തിയേറ്ററിൽ ഇരിക്കുമ്പോഴാണ് വിനീതേട്ടൻ വിളിക്കുന്നത്; ഹൃദയത്തിലെ സ്പൂഫ് പറഞ്ഞപ്പോൾ അതായിരുന്നു മറുപടി: സംഗീത് പ്രതാപ്
Film News
തിയേറ്ററിൽ ഇരിക്കുമ്പോഴാണ് വിനീതേട്ടൻ വിളിക്കുന്നത്; ഹൃദയത്തിലെ സ്പൂഫ് പറഞ്ഞപ്പോൾ അതായിരുന്നു മറുപടി: സംഗീത് പ്രതാപ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 7th March 2024, 10:39 pm

പ്രേമലു റിലീസ് ആയതിന് ശേഷം വിനീത് ശ്രീനിവാസൻ തന്നെ വിളിച്ചിരുന്നെന്ന് നടനും എഡിറ്ററുമായ സംഗീത് പ്രതാപ്. വിനീത് തന്നെ വിളിച്ചിരുന്നെന്നും അദ്ദേഹം അന്ന് പടം കണ്ടിരുന്നില്ലെന്നും സംഗീത് പറഞ്ഞു. തങ്ങൾ തിയേറ്ററിൽ ഇരിക്കുമ്പോഴാണ് വിനീത് തന്നെ വിളിച്ചതെന്നും ഹൃദയത്തിന്റെ സ്പൂഫ് ഉള്ളത് പറഞ്ഞപ്പോൾ അതൊന്നും കുഴപ്പമില്ലെന്നും അടിപൊളിയല്ലേയെന്നുമായിരുന്നു വിനീതിന്റെ മറുപടിയെന്നും സംഗീത് കൂട്ടിച്ചേർത്തു. റെഡ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘വിനീതേട്ടൻ എന്നെ വിളിച്ചിരുന്നു. പുള്ളി അന്ന് പടം കണ്ടിട്ടില്ലായിരുന്നു. ഞങ്ങൾ തിയേറ്ററിൽ ഇരിക്കുന്ന സമയത്താണ് വിളിച്ചത്. എടാ നീ അടിച്ചെന്ന് കേട്ടു എന്ന് പറഞ്ഞിട്ട് എന്നെ വിളിച്ചു. ചേട്ടാ എല്ലാവരും നല്ലത് പറയുന്നുണ്ട് എന്ന് ഞാൻ പറഞ്ഞു. നമ്മുടെ പിള്ളേർ എല്ലാരും കണ്ടിട്ട് വിളിച്ചിരുന്നു എന്ന് ചേട്ടൻ പറഞ്ഞു.

ഹൃദയത്തിൽ പ്രണവിന്റെ കൂടെ ഉണ്ടായിരുന്ന അശ്വത് ലാൽ ഉണ്ട്. അവനൊക്കെ പടം കണ്ടിട്ട് വിനീതേട്ടനെ വിളിച്ചു. കണ്ടിട്ട് രസമായിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. അപ്പോൾ ഞാൻ വിനീതേട്ടനോട് കുറച്ച് ഹൃദയത്തിന്റെ എന്ന് പറഞ്ഞപ്പോൾ തന്നെ ‘എടാ അതൊന്നും കുഴപ്പല്ല, എല്ലാവരും പറഞ്ഞു അതൊക്കെ രസമല്ലേ. അടിപൊളി അല്ലേ’ എന്നൊക്കെ പുള്ളി പറഞ്ഞു,’ സംഗീത് പറയുന്നു.

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സിനിമകള്‍ക്ക് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത സിനിമയായിരുന്നു പ്രേമലു. മമിത ബൈജു, നസ്‌ലെന്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം ഒരിടവേളക്ക് ശേഷം മലയാളത്തിലെത്തിയ പെര്‍ഫെക്ട് റോം കോം എന്റര്‍ടൈനറാണ്.

ഫെബ്രുവരി എട്ടിന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമ മാര്‍ച്ച് എട്ടിന് തെലുങ്കില്‍ റിലീസ് ചെയ്യും. രാജമൗലിയുടെ മകന്‍ എസ്.എസ് കാര്‍ത്തികേയയാണ് തെലുങ്കിലെ റൈറ്റ്‌സ് സ്വന്തമാക്കിയത്.

മമിതയും നസ്‌ലെനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, ശ്യാം മോഹന്‍, അല്‍ത്താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ തുടങ്ങിയവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. സച്ചിന്‍ എന്ന കഥാപാത്രത്തെ നസ്‌ലെനും റീനു എന്ന കഥാപാത്രത്തെ മമിതയുമാണ് അവതരിപ്പിച്ചത്.

Content Highlight: Sangeeth prathap about vineeth sreenivasan’s call