നസ്‌ലെനും മമിതയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഒരു കോമഡി റൊമാന്റിക് ചിത്രമാണ് പ്രേമലു. നസ്‌ലെനും മമിതയ്ക്കും പുറമെ അഖില ഭാർഗവൻ, സംഗീത് പ്രതാപ്, ശ്യാം മോഹൻ, അൽത്താഫ് സലിം, മീനാക്ഷി രവീന്ദ്രൻ തുടങ്ങിയവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ചിത്രത്തിന്റെ അവസാനം ഭാഗത്ത് കല്യാണ റിസെപ്ഷനിൽ മീനാക്ഷി രവീന്ദ്രന്റെ പാട്ട് പ്രേക്ഷകരെ ഒന്നടങ്കം ചിരിപ്പിക്കുന്നുണ്ട്. ആ പാട്ടിനെക്കുറിച്ച് സംസാരിക്കുകയാണ് സംഗീത് പ്രതാപ്. മീനാക്ഷി പാട്ട് പാടുമ്പോൾ തങ്ങൾക്ക് ഒരുപാട് ഡയലോഗ് പറയാനുണ്ടെന്നും എന്നാൽ പാട്ട് കാരണം പെർഫോം ചെയ്യാൻ പറ്റിയില്ലെന്നും സംഗീത് പറഞ്ഞു.
തങ്ങളുടെ ഷോട്ടിന്റെ ഇടയിൽ ബാക്ഗ്രൗണ്ടിലാണ് മീനാക്ഷി പാടുന്നതെന്നും അത് കാരണം തങ്ങൾക്ക് അഭിനയിക്കാൻ കഴിഞ്ഞില്ലെന്നും സംഗീത് പറയുന്നുണ്ട്. അവസാനം ആ സൗണ്ട് ഒന്ന് കുറക്കാൻ താൻ അവരോട് പറഞ്ഞെന്നും സംഗീത് കൂട്ടിച്ചേർത്തു. റെഡ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘നമ്മൾക്ക് ഇത്രയും ഡയലോഗ് ഉണ്ട്. ആദിയെ റോസ്റ്റ് ചെയ്യണം, ബാക്കി പരിപാടി പിടിക്കണം. അതിനിടയിൽ ഷോർട്ടിന്റെ ബാക്ഗ്രൗണ്ടിലാണ് ഇവള് പാടുന്നത്. അത്രയും അഭിനയിക്കേണ്ട ആവശ്യമില്ല. ഇവരുടെ ശബ്ദം കാരണം ഞങ്ങൾക്ക് പെർഫോം ചെയ്യാൻ പറ്റുന്നില്ല.
ഇവരെല്ലാവരും അവളുടെ ആ പരിപാടി കേട്ടിട്ടാണ് ചിരിക്കുന്നത്. ഞങ്ങളുടെ പെർഫോമൻസ് കണ്ടിട്ട് പോലുമല്ല. ഞാൻ ആദ്യം പറഞ്ഞു, ആ സൗണ്ട് ഒന്ന് കുറക്കാൻ പറയൂ എന്ന്. വളരെ ദൂരെ സ്ഥലത്തു നിന്നാണ് അവൾ പാടുന്നത്. അവൾ അലറി വിളിക്കുകയാണ്,’ സംഗീത് പറഞ്ഞു.
തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സിനിമകള്‍ക്ക് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത സിനിമയാണ് പ്രേമലു. മാത്യു തോമസ്, മീനാക്ഷി രവീന്ദ്രന്‍, ശ്യാം മോഹന്‍, അല്‍ത്താഫ് സലിം എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കര്‍ എന്നിവരാണ് ചിത്രം നിര്‍മിച്ചത്. വിഷ്ണു വിജയ് സംഗീതസംവിധാനവും, അജ്മല്‍ സാബു ഛായാഗ്രഹണവും നിര്‍വഹിച്ചു.
Content Highlight: Sangeeth prathap about meenakshi’s song