|

കേക്കിന് പകരം പഴംപൊരി അദ്ദേഹത്തിന്റെ ഐഡിയായിരുന്നു, അതൊക്കെ വേണോ മോനെ എന്നായിരുന്നു ലാലേട്ടന്‍ ചോദിച്ചത്: സംഗീത് പ്രതാപ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എഡിറ്ററായി മലയാളസിനിമയിലേക്ക് വന്ന നടനാണ് സംഗീത് പ്രതാപ്. അഭിനയത്തില്‍ തന്റേതായ സ്ഥാനം നേടാന്‍ ചുരുക്കം സിനിമകള്‍ കൊണ്ട് സംഗീതിന് സാധിച്ചു. പ്രേമലു എന്ന ചിത്രത്തിലെ അമല്‍ ഡേവിസ് സംഗീതിന് കേരളത്തിന് പുറത്തും ആരാധകരെ നേടിക്കൊടുത്തു. സാക്ഷാല്‍ രാജമൗലി വരെ സംഗീതിനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.

ഈ വര്‍ഷം പുറത്തിറങ്ങിയ ബ്രൊമാന്‍സിലും ഷോ സ്റ്റീലറായി തിളങ്ങിയത് സംഗീതായിരുന്നു. ഹരിഹരസുതന്‍ എന്ന ഹാക്കറായി തിയേറ്ററുകളെ ഇളക്കിമറിക്കാന്‍ സംഗീതിന് സാധിച്ചു. മോഹന്‍ലാല്‍- സത്യന്‍ അന്തിക്കാട് കോമ്പോ ഒന്നിക്കുന്ന ഹൃദയപൂര്‍വമാണ് സംഗീതിന്റെ പുതിയ ചിത്രം. ഹൃദയപൂര്‍വത്തിന്റെ സെറ്റില്‍ വെച്ച് സംഗീതിന്റെ പിറന്നാള്‍ ആഘോഷിച്ചത് വലിയ വാര്‍ത്തയായിരുന്നു.

കേക്കിന് പകരം പഴംപൊരി മുറിച്ച് സംഗീതിന് മോഹന്‍ലാലും സത്യന്‍ അന്തിക്കാടും നല്‍കിയ ഫോട്ടോ വൈറലായി മാറി. അന്നത്തെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സംഗീത് പ്രതാപ്. കേക്ക് മുറിക്കാന്‍ ആദ്യം പ്ലാന്‍ ചെയ്‌തെന്നും എന്നാല്‍ കേക്ക് എത്താന്‍ വൈകിയെന്നും സംഗീത് പറഞ്ഞു. മോഹന്‍ലാലിനും സത്യന്‍ അന്തിക്കാടിനുമൊപ്പം ഫോട്ടോയെടുത്ത ശേഷം പോകാമെന്ന് പിന്നീട് തീരുമാനിച്ചെന്നും സംഗീത് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ അനൂപ് സത്യന്‍ ആ സമയത്ത് പഴംപൊരി കൊണ്ടുവന്നെന്നും അത് തനിക്ക് തന്ന് പിറന്നാള്‍ ആഘോഷിക്കാമെന്ന് നിര്‍ദേശിച്ചെന്നും സംഗീത് പറഞ്ഞു. അതൊക്കെ വേണോ മോനെ എന്ന് സ്വതസിദ്ധമായ ശൈലിയില്‍ മോഹന്‍ലാല്‍ ചോദിച്ചെന്നും അദ്ദേഹവും സത്യന്‍ അന്തിക്കാടും കൂടി തനിക്ക് പഴംപൊരി തന്നെന്നും സംഗീത് പ്രതാപ് കൂട്ടിച്ചേര്‍ത്തു.

ഉച്ചഭക്ഷണത്തിന്റെ സമയത്ത് കാരവനിലിരുന്ന് മോഹന്‍ലാലിന്റെയും സത്യന്‍ അന്തിക്കാടിന്റെയും പഴയകാല അനുഭവങ്ങള്‍ കേട്ടിരിക്കുന്നതായിരുന്നു സ്ഥിരം പരിപാടിയെന്നും അതെല്ലാം മികച്ച ഓര്‍മകളാണെന്നും സംഗീത് പ്രതാപ് പറയുന്നു. ജെറിയെന്നാണ് തന്റെ കഥാപാത്രത്തിന്റെ പേരെന്നും മറ്റൊന്നും പറയാനായിട്ടില്ലെന്നും സംഗീത് പറഞ്ഞു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു സംഗീത് പ്രതാപ്.

‘അന്ന് കേക്കൊക്കെ മുറിക്കാനുള്ള പ്ലാനുണ്ടായിരുന്നു. പക്ഷേ, പറഞ്ഞുവെച്ച കേക്ക് വരാന്‍ ലേറ്റായി. പിന്നീട് ഫോട്ടോ മാത്രമെടുത്തിട്ട് പോകാമെന്ന് തീരുമാനിച്ചു. ആ സമയത്ത് അനൂപേട്ടനാണ് ഒരു പഴംപൊരി കൊണ്ടുവന്നത്. ‘അതൊക്കെ വേണോ മോനേ’ എന്നാണ് ലാലേട്ടന്‍ അത് കണ്ടപ്പോള്‍ ചോദിച്ചത്. പിന്നീട് ലാലേട്ടനും സത്യന്‍ സാറും എനിക്ക് പഴംപൊരി മുറിച്ച് തന്നു.

സെറ്റിലെ ഓര്‍മകള്‍ അടിപൊളിയാണ്. ഉച്ചക്ക് ഫ്ഡിന്റെ സമയത്ത് ലാല്‍ സാറിന്റെ ക്യാബിനിലിരുന്ന് സത്യന്‍ സാറിന്റെയും പഴയ കഥകളൊക്കെ കേള്‍ക്കുമായിരുന്നു. അതൊക്കെ നല്ല എക്‌സ്പീരിയന്‍സായിരുന്നു. ജെറി എന്നാണ് എന്റെ ക്യാരക്ടറിന്റെ പേര്. കൂടുതല്‍ കാര്യം റിവീല്‍ ചെയ്യാനായിട്ടില്ല. ലാലേട്ടന്റെ അമല്‍ ഡേവിസാണെന്ന് വേണമെങ്കില്‍ പറയാം,’ സംഗീത് പ്രതാപ് പറഞ്ഞു.

Content Highlight: Sangeeth Prathap shares the memories of birthday celebration in Hridayapoorvam movie set