പ്രേമലുവിൽ അങ്ങനെ കാണിച്ചത് ഫാൻ ഫോളോവിങ്ങ് നോക്കിയാണ്, ശ്യാമിന് ശരിക്കുമുള്ള സി.ബി.എസ്.ഇ അറിയില്ല: സംഗീത് പ്രതാപ്
Entertainment
പ്രേമലുവിൽ അങ്ങനെ കാണിച്ചത് ഫാൻ ഫോളോവിങ്ങ് നോക്കിയാണ്, ശ്യാമിന് ശരിക്കുമുള്ള സി.ബി.എസ്.ഇ അറിയില്ല: സംഗീത് പ്രതാപ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 24th February 2024, 8:13 am

പ്രേമലു തിയേറ്ററിൽ നിറഞ്ഞോടുകയാണ്. റോം കോം ഴോണറിൽ പുറത്തിറങ്ങിയ ചിത്രം ആദ്യദിനം തൊട്ട് ഗംഭീര അഭിപ്രായമാണ് ബോക്സ്‌ ഓഫീസിൽ നേടിയത്.

ഗിരീഷ് എ. ഡി സംവിധാനം ചെയ്ത ചിത്രത്തിൽ നസ്ലെൻ, മമിത ബൈജു തുടങ്ങി യുവ താരങ്ങളാണ് അണിനിരക്കുന്നത്. ചിത്രത്തിൽ നസ്ലെന്റെ സച്ചിൻ എന്ന കഥാപാത്രത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തായി അഭിനയിച്ചിട്ടുള്ളത് സംഗീത് പ്രതാപാണ്. അമൽ ഡേവിസ് എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്.

ചിത്രത്തിൽ ശ്യാം മോഹൻ അവതരിപ്പിച്ച ആദിയെന്ന കഥാപാത്രവുമായുള്ള ഒരു കോമ്പിനേഷൻ സീനിൽ സി.ബി.എസ്.ഇയും സ്റ്റേറ്റ് സിലബസും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് തമാശ പോലെ പറയുന്നുണ്ട്. എന്നാൽ ചിത്രത്തിൽ സ്റ്റേറ്റ് സിലബസായി അഭിനയിച്ച താൻ ശരിക്കും സി.ബി.എസ്.ഇയിൽ പഠിച്ചതാണെന്നും ശ്യാം മോഹൻ സ്റ്റേറ്റ് സിലബസായിരുന്നുവെന്നും സംഗീത് പറയുന്നു.

ട്രോളുകളിൽ ഫാൻ ഫൈറ്റ് പോലെ നടക്കുന്നത് കൊണ്ടാണ് ഒരു തമാശ പോലെ ചിത്രത്തിൽ അതുപയോഗിച്ചതെന്ന് സംഗീത് പറഞ്ഞു. മിർച്ചി മലയാളത്തോട് സംസാരിക്കുകയായിരുന്നു താരം.

‘എനിക്ക് രണ്ടും പറയാൻ കഴിയും കാരണം ഞാൻ പത്തുവരെ സി.ബി.എസ്.ഇ ആയിരുന്നു. പ്ലസ് വൺ, പ്ലസ് ടു സ്റ്റേറ്റ് സിലബസും. ആദ്യ പത്ത് വർഷം അനുഭവിക്കാത്ത എല്ലാ അടിച്ച് പൊളി ജീവിതവും ആ രണ്ട് കൊല്ലം കൊണ്ട് ഞാൻ അനുഭവിച്ചിരുന്നു. എനിക്ക് സ്റ്റേറ്റാണ് കുറച്ചുകൂടെ ഇഷ്ടം.

എന്നുകരുതി സി. ബി. എസ്. ഇ കുട്ടികളെ ഇഷ്ടമല്ല എന്നല്ല. കാരണം എന്റെ ഒരുപാട് അടുത്ത സുഹൃത്തുക്കൾ സി.ബി.എസ്.ഇയിൽ പഠിച്ചവരാണ്. ട്രോളുകളിലൊക്കെ കാണാറുണ്ട്, ഓരോ ഫാൻ ഫൈറ്റുകൾ പോലെ തന്നെയാണ് സി.ബി.എസ്.ഇയും സ്റ്റേറ്റും കാണിക്കാറുള്ളത്. ഉറപ്പായിട്ടും സ്റ്റേറ്റിന് കുറച്ച് ഫാൻ ഫോളോവിങ്ങ് കൂടുതൽ ഉള്ളത് കൊണ്ട് മാത്രം സിനിമയിൽ അങ്ങനെ പിടിച്ചുവെന്നേയുള്ളൂ.

ഇതിലെ കോമഡിയെന്ന് പറയുന്നത്. പ്രേമലുവിൽ സ്റ്റേറ്റായി അഭിനയിച്ച ഞാൻ ശരിക്കും സി. ബി. എസ്. ഇയും ഞങ്ങൾ അങ്ങനെ വിളിക്കുന്ന ശ്യാം സ്റ്റേറ്റിൽ പഠിച്ചതുമാണ്.

സത്യത്തിൽ ശ്യാമിന് ശരിക്കുമുള്ള സി. ബി.എസ്.ഇ അറിയില്ല . കഥാപാത്രങ്ങൾ തമ്മിൽ ആ ഷിഫ്റ്റ്‌ ഉണ്ട്,’സംഗീത് പ്രതാപ് പറയുന്നു.

Content Highlight: Sangeeth Prathab Talk About State –  Cbse Fight In Premalu