താജ്മഹലിനെതിരായ ബി.ജെ.പി എം.എല്‍.എ സംഗീത് സോമിന്റെ പ്രസ്താവന ഉത്തര്‍പ്രദേശില്‍ നടക്കാനിരിക്കുന്ന പ്രാദേശിക തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്. സോമിന്റെ പ്രസ്താവന വ്യക്തിപരമാണെന്ന് പറഞ്ഞ് ബി.ജെ.പി കയ്യൊഴിഞ്ഞിട്ടുണ്ടെങ്കിലും താജ്മഹലിനെതിരായ യോഗിആദിത്യനാഥിന്റെ തന്നെ പ്രസ്താവനയുടെയും സര്‍ക്കാരിന്റെ നടപടികളുടെയും തുടര്‍ച്ച മാത്രമാണ് സോമിന്റെ പരാമര്‍ശവും.
ഇതിന് മുമ്പും തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ സംഗീത് സോം പ്രസ്താവനകള്‍ ഇറക്കുകയോ വിവാദ നീക്കങ്ങള്‍ നടത്തുകയോ ചെയ്തിട്ടുണ്ട്.
മുസഫര്‍ നഗറില്‍ കലാപമുണ്ടായപ്പോള്‍ പ്രകോപനകരമായ പ്രസംഗങ്ങള്‍ നടത്തി വര്‍ഗീയ ചേരിതിരിവുണ്ടാക്കിയ സംഗീത് സോം 2014 ലെ പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് അനുകൂല സാഹചര്യമൊരുക്കി കൊടുത്തിരുന്നു.
അതേ വര്‍ഷം തന്നെ യു.പിയില്‍ ഉപതെരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പെയായി ലൗ ജിഹാദിനെതിരെ “മഹാപഞ്ചായത്ത്” വിളിച്ച സംഗീത് സോം ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ “ഹിന്ദുസ്ഥാന്‍ പാകിസ്ഥാന്‍” പോരാട്ടമെന്നാണ് വിശേഷിപ്പിച്ചത്. ഇതിന് പുറമെ മുസഫര്‍നഗര്‍ കലാപത്തിന്റെ ദൃശ്യങ്ങളടങ്ങിയ സിഡി വിതരണം ചെയ്യുകയും ചെയ്തിരുന്നു.
ഇപ്പോള്‍ താജ്മഹലിനെതിരെ കൂട്ടമായി നടത്തുന്ന പ്രസ്താവനകളും ആയോധ്യയില്‍ സരയൂനദിക്കരയില്‍ 100 മീറ്റര്‍ ഉയരത്തില്‍ രാമപ്രതിമ നിര്‍മിക്കുമെന്ന് പറയുന്നതും ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് തന്ത്രമായാണ് വിലയിരുത്തപ്പെടുന്നത്.
ഗുരുദാസ്പൂരും വേങ്ങരയും ആവര്‍ത്തിക്കാതിരിക്കാന്‍ യു.പി പ്രാദേശിക തെരഞ്ഞെടുപ്പ് ബി.ജെ.പിക്ക് നിര്‍ണായകം
ഗുജറാത്തിലും ഹിമാചലിലും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അതേ അവസരത്തില്‍ തന്നെയാണ് സംസ്ഥാനത്തെ പ്രാദേശിക തെരഞ്ഞെടുപ്പും നടക്കുന്നത്. തങ്ങള്‍ അധികാരത്തിലിരിക്കുന്ന യു.പിയില്‍ തിരിച്ചടിയേറ്റാല്‍ അത് ഗുജറാത്ത്, ഹിമാചല്‍ തെരഞ്ഞെടുപ്പുകളെ ബാധിക്കുമെന്ന് ബി.ജെ.പി ഭയപ്പെടുന്നുണ്ട്.
നവംബറിലെ പ്രാദേശിക തെരഞ്ഞെടുപ്പിന് ശേഷം യോഗിആദിത്യനാഥും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും രാജിവെച്ച ഗോരഖ്പൂര്‍, ഫുല്‍പൂര്‍ ലോക്‌സഭ മണ്ഡലങ്ങളിലേക്കും തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.
യോഗിആദ്യത്യനാഥ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നേരിടുന്ന ആദ്യ തെരഞ്ഞെടുപ്പ് എന്നതും പ്രാദേശിക തെരഞ്ഞെടുപ്പ് ബി.ജെ.പിയെ സംബന്ധിച്ചെടുത്തോളം സുപ്രധാനമാണ്.
ഗുരുദാസ്പൂര്‍, വേങ്ങര ഉപതെരഞ്ഞെടുപ്പുകള്‍ വിജയിച്ചിരിക്കുന്ന കോണ്‍ഗ്രസ് മുന്നണിയും ബി.എസ്.പി, എസ്.പി കക്ഷികളും ബി.ജെ.പിക്ക് മുന്നില്‍ വെല്ലുവിളിയാണ്.
ഈയൊരു സാഹചര്യത്തിലാണ് താജ്മഹല്‍ വിവാദങ്ങളും സംഗീത് സോമിന്റെ പ്രസ്താവനകളും ചര്‍ച്ച ചെയ്യപ്പെടേണ്ടത്. സംഗീത് സോം മാത്രമല്ല യോഗി അധികാരമേറ്റതിന് ശേഷം നിര്‍ജീവമായി കിടക്കുന്ന മറ്റ് നേതാക്കളും ഇതിനൊരു തുടര്‍ച്ചയുണ്ടാക്കുമെന്ന് ഉറപ്പാണ്.