|

അമല്‍ ഡേവിസിന്റെ ഇരട്ടി ഡോസ്, ബ്രൊമാന്‍സില്‍ കൗണ്ടര്‍ കൊണ്ട് കൈയടി നേടുന്ന ഹരിഹരസുതന്‍

അമര്‍നാഥ് എം.

വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഹൃദയം എന്ന ചിത്രത്തിലെ കലിപ്പന്‍ സീനിയറായാണ് സംഗീത് ബിഗ് സ്‌ക്രീനിലേക്കുള്ള തന്റെ വരവറിയിച്ചത്. കൂടെയുള്ളവരുടെ ബലത്തില്‍ ജൂനിയേഴ്‌സിനോട് കലിപ്പാകുന്ന സീനിയര്‍ വിദ്യാര്‍ത്ഥികളുടെ പ്രതിനിധിയായിരുന്നു ഹൃദയത്തിലെ സംഗീതിന്റെ കഥാപാത്രം.

ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത സൂപ്പര്‍ ശരണ്യയില്‍ വെറും രണ്ട് സീനില്‍ മാത്രം വന്നുപോകുന്ന കഥാപാത്രമായി സംഗീത് കൈയടി നേടി. എന്നാല്‍ കരിയറില്‍ സംഗീതിന് വലിയൊരു ബ്രേക്ക് നല്‍കിയത് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ പ്രേമലുവാണ്. നായകന്റെ സന്തതസഹചാരിയായ അമല്‍ ഡേവിസ് കേരളത്തിന് പുറത്ത് വലിയ ചര്‍ച്ചയായി. സാക്ഷാല്‍ രാജമൗലി പോലും സംഗീതിനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.

ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ബ്രൊമാന്‍സിലും സ്ഥിതി വ്യത്യസ്തമല്ല. നായകന്മാരായ മാത്യു തോമസ്, അര്‍ജുന്‍ അശോകന്‍ എന്നിവരെക്കാള്‍ കൈയടി നേടിയത് സംഗീത് പ്രതാപാണ്. ഹരിഹരസുതന്‍ എന്ന എത്തിക്കല്‍ ഹാക്കറായാണ് സംഗീത് ബ്രൊമാന്‍സില്‍ വേഷമിട്ടത്. പേരിലെ വ്യത്യസ്തത കഥാപാത്രത്തിനും നല്‍കാന്‍ സംഗീതിന് സാധിച്ചിട്ടുണ്ട്.

സ്‌ക്രീനില്‍ എത്തുന്ന നിമിഷം മുതല്‍ സിനിമ തന്റെ പേരിലാക്കാന്‍ സംഗീതിന് സാധിച്ചിട്ടുണ്ട്. ആദ്യപകുതിയില്‍ സിനിമ ഡൗണാകുന്നിടത്തൊക്കെ സംഗീതിന്റെ കൗണ്ടറുകള്‍ ബ്രൊമാന്‍സിനെ താങ്ങിനിര്‍ത്തുന്നുണ്ട്. സ്ഥിരം ശൈലിയില്‍ നിന്ന് സ്വല്പം ലൗഡായ കഥാപാത്രത്തെ അവതരിപ്പിച്ച മാത്യു തോമസ് ഇടയ്ക്ക് രസംകൊല്ലിയാകുമ്പോഴും സംഗീതിന്റെ കഥാപാത്രം അതിനെ മറികടക്കുന്നുണ്ട്.

എന്നാല്‍ രണ്ടാം പകുതി അക്ഷരാര്‍ത്ഥത്തില്‍ സംഗീതിന്റെ അഴിഞ്ഞാട്ടമായിരുന്നു. അധികം എക്‌സ്പ്രഷനുകളൊന്നുമില്ലാതെ സിമ്പിളായിട്ടുള്ള കൗണ്ടറുകള്‍ കൊണ്ട് സംഗീത് തിയേറ്ററില്‍ പൊട്ടിച്ചിരി പടര്‍ത്തുന്നുണ്ട്. ക്ലൈമാക്‌സ് സീനിന് മുമ്പ് അര്‍ജുന്‍ അശോകനുമായുള്ള സീനുകളെല്ലാം ചിരി പടര്‍ത്തുന്നവയായിരുന്നു. ഏറെക്കുറെ ഒറ്റക്ക് തന്നെയാണ് സംഗീത് ബ്രൊമാന്‍സിനെ താങ്ങിനിര്‍ത്തിയത്.

അഭിനേതാവ് എന്നതിലുപരി എഡിറ്റിങ് മേഖലയിലും സംഗീത് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. 2024ലെ സംസ്ഥാന അവാര്‍ഡില്‍ മികച്ച എഡിറ്റര്‍ക്കുള്ള പുരസ്‌കാരം സംഗീതിനെ തേടിയെത്തിയിരുന്നു. അഭിനേതാവെന്ന നിലയില്‍ മികച്ച പ്രൊജക്ടുകളുടെ ഭാഗമാകാനും സംഗീത് ശ്രമിക്കുന്നുണ്ട്. മോഹന്‍ലാല്‍- സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഹൃദയപൂര്‍വത്തില്‍ സംഗീതും പ്രധാനപ്പെട്ട വേഷം കൈകാര്യം ചെയ്യുന്നുണ്ട്. മികച്ച വേഷങ്ങള്‍ ചെയ്ത് മലയാളത്തില്‍ നിറസാന്നിധ്യമാകാന്‍ സംഗീതിന് സാധിക്കുമെന്ന് ഉറപ്പാണ്.

Content Highlight: Sangeeth Pratap’s performance in Bromance movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം