അമൽ ഡേവിസ് എന്ന കഥാപാത്രത്തിന്റെ വലിപ്പം തനിക്കറിയില്ലായിരുന്നെന്ന് സംഗീത് പ്രതാപ്. സ്ക്രിപ്റ്റ് വായിച്ചപ്പോഴാണ് എല്ലാ പേജിലും അമൽ ഡേവിസിനെ കണ്ടതെന്നും സംഗീത് പറഞ്ഞു. തന്നോട് കാർ ഓടിക്കാൻ പഠിക്കാൻ പറഞ്ഞിരുന്നെന്നും സംഗീത് പറയുന്നുണ്ട്. റെഡ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ഗിരീഷേട്ടൻ എന്നെ വിളിച്ചിട്ട് ഒരു ഓഡിഷൻ ഉണ്ട് വരാൻ പറ്റുമോ എന്ന് ചോദിച്ചു. ഞാൻ നേരെ അവിടെ എത്തുന്നു. ഒന്ന് രണ്ട് മെയിൻ സീനുകൾ ആണ് ചെയ്യിപ്പിച്ചത്. ഓരോന്നും കഴിയുമ്പോൾ ഞാൻ ഒന്നും കൂടെ ചെയ്യണമല്ലേ എന്ന ചോദിക്കും. ഒരുപാട് ചെയ്യേണ്ടിവരും എന്ന് ഗിരീഷേട്ടൻ ഇങ്ങനെ പറയുന്നു.
കിരൺ ആണ് എന്റെ ഓപ്പോസിറ്റ് നിൽക്കുന്നത്. നമ്മൾ കയ്യിൽ നിന്ന് ഇടുമ്പോൾ കിരൺ നന്നായിട്ട് ചിരിക്കും. അപ്പോൾ നമ്മൾ അത് അടിപൊളി ആണെന്ന് വിചാരിക്കുമ്പോൾ ഗിരീഷേട്ടൻ പറയും അത് വേണ്ട വേറെ വേണമെന്ന്. ഗിരീഷേട്ടൻ ശരിക്കും ചിരിക്കുന്നതാണ്. ആ പരിപാടി വർക്ക് ആയിട്ടാണ് ചിരിക്കുന്നത്. പക്ഷെ ഈ കഥാപാത്രത്തിന് വേണ്ടത് അതല്ല എന്ന് മാത്രമേയുള്ളൂ.
രണ്ടാമത്തെ ഓഡിഷൻ വിളിച്ചു. ആദ്യത്തെ ഓഡിഷന് ടെൻഷൻ അടിച്ചാണ് പോകുന്നത്. രണ്ടാമത്തെത് ആയപ്പോൾ കുറച്ച് പ്രിപ്പയേർഡ് ആയിപ്പോയി. എന്തായാലും കിട്ടില്ല, ചെയ്തത് മോശമായി എന്ന് വിചാരിച്ചിട്ടാണ് ഞാൻ ഫസ്റ്റ് ടൈം ഇറങ്ങിപ്പോരുന്നത്. സെക്കൻഡ് ടൈം പോയപ്പോൾ എനിക്ക് മൂന്ന് സീനിന്റെ ഡയലോഗ് ഒക്കെ ഓർമയുണ്ട്.
അത് പ്ലാൻ ചെയ്തു പോയപ്പോഴേക്കും ഗിരീഷേട്ടൻ എന്നോട് പറഞ്ഞു കഴിഞ്ഞതവണ ചെയ്തത് നന്നായിരുന്നല്ലോ, ആ പരിപാടി എവിടെ എന്ന്. ഞാൻ ഓക്കേ ഏട്ടാ എന്ന് പറഞ്ഞു പോരുന്നു. കാർ ഡ്രൈവിംഗ് പഠിക്കണം എന്ന് പറഞ്ഞിരുന്നു. എനിക്ക് കാറോടിക്കാൻ അറിയില്ലെന്ന് ഇവർക്ക് നന്നായിട്ട് അറിയാം.
അപ്പോഴാണ് ഞാൻ ഏകദേശം സിനിമയിൽ ഉണ്ടെന്ന് എനിക്ക് മനസിലായത്. അപ്പോഴും അമൽ ഡേവിസിന്റെ വലിപ്പം എനിക്കറിയില്ല. ഒരു രണ്ടുമൂന്നു സീൻ വായിച്ചതിൽ നിന്ന് നമ്മൾ ഉണ്ടാക്കുന്ന കഥയിൽ നിന്ന് എവിടെയൊക്കെയോ ഉള്ള ക്യാരക്ടർ ആണെന്ന് മനസ്സിലായി. ഇത്രയും പ്രാധാന്യമുള്ള പരിപാടിയാണെന്ന് മനസിലായിരുന്നില്ല. സ്ക്രിപ്റ്റ് വായിച്ചപ്പോൾ എല്ലാ പേജിലും അമൽ ഡേവിസ് ഉണ്ട്. ഡയലോഗ് കൂടുതലാണല്ലോ എന്നാണ് തോന്നിയത്,’ സംഗീത് പ്രതാപ് പറഞ്ഞു.
Content Highlight: Sangeeth prathap about his character depth