പ്രേമലു തിയേറ്ററിൽ നിറഞ്ഞോടുകയാണ്. റോം കോം ഴോണറിൽ പുറത്തിറങ്ങിയ ചിത്രം ആദ്യദിനം തൊട്ട് ഗംഭീര അഭിപ്രായമാണ് ബോക്സ് ഓഫീസിൽ നേടിയത്.
ഗിരീഷ് എ. ഡി സംവിധാനം ചെയ്ത ചിത്രത്തിൽ നസ്ലെൻ, മമിത ബൈജു തുടങ്ങി യുവ താരങ്ങളാണ് അണിനിരക്കുന്നത്. ചിത്രത്തിൽ നസ്ലെന്റെ സച്ചിൻ എന്ന കഥാപാത്രത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തായി അഭിനയിച്ചിട്ടുള്ളത് സംഗീത് പ്രതാപാണ്. അമൽ ഡേവിസ് എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്.
ചിത്രത്തിലേക്ക് ഓഡിഷൻ വഴിയാണ് തന്നെ തെരഞ്ഞെടുത്തതെന്നും എന്നാൽ സൂപ്പർ ശരണ്യയിൽ അങ്ങനെ ആയിരുന്നില്ലായെന്നും സംഗീത് പറയുന്നു. ചിത്രത്തിലെ പബ്ബ് സീനായിരുന്നു ഓഡിഷൻ സമയത്ത് ചെയ്പ്പിച്ചതെന്നും സംഗീത് പറഞ്ഞു. മിർച്ചി മലയാളത്തോട് സംസാരിക്കുകയായിരുന്നു താരം.
‘പ്രേമലുവിൽ ഓഡിഷൻ ഉണ്ടായിരുന്നു. കാസ്റ്റിങ്ങ് കോൾ ടൈപ്പ് ഓഡിഷനല്ല. ആ വേഷത്തിലേക്ക് ഞാൻ ആയിരുന്നു എന്ന് ഗിരീഷേട്ടന്റെ മനസിൽ ഉണ്ടായിരുന്നത് കൊണ്ട് എന്നെ കൊണ്ട് നടപടിയാവുമോ എന്നറിയാനാണ് എന്നെ വിളിപ്പിച്ചത്.
സൂപ്പർ ശരണ്യയുടെ ടൈമിൽ ഞാൻ അങ്ങോട്ട് ചോദിച്ചിട്ടുണ്ട് പടത്തിന്റെ സ്ക്രിപ്റ്റ്. അന്നൊക്കെ അസോസിയേറ്റ് ഡയറക്ടർ പറഞ്ഞത്, ഗിരീഷേട്ടൻ നിന്നെ ഇങ്ങോട്ട് വിളിച്ചാൽ മതിയെന്നാണ് പറഞ്ഞിട്ടുള്ളത് എന്നായിരുന്നു.
അതിൽ നിന്ന് മാറി ഒരു ഓഡിഷൻ അറ്റൻഡ് ചെയ്യണമെന്ന് പറഞ്ഞപ്പോൾ, അയ്യോ കഴിഞ്ഞ തവണത്തെ വിശ്വാസം നഷ്ടപ്പെട്ടോ എന്നായിരുന്നു ഞാൻ ഓർത്തത്. എന്നാൽ പിന്നെ പോയി ചെയ്ത് എങ്ങനെയെങ്കിലും തെളിയിക്കാം എന്ന് ഞാൻ കരുതി. അത് തെളിയിച്ച് രക്ഷപ്പെടാം എന്നായിരുന്നു ഞാൻ കരുതിയത്.
ഓഡിഷനിൽ ആദ്യം ചെയിപ്പിച്ചത് പബ്ബ് സീൻ ആയിരുന്നു. പിന്നെ ഇടവേളയ്‌ക്ക് ശേഷമുള്ള ഒരു സീനും. ആദിയെ പറ്റി പറയുന്ന സീൻ. കിരൺ ജോസ് എന്ന റൈറ്ററായിരുന്നു സച്ചിനായി എന്റെ കൂടെ നിന്നത്. നമ്മുടെ കൈയിൽ നിന്ന് എന്തുകിട്ടിയാലും കിരൺ ചിരിക്കും. ഗിരീഷേട്ടനും ചിരിക്കും. അപ്പോൾ ഞാൻ ചെയ്യുന്നതെല്ലാം ശരിയാണെന്ന് കരുതും.
പക്ഷെ ഗിരീഷേട്ടൻ പറയും ഇതല്ല സംഭവമെന്ന്. ഗിരീഷേട്ടൻ കറക്റ്റായി കാര്യം പറഞ്ഞുതരും. നമ്മളൊക്കെ ചെയ്യുമ്പോൾ ഒരു സിനിമാറ്റിക്ക് സാധനം കയറി വരും. അതുമാറ്റി റിയലിസ്റ്റിക് ആക്കാനാണ് ഗിരീഷേട്ടൻ ശ്രമിക്കുക,’ സംഗീത് പ്രതാപ് പറയുന്നു.
Content Highlight: Sangeeth Prathap Talk About Audition Of Premalu Movie