വിനീത് ശ്രീനിവാസന്‍ മലയാളസിനിമക്ക് സമ്മാനിച്ച നടനാണ് സംഗീത് പ്രതാപ്. പ്രണവ് മോഹന്‍ലാല്‍ നായകനായ ഹൃദയത്തിലൂടെയാണ് സംഗീത് അഭിനയലോകത്തേക്ക് കടന്നുവന്നത്. അഭിനയത്തോടൊപ്പം എഡിറ്റിങ് മേഖലയിലും സംഗീത് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
2024ല്‍ പുറത്തിറങ്ങിയ ലിറ്റില്‍ മിസ് റാവുത്തര്‍ എന്ന ചിത്രത്തിലൂടെ മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് സംഗീത് സ്വന്തമാക്കി. കഴിഞ്ഞവര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ പ്രേമലുവിലൂടെ കേരളത്തിന് പുറത്തും സംഗീത് പ്രതാപ് ശ്രദ്ധിക്കപ്പെട്ടു.
ഏറ്റവും പുതിയ സിനിമയായ ബ്രൊമാൻസിലും ഹരിഹരസുതൻ എന്ന കഥാപാത്രമായി കയ്യടി നേടുകയാണ് സംഗീത്. സത്യൻ അന്തിക്കാടും മോഹൻലാലും വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ഹൃദയ പൂർവത്തിലാണ് സംഗീത് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മോഹൻലാലിനൊപ്പം അഭിനയിക്കുമ്പോൾ ഒരു ഫാൻബോയ് മൊമെന്റ് ആണെന്നും അഭിനയിക്കുന്നതിനേക്കാൾ അദ്ദേഹത്തോടൊപ്പമുള്ള ഒഴിവ് സമയങ്ങളാണ് തനിക്ക് ഇഷ്ടമെന്നും സംഗീത് പറഞ്ഞു. പ്രേമലുവിന്റെ രണ്ടാംഭാഗം ഈ വർഷം പകുതിയോടെ തുടങ്ങുമെന്നും സമാധാനത്തോടെ ചെന്ന് കയറാൻ കഴിയുന്ന സെറ്റാണ് പ്രേമലുവിന്റേതെന്നും സംഗീത് കൂട്ടിച്ചേർത്തു.
‘ജെറി എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. ലാലേട്ടനൊപ്പമുള്ള മുഴുനീള കഥാപാത്രം. എങ്ങനെയാണ് അനുഭവം എന്ന് പറയാനറിയില്ല. ഞാനൊരു ഫാൻബോയ് മൊമന്റിൽ എല്ലാം കണ്ടുകൊണ്ടുനിൽക്കുന്നുവെന്നുമാത്രം. ഒപ്പം അഭിനയിക്കുന്നതിനെക്കാൾ ഞാൻ എൻജോയ് ചെയ്യുന്നത് ലാലേട്ടനൊപ്പമുള്ള ഒഴിവ് നേരങ്ങളാണ്. അദ്ദേഹത്തിന്റെ തമാശകൾ, നമ്മളോടുള്ള സ്നേഹം. അങ്ങനെയുള്ള നിമിഷങ്ങളിലാണ് ഞാനിപ്പോൾ. ഷൂട്ടിങ് തുടങ്ങി കുറച്ചുദിവസങ്ങളേയായുള്ളൂ. ഓരോദിവസവും ലാലേട്ടനൊപ്പമുള്ള സിങ്ക് കൂടിക്കൂടിവരുന്നതിന്റെ സന്തോഷമുണ്ട്.
ഒരു സിനിമയുടെ ഭാഗമാകുമ്പോൾ പ്രതീക്ഷിക്കുന്നത് അതിൽനിന്ന് കിട്ടുന്ന ചിരികൾ മാത്രമാണ്. പക്ഷേ, കഥാപാത്രത്തിൻ്റെ പേരെടുത്തുവിളിച്ച് തിരിച്ചറിയുക എന്ന് പറയുന്നതിന്റെ ഭാഗ്യം മറ്റൊന്നാണ്. ആദ്യം അത് അമൽ ഡേവിസിൽ കിട്ടി. അതിനെക്കാൾ കൂടുതലായി ഇപ്പോൾ ഹരിഹരസുതനിലും. പ്രേമലുവിൽ സംഭവിച്ചതുപോലെത്തന്നെ, ഷൂട്ടിനിടെ ഒട്ടും പ്രതീക്ഷിക്കാതെ കൈയിൽ നിന്നിട്ടതോ അപ്പോഴത്തെ ഒരു പ്ലാനിൽ പറഞ്ഞതോ ഒക്കെയായ കുഞ്ഞിക്കുഞ്ഞി ഡയലോഗുകൾപോലും ഡിജിറ്റൽ പോസ്റ്ററുകളായും ഇല്ലസ്ട്രേഷനുകളായുമെല്ലാം ഇറങ്ങുകയെന്ന് പറഞ്ഞാൽ എന്നെ സംബന്ധിച്ചിടത്തോളം വലിയ സംഭവമാണ്.
ലാലേട്ടനൊപ്പമുള്ള സിനിമ കഴിഞ്ഞാൽ കുഞ്ചാക്കോ ബോബൻ്റെ കൂടെയുള്ള ബേബി ഗേൾ എന്ന സിനിമയാണ്. അതും കഴിഞ്ഞിട്ടുവേണം അമൽ ഡേവിസിലേക്ക് തിരിച്ചുപോകാൻ. ഈ വർഷം പകുതിയോ ടെ പ്രേമലു 2 തുടങ്ങും. അതുപിന്നെയൊരു വീടുപോലെയാണ്. സമാധാനത്തോടെ ചെന്നുകയറാവുന്നസ്ഥലം. അവിടെച്ചെന്നാൽ ഗിരീഷേട്ടനുണ്ടാകും. ബാക്കി പുള്ളി നോക്കിക്കോളും,’സംഗീത പ്രതാപ് പറയുന്നു.
Content Highlight: Sangeeth Prathab About His Upcoming Movies