വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ എത്തിയ ഹൃദയം എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് അരങ്ങേറിയ നടനാണ് സംഗീത് പ്രതാപ്. അഭിനയത്തോടൊപ്പം എഡിറ്റിങ് മേഖലയിലും തന്റെ കഴിവ് തെളിയിക്കാന്‍ സംഗീതിന് സാധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ലിറ്റില്‍ മിസ് റാവുത്തര്‍ എന്ന ചിത്രത്തിലൂടെ സംഗീത് മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയിരുന്നു.
ഈ അടുത്തിറങ്ങിയ ബ്രോമാന്‍സ് എന്ന ചിത്രത്തില്‍ ഹരിഹരസുതന്‍ എന്ന കഥാപാത്രമായി എത്തിയത് സംഗീത് പ്രതാപ് ആയിരുന്നു. മികച്ച അഭിപ്രായമാണ് ചിത്രത്തിലെ പ്രകടനത്തിന് സംഗീത് നേടുന്നത്. ഇപ്പോള്‍ ഹരിഹരസുതന്‍ എന്ന കഥാപാത്രത്തെ കുറിച്ചും വരാനുള്ള പ്രൊജക്ടുകളെ കുറിച്ചും സംസാരിക്കുകയാണ് സംഗീത് പ്രതാപ്.
പ്രേമലുവിന്റെ വിജയത്തിനുശേഷം ഒരുപാട് കഥകള്‍ കേട്ടുവെന്നും അതിനിടയ്ക്കാണ് ബ്രോമാന്‍സിന്റെ കഥ കേള്‍ക്കുന്നതെന്നും സംഗീത് പറയുന്നു. ആദ്യ ഡ്രാഫ്റ്റില്‍ തന്നെ തന്റെ കഥാപാത്രം നന്നായി വര്‍ക്കൗട്ട് ആയെന്നും അടുത്തറിയുന്നവരായിരുന്നു ആ ചിത്രത്തിലെന്നും സംഗീത് പറഞ്ഞു.
മോഹന്‍ലാലിനൊപ്പമാണ് അടുത്ത സിനിമയെന്നും അതിന് ശേഷം കുഞ്ചാക്കോ ബോബന്റെ കൂടെയുള്ള ബേബി ഗേള്‍ എന്ന സിനിമയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം പകുതിയോടെ പ്രേമലു 2 തുടങ്ങുമെന്നും ആ സിനിമയുടെ ടീം വീടുപോലെയാണെന്നും സംഗീത് പറഞ്ഞു. മാതൃഭൂമിയോട് സംസാരിക്കുകയായിരുന്നു സംഗീത് പ്രതാപ്.
‘അമല്‍ ഡേവിസിനോടുള്ള താരതമ്യം വരരുത് എന്ന് കരുതി ബോധപൂര്‍വം കഥാപാത്രങ്ങള്‍ക്കുവേണ്ടി കാത്തിരിക്കുകയായിരുന്നു. പ്രേമലുവിന്റെ വിജയത്തിനുശേഷം ഒരുപാട് കഥകള്‍ കേട്ടു. ആഗ്രഹിച്ച വ്യത്യസ്തത അതിലൊന്നിലുമുണ്ടായില്ല. അതിനിടയ്ക്കാണ് ബ്രോമാന്‍സിന്റെ കഥ കേള്‍ക്കുന്നത്.
അടുത്തറിയുന്നവരായിരുന്നു അതിന് പിന്നിലുള്ള ഭൂരിഭാഗം പേരും. രചയിതാക്കളിലൊരാളായ തോമസും എഡിറ്റര്‍ ചമനും ഞാനുമെല്ലാം ഒന്നിച്ച് തുടങ്ങിയവരാണ്. ആദ്യ ഡ്രാഫ്റ്റില്‍ തന്നെ എന്റെ കഥാപാത്രം നന്നായി വര്‍ക്കൗട്ട് ആയി. അടുത്ത ഡ്രാഫ്റ്റില്‍ അത് കുറെക്കൂടി രസകരമായി.
ഹാക്കര്‍ എന്ന മേല്‍വിലാസത്തിലെത്തുന്ന ഹരിഹരസുതന്‍ അമല്‍ ഡേവിസിനോട് ഒട്ടും ബന്ധം തോന്നിക്കാത്തയാളാണ്. റിയല്‍ ലൈഫില്‍പോലും പിടിക്കാത്ത ലുക്കാണ് ഇതിനായി ട്രൈ ചെയ്തത്. ഭാഷപോലും ഒന്ന് ന്യൂട്രല്‍ ആക്കി.
ലാലേട്ടനൊപ്പമുള്ള സിനിമ കഴിഞ്ഞാല്‍ കുഞ്ചാക്കോ ബോബന്റെ കൂടെയുള്ള ബേബി ഗേള്‍ എന്ന സിനിമയാണ്. അതും കഴിഞ്ഞിട്ടുവേണം അമല്‍ ഡേവിസിലേക്ക് തിരിച്ചുപോകാന്‍. ഈ വര്‍ഷം പകുതിയോടെ പ്രേമലു 2 തുടങ്ങും. അതുപിന്നെയൊരു വീടുപോലെയാണ്. സമാധാനത്തോടെ ചെന്നുകയറാവുന്ന സ്ഥലം. അവിടെച്ചെന്നാല്‍ ഗിരീഷേട്ടനുണ്ടാകും. ബാക്കി പുള്ളി നോക്കിക്കോളും,’ സംഗീത് പ്രതാപ് പറയുന്നു.
Content highlight: Sangeeth Prathap talks about Bromance movie and Premalu 2