|

ഫെയ്ക്ക് ആയിട്ടുള്ള ജാഡ കൊണ്ടുവരാന്‍ ഞാന്‍ 'രാജുവേട്ടന്‍ റഫറന്‍സ്' എടുത്തിരുന്നു: സംഗീത് പ്രതാപ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇപ്പോള്‍ തിയേറ്ററുകളില്‍ നിറഞ്ഞോടുന്ന സിനിമയാണ് അരുണ്‍ ഡി. ബോസ് സംവിധാനം ചെയ്ത ബ്രോമാന്‍സ്. മാത്യു തോമസ്, അര്‍ജുന്‍ അശോകന്‍, മഹിമ നമ്പ്യാര്‍, സംഗീത പ്രതാപ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്.

ഒരു രാജുവേട്ടന്‍ റഫറന്‍സ് ഞാന്‍ എടുത്തിരുന്നു – സംഗീത് പ്രതാപ്

ബ്രോമാന്‍സ് എന്ന ചിത്രത്തില്‍ ഹരിഹരസുതന്‍ എന്ന കഥാപാത്രമായി എത്തിയത് സംഗീത് പ്രതാപ് ആയിരുന്നു. മികച്ച അഭിപ്രായമാണ് ചിത്രത്തിലെ പ്രകടനത്തിന് സംഗീത് നേടുന്നത്. ഇപ്പോള്‍ ഹരിഹരസുതന്‍ എന്ന കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് സംഗീത് പ്രതാപ്.

ഹരിഹരസുതന്‍ എന്ന കഥാപാത്രം ചെയ്യുമ്പോള്‍ താന്‍ കുറച്ച് തയ്യാറെടുപ്പുകള്‍ നടത്തിയെന്നും അമല്‍ ഡേവിസുമായി സാമ്യത വരാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നുവെന്നും സംഗീത് പ്രതാപ് പറയുന്നു.

ഹരിഹരസുതന്‍ എന്ന ക്യാരക്ടര്‍ ഇടക്ക് ഫെയ്ക്ക് ആയിട്ടുള്ള ജാഡ ഇടുമെന്നും അതിന് റഫറന്‍സായി എടുത്തത് പൃഥ്വിരാജിനെ ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സംഗീത് പ്രതാപ്.

‘അരുണ്‍ ചേട്ടന്‍ (അരുണ്‍ ഡി. ജോസ്) എന്റെ അടുത്ത് വന്നിട്ട് ഹരിഹരസുതന്റെ കാര്യം പറയുമ്പോള്‍ രണ്ട് കാര്യമാണ് ആദ്യം പറഞ്ഞത്. ഒന്നാമത്തേത് ഇയാള്‍ക്ക് അടുത്ത് നില്‍ക്കുന്ന ആളുകളോട് വലിയ റെസ്‌പെക്ടോ കാര്യങ്ങളോ ഒന്നും ഇല്ല, പുച്ഛമാണ്. രണ്ടാമത്തേത് ഒരു ചെറായിക്കാരന്‍ ആണെന്നാണ്. എന്റെ വീടും ചെറായില്‍ തന്നെയാണ്.

അതുകൊണ്ടുതന്നെ ഞാന്‍ സൂം ഔട്ട് ചെയ്ത് നോക്കുമ്പോള്‍ ഇതുതന്നെയാണ് അമല്‍ ഡേവിസും. അമല്‍ ഡേവിസും ഇതുപോലെതന്നെയാണ്, ആരോടും വലിയ റെസ്‌പെക്ട് ഒന്നും ഇല്ല, തോന്നുന്നതെല്ലാം വിളിച്ച് പറയും. എന്നാല്‍ വളരെ സാധാരണക്കാരനുമാണ്.

എനിക്ക് പൊതുവെ ഈ ഹാക്കര്‍ പരിപാടികള്‍ ഒട്ടും വര്‍ക്കല്ല. പ്രത്യേകിച്ച് മലയാള സിനിമയില്‍. ഇവര്‍ ഹാക്കറെ ട്രീറ്റ് ചെയ്യുന്നതും എനിക്ക് ഓക്കെ അല്ല. ഹുഡിയും കാര്യങ്ങളും ഒക്കെയാണ് പൊതുവെ. എന്നാല്‍ ബ്രോമാന്‍സില്‍ സ്ഥിരമായി ഹുഡിയും മറ്റുമിടുന്ന ഒരു ഹാക്കറല്ല. ആള്‍ക്ക് കുറെ അബദ്ധങ്ങള്‍ ഉണ്ടാകുന്നുണ്ട്. പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ സ്ഥിരമായി നമ്മള്‍ കാണുന്നതുപോലെ ഇയാളുടെ ഹാക്കിങ്ങില്‍ ഇയാള്‍ മണ്ടനുമല്ല.

ഇതൊക്കെയായിരുന്നു ഹരിഹരസുതന്‍ എന്ന ക്യാരക്ടറിലേക്ക് എന്നെ ആകര്‍ഷിച്ചത്. അതുകൊണ്ടുതന്നെ ഈ കഥാപാത്രത്തിനായി ഞാന്‍ കുറച്ച് പ്രിപ്പയര്‍ ചെയ്ത് വന്നിരുന്നു. കുറച്ച് ഫെയ്ക്ക് ആയിട്ടുള്ള ജാഡ കൊണ്ടുവരാം. എന്തെങ്കിലും ഫൈന്‍ഡിങ്സ് കിട്ടുമ്പോഴോ ലീഡ് കിട്ടുമ്പോഴോ ഒരു ജാഡ കൊണ്ടുവരും. അപ്പോള്‍ ആ ജാടയിലായിരിക്കും സംസാരവും കാര്യങ്ങളുമൊക്കെ. ഒരു രാജുവേട്ടന്‍ റഫറന്‍സ് ഞാന്‍ എടുത്തിരുന്നു,’ സംഗീത് പ്രതാപ് പറയുന്നു.

Content highlight: Sangeeth Prathap says he took reference from Prithviraj for his character in Bromance movie