എന്നെ ആളുകള്‍ കൂടുതല്‍ ആക്സെപ്റ്റ് ചെയ്തത് ആ സിനിമയിലൂടെ; എന്റെ ആക്ടിങ് കരിയറിലെ എന്‍ട്രിയാണ് അത്: സംഗീത് പ്രതാപ്
Film News
എന്നെ ആളുകള്‍ കൂടുതല്‍ ആക്സെപ്റ്റ് ചെയ്തത് ആ സിനിമയിലൂടെ; എന്റെ ആക്ടിങ് കരിയറിലെ എന്‍ട്രിയാണ് അത്: സംഗീത് പ്രതാപ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 22nd February 2024, 8:39 am

എഡിറ്ററായി സിനിമയിലേക്കെത്തി ഇന്ന് പ്രേമലുവെന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയനായ താരമാണ് സംഗീത് പ്രതാപ്. ഇതിന് മുമ്പ് വിനീത് ശ്രീനിവാസന്റെ സിനിമയായ ഹൃദയത്തിലും ഗിരീഷ് എ.ഡിയുടെ സൂപ്പര്‍ ശരണ്യയിലും അഭിനയിക്കാന്‍ താരത്തിന് സാധിച്ചിരുന്നു.

എങ്കിലും സംഗീത് ആദ്യമായി മുഴുനീള വേഷം ചെയ്ത സിനിമയാണ് പ്രേമലു. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സിനിമകള്‍ക്ക് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത സിനിമയാണ് പ്രേമലു.

നസ്‌ലെന്റെ സുഹൃത്തായ അമല്‍ ഡേവിസ് എന്ന കഥാപാത്രമായാണ് സംഗീത് ഈ ചിത്രത്തിലെത്തിയത്. ഇപ്പോള്‍ റേഡിയോ സുനോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഹൃദയം സിനിമയെ കുറിച്ച് സംസാരിക്കുകയാണ് താരം.

‘ഹൃദയമാണ് ഞാന്‍ ആദ്യം ചെയ്യുന്ന പടം. എന്നാല്‍ ആദ്യം തിയേറ്ററിലെത്തിയത് സൂപ്പര്‍ ശരണ്യയാണ്. രണ്ട് ആഴ്ച്ചയുടെ വ്യത്യാസത്തിലാണ് ആ സിനിമകള്‍ പുറത്ത് വരുന്നത്. എന്നാലും എന്നെ ആളുകള്‍ കൂടുതല്‍ ആക്സെപ്റ്റ് ചെയ്തതും ഞാന്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിയതും ഹൃദയം സിനിമയിലൂടെയാണ്.

ഇപ്പോഴാണെങ്കില്‍ ആ സിനിമ ചാനലുകള്‍ ഇടയ്ക്കിടെ ടെലികാസ്റ്റ് ചെയ്യുന്നത് കാരണം കുറേ സാധാരണക്കാരും അമ്മമാരും കുട്ടികളും പ്രേമലുവിന് മുമ്പ് തന്നെ നമ്മളെ അറിയാന്‍ തുടങ്ങി. ഹൃദയമാണ് ശരിക്കും എന്റെ ആക്ടിങ് കരിയറിലെ എന്‍ട്രി,’ സംഗീത് പ്രതാപ് പറഞ്ഞു.

തനിക്ക് നസ്‌ലെനെ നേരത്തെ തന്നെ പരിചമുണ്ടെന്നും അവന്റെ ആദ്യ സിനിമയില്‍ തങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നെന്നും അഭിനയത്തില്‍ സംഗീത് പറഞ്ഞു. താന്‍ തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ സ്‌പോട്ട് എഡിറ്ററായിരുന്നെന്നും ആ സമയം മുതല്‍ നസ്‌ലെന്റെ ഗ്രോത്ത് കണ്ടിട്ടുണ്ടെന്നും താരം പറയുന്നു.

ഇപ്പോള്‍ തന്നെയും നസ്‌ലെനെയും കണ്ടുകഴിഞ്ഞാല്‍ ശരിക്കും സച്ചിനും അമല്‍ ഡേവിസിനെയും പോലെയാണെന്നും അത്രയും ആഴത്തിലുള്ള സൗഹൃദത്തിലെത്തിയത് പ്രേമലു സിനിമക്ക് ശേഷമാണെന്നും സംഗീത് കൂട്ടിച്ചേര്‍ത്തു.


Content Highlight: Sangeeth Prathap Talks About Hridayam Movie