അമല്‍ ഡേവിസ് എന്ന് സേവ് ചെയ്തിട്ടുള്ള വീഡിയോ എനിക്ക് ഇന്‍സ്റ്റഗ്രാമില്‍ അയച്ചു തന്നിരുന്നു. അതൊക്കെ വലിയ അച്ചീവ്‌മെന്റ് തന്നെയാണ്.
മലയാള സിനിമയില്‍ സൗഹൃദത്തില്‍ നല്ല സുഹൃത്ത് എന്ന രീതിയില്‍ ആഘോഷിക്കപെട്ട ചില കഥാപാത്രങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. അങ്ങനെ ഒരു കഥാപാത്രമായി വരാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്,’ സംഗീത് പ്രതാപ് പറഞ്ഞു.
അതേസമയം നിറഞ്ഞ സദസുകളില്‍ ഇപ്പോഴും പ്രദര്‍ശനം തുടരുന്ന പ്രേമലു ബോക്സ് ഓഫീസില്‍ പുതിയൊരു റെക്കോഡ് കൂടി നേടിയിരിക്കുകയാണ്. റിലീസ് ചെയ്ത് 12 ദിവസം പിന്നിടുമ്പോള്‍ വേള്‍ഡ് വൈഡായി 50 കോടി കളക്ഷന്‍ ലഭിച്ചെന്നാണ് റിപ്പോര്‍ട്ട്.
എക്സിലെ കളക്ഷന്‍ ട്രാക്കിങ് പേജുകള്‍ പ്രകാരം ചിത്രം 50 കോടി കളക്ഷന്‍ പിന്നിട്ടു. എന്നാല്‍ ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ നിന്ന് ഇതിനെക്കുറിച്ച് ഔദ്യോഗികവിവരം വന്നിട്ടില്ല
Content Highlight: Sangeeth Prathap Talks About Premalu Movie And His Charactor