100 കോടി ക്ലബ്ബിനേക്കാൾ സന്തോഷം എനിക്ക് അതാണ്; സംഗീത് പ്രതാപ്
Malayalam Cinema
100 കോടി ക്ലബ്ബിനേക്കാൾ സന്തോഷം എനിക്ക് അതാണ്; സംഗീത് പ്രതാപ്
അജ്മല്‍ കെ
Wednesday, 26th August 2026, 10:29 pm

താൻ ഭാഗമാകുന്ന സിനിമകൾ വലിയ വിജയമാകുന്നതിൽ സന്തോഷം പങ്കുവെച്ച് നടൻ സംഗീത് പ്രതാപ്. പ്രേമലു, ഹൃദയപൂർവ്വം, ബെത്‌ലഹേം കുടുംബ യൂണിറ്റ് തുടങ്ങിയ സിനിമകൾ വലിയ രീതിയിൽ പ്രേക്ഷകരിലേക്കെത്തിയതിലാണ് ഏറ്റവും കൂടുതൽ സന്തോഷമെന്നും താരം പറഞ്ഞു.

സിനിമകൾ 100 കോടി ക്ലബ്ബിലെത്തുന്നതിനെക്കാൾ അവ ഇത്രയധികം ജനങ്ങളിലേക്ക് എത്തുന്നതാണ് തനിക്ക് സന്തോഷം നൽകുന്നതെന്നും സംഗീത് വ്യക്തമാക്കി. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

സംഗീത് പ്രതാപ്. Photo: Facebook.com

‘ബെത്‌ലഹേം’ സിനിമയുടെ വിജയത്തെക്കുറിച്ച് സംസാരിക്കുമ്പോൾ സംവിധായകൻ ഗിരീഷ് എ.ഡി.യിലുള്ള വിശ്വാസവും സംഗീത് എടുത്തുപറഞ്ഞു. ഷൂട്ടിങ്ങിന് മുൻപ് കഥ പറഞ്ഞു തുടങ്ങിയത് മുതൽ റിലീസ് വരെയുള്ള സിനിമയുടെ ഓരോ ഘട്ടത്തിലും ഭാവന സ്റ്റുഡിയോസ് ഗിരീഷിന് നൽകിയ സ്വാതന്ത്രത്തെ കുറിച്ചും സംഗീത് വ്യക്തമാക്കി.

‘ഗിരീഷേട്ടനിൽ ട്രസ്റ്റ് ചെയ്ത് അവർ സിനിമ മുഴുവനായി ഗിരീഷേട്ടനെ ഏൽപ്പിക്കുകയാണ്. അദ്ദേഹത്തിന് എല്ലാത്തിനുമുള്ള സ്വാതന്ത്ര്യം അവർ കൊടുത്തിട്ടുണ്ട്. അതിനെ ഞാൻ വളരെ റെസ്‌പെക്ട് ആയിട്ടാണ് കാണുന്നത്,’സംഗീത് പറഞ്ഞു.

‘പ്രേമലു’വിന്റെ വിജയത്തിന് പിന്നാലെ എല്ലാവരും ഒരുമിച്ചുകൂടിയത് സക്സസ് മീറ്റിലായിരുന്നെങ്കിൽ, ‘ബെത്‌ലഹേമി’ന്റെ കാര്യത്തിൽ റിലീസ് ദിവസം തന്നെ ആ സന്തോഷം പങ്കിടാൻ സാധിച്ചെന്നും സംഗീത് ഓർത്തെടുത്തു. സിനിമ വലിയ വിജയമായെന്ന് അറിഞ്ഞതോടെ അന്ന് വൈകുന്നേരം എല്ലാവരും ഒത്തുകൂടുകയായിരുന്നു.

സിനിമ കണ്ടതിന് ശേഷമാണ് ദിലീഷ് പോത്തനും ഫഹദ് ഫാസിലും ഉൾപ്പെടെയുള്ളവർ അഭിനന്ദിക്കുകയും അഭിപ്രായങ്ങൾ പങ്കുവെക്കുകയും ചെയ്തതെന്നും സംഗീത് പറഞ്ഞു. പ്രത്യേകിച്ച് ഫഹദ് ഫാസിൽ പറഞ്ഞ കാര്യങ്ങൾ തനിക്ക് ഏറെ സന്തോഷവും ആവേശവും നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഷൂട്ടിങ് ടൈമിൽ ഉള്ളതിനേക്കാൾ സിനിമ കണ്ടു കഴിഞ്ഞാണ് എല്ലാവരും അഭിപ്രായം പറഞ്ഞത്. ഫഹദ് ഇക്ക പറഞ്ഞ കാര്യങ്ങൾ ഒക്കെ വളരെയധികം സന്തോഷവും അഭിമാനവും തോന്നിച്ച വാക്കുകളായിരുന്നു,’ സംഗീത് പറഞ്ഞു.

മമിത ബൈജുവുമായുള്ള അടുത്ത സൗഹൃദത്തെക്കുറിച്ചും സംഗീത് പ്രതാപ് സംസാരിച്ചു. കഴിഞ്ഞ എട്ട് മാസമായി ഇരുവരും ഒരുമിച്ചാണെന്നും ‘ബെത്‌ലഹേം’ ചിത്രത്തിന്റെ ഷൂട്ടിങ്ങിന് പിന്നാലെ ഇരുവരും പ്രധാന വേഷത്തിലെത്തുന്ന ‘ഹലോ ഡിയർ’ എന്ന സിനിമയിലും ഒരുമിച്ച് അഭിനയിച്ചെന്നും സംഗീത് പറഞ്ഞു.

‘ബെത്‌ലഹേമിന്റെ ഷൂട്ട് തുടങ്ങിയത് ഈ ജനുവരിയിലാണ്. അത് കഴിഞ്ഞ ഉടൻ തന്നെ ഞാനും മമിതയും ലീഡ് റോളിൽ ചെയ്യുന്ന ‘ഹലോ ഡിയർ’ എന്ന സിനിമയുടെ ഷൂട്ടും തുടങ്ങി. ഇപ്പോൾ ഷൂട്ട് ഇല്ലെങ്കിലും അവൾ ചെന്നൈയിൽ ആണെങ്കിലും ഞങ്ങൾ എന്നും കാൾ ചെയ്ത് സംസാരിക്കുന്ന ആളുകളാണ്,’ താരം പറഞ്ഞു.

ബെത്ലെഹെമ് കുടുംബ യൂണിറ്റ്. Photo: IMDb

‘മമിത ചെന്നൈയിൽ ആണെങ്കിലും നമ്മൾ എന്നും കാൾ ചെയ്ത് സംസാരിക്കുന്ന ആളുകളാണ്. ഞങ്ങൾ ഫാമിലിയായിട്ട് ഭയങ്കര കണക്ഷൻ ഉള്ള ആൾക്കാരാണ്. എപ്പോഴെങ്കിലും നാട്ടിൽ വന്നാൽ ഇങ്ങോട്ട് ഓടിവരുന്ന ആളാണ് മമിത. നമ്മൾ ഭയങ്കര കൂട്ടാണ്,’ സംഗീത് പ്രതാപ് പറഞ്ഞു.

Content Highlight: Sangeeth prathap  Talks about Bethlehem Kudumba Unit

അജ്മല്‍ കെ
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.