അന്ന് മുതല്‍ നസ്‌ലെന്റെ ഗ്രോത്ത് കണ്ടു; ഇന്ന് ഞങ്ങള്‍ ശരിക്കും സച്ചിനെയും അമല്‍ ഡേവിസിനെയും പോലെ: സംഗീത് പ്രതാപ്
Film News
അന്ന് മുതല്‍ നസ്‌ലെന്റെ ഗ്രോത്ത് കണ്ടു; ഇന്ന് ഞങ്ങള്‍ ശരിക്കും സച്ചിനെയും അമല്‍ ഡേവിസിനെയും പോലെ: സംഗീത് പ്രതാപ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 22nd February 2024, 7:55 am

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സിനിമകള്‍ക്ക് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത സിനിമയാണ് പ്രേമലു. മമിത ബൈജു, നസ്ലെന്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം ഒരിടവേളക്ക് ശേഷം മലയാളത്തിലെത്തിയ പെര്‍ഫെക്ട് റോം കോം എന്റര്‍ടൈനറാണ്.

പ്രേമലുവിലൂടെ ഏറെ ശ്രദ്ധേയനായ താരമാണ് സംഗീത് പ്രതാപ്. നസ്‌ലെന്റെ സുഹൃത്തായ അമല്‍ ഡേവിസ് എന്ന കഥാപാത്രമായാണ് സംഗീത് ഈ ചിത്രത്തിലെത്തിയത്. ഇപ്പോള്‍ റേഡിയോ സുനോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നസ്‌ലെനുമായുള്ള സൗഹൃദത്തെ കുറിച്ച് സംസാരിക്കുകയാണ് താരം.

തനിക്ക് നസ്‌ലെനെ നേരത്തെ തന്നെ പരിചമുണ്ടെന്നും അവന്റെ ആദ്യ സിനിമയില്‍ തങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നെന്നും സംഗീത് പറഞ്ഞു. താന്‍ തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ സ്‌പോട്ട് എഡിറ്ററായിരുന്നെന്നും ആ സമയം മുതല്‍ നസ്‌ലെന്റെ ഗ്രോത്ത് കണ്ടിട്ടുണ്ടെന്നും താരം പറയുന്നു.

ഇപ്പോള്‍ തന്നെയും നസ്‌ലെനെയും കണ്ടുകഴിഞ്ഞാല്‍ ശരിക്കും സച്ചിനും അമല്‍ ഡേവിസിനെയും പോലെയാണെന്നും അത്രയും ആഴത്തിലുള്ള സൗഹൃദത്തിലെത്തിയത് പ്രേമലു സിനിമക്ക് ശേഷമാണെന്നും സംഗീത് കൂട്ടിച്ചേര്‍ത്തു.

‘ഞങ്ങള്‍ നേരത്തെ തന്നെ പരിചമുണ്ട്. നസ്‌ലെന്റെ ആദ്യ സിനിമയില്‍ ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു. ഞാന്‍ തണ്ണീര്‍മത്തനില്‍ സ്‌പോട്ട് എഡിറ്ററായിരുന്നു. ഗിരീഷേട്ടനുമായിട്ടും ആ പടം മുതല്‍ തുടങ്ങിയ പരിചയമാണ്. അപ്പോള്‍ ആ സമയം മുതല്‍ നമ്മള്‍ നസ്‌ലെന്റെ ഗ്രോത്ത് കണ്ടിട്ടുണ്ട്.

പിന്നെ ഞാന്‍ നസ്‌ലെന്‍ ചെയ്ത പത്രോസിന്റെ പടപ്പുകള്‍ സിനിമയില്‍ എഡിറ്ററായിരുന്നു. അതില്‍ അഭിനയിക്കുകയും ചെയ്തിരുന്നു. പിന്നെ നമ്മള്‍ എല്ലാവരും കൊച്ചിയില്‍ തന്നെയായത് കൊണ്ട് തുടര്‍ച്ചയായ കോണ്‍ടാക്ട് ഉള്ളവരാണ്.

എന്നാല്‍ ഇപ്പോള്‍ സത്യത്തില്‍ ഞങ്ങളെ കണ്ടുകഴിഞ്ഞാല്‍ ശരിക്കും സച്ചിനെയും അമല്‍ ഡേവിസിനെയും പോലെത്തന്നെയാണ്. ആ ഒരു ഡീപ്പായ ഫ്രണ്ട്ഷിപ്പിലേക്ക് എത്തിയത് പ്രേമലുവിന് ശേഷമാണ്. അത്രയും ക്ലോസായതും വളരെ അറ്റാച്ചിഡായതും പ്രേമലു സിനിമക്കൊപ്പമാണ്,’ സംഗീത് പ്രതാപ് പറഞ്ഞു.


Content Highlight: Sangeeth Prathap Talks About His Friendship With Naslen