| Friday, 2nd June 2023, 11:11 pm

ഇന്ദ്രന്‍സിന് അഭിനയിക്കാനറിയില്ലെന്ന് ആറാട്ടണ്ണന്‍ പറഞ്ഞു; കയ്യേറ്റം ചെയ്തത് പുറത്ത് നിന്നുള്ളവര്‍; വിത്തിന്‍ സെക്കന്റ്‌സ് നിര്‍മാതാവ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സന്തോഷ് വര്‍ക്കിയെ തങ്ങളുടെ ഭാഗത്ത് നിന്നും ആരും കയ്യേറ്റം ചെയ്തിട്ടില്ലെന്ന് വിത്തിന്‍ സെക്കന്റ്‌സ് ചിത്രത്തിന്റെ നിര്‍മാതാവ് സംഗീത് ധര്‍മരാജന്‍. സിനിമ കാണാതെ അഭിപ്രായം പറഞ്ഞതിനെ ചോദ്യം ചെയ്യുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നും കയ്യേറ്റം ചെയ്തത് പുറത്ത് നിന്നുള്ള ആളുകളാണെന്നും സംഗീത് ധര്‍മരാജന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

‘കയ്യേറ്റം ചെയ്തിട്ടില്ല. ചോദിക്കുന്നത് നമ്മുടെ വികാരമാണ്. അഭിനയിച്ച മൂന്ന് ചെറുപ്പക്കാര്‍ അലവലാതി പിള്ളേരാണെന്ന് പറയുന്നുണ്ട്. ഇന്ദ്രന്‍സിന് അഭിനയിക്കാന്‍ അറിയില്ല എന്ന് പറഞ്ഞു. ഇന്ദ്രന്‍സിന് നാഷണല്‍ അവാര്‍ഡ് കൊടുത്ത ജൂറിയെക്കാള്‍ വലുതാണോ ആറാട്ടണ്ണന്റെ അഭിപ്രായം. നെഗറ്റീവ് പറയാന്‍ ഉദ്ദേശിച്ചിട്ടില്ല, എന്നെക്കൊണ്ട് പറയിച്ചതാണ് എന്നാണ് ആറാട്ടണ്ണന്‍ പിന്നീട് പറഞ്ഞത്. നെഗറ്റീവ് പറഞ്ഞതിനല്ല, സിനിമ കാണാതെ നെഗറ്റീവ് പറഞ്ഞതാണ് ചോദ്യം ചെയ്തത്,’ സംഗീത് ധര്‍മരാജന്‍ പറഞ്ഞു.

സന്തോഷ് വര്‍ക്കി പത്ത് മിനിട്ട് പോലും ചിത്രം കണ്ടിട്ടില്ലെന്ന് ചിത്രത്തിന്റെ സംവിധായകന്‍ വിജേഷ് പി. വിജയന്‍ പറഞ്ഞു. ‘പുറത്ത് നിന്നും ആരോ കയ്യേറ്റം ചെയ്തതാണ്. നമ്മുടെ കൂട്ടത്തില്‍ നിന്നുള്ള ആളല്ല. ഇന്ദ്രന്‍സേട്ടനെ അനാവശ്യം പറയുന്നോ എന്ന് ചോദിച്ചാണ് അവര്‍ കയ്യേറ്റം ചെയ്തത്. പത്ത് മിനിട്ട് പോലും അദ്ദേഹം സിനിമ കണ്ടിട്ടില്ല. രണ്ട് വര്‍ഷത്തെ കഷ്ടപ്പാടാണ് ഈ സിനിമ. ഞങ്ങളാരും തല്ലിയിട്ടില്ല, സംസാരിച്ചതേ ഉള്ളൂ,’ വിജേഷ് പറഞ്ഞു.

വിത്തിന്‍ സെക്കന്റ്‌സ് സിനിമ പ്രദര്‍ശനം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് റിവ്യു പറഞ്ഞതിനെ തുടര്‍ന്നാണ് സന്തോഷ് വര്‍ക്കിക്ക് നേരെ അതിക്രമം നടന്നത്. തനിക്ക് ചിത്രം ഇഷ്ടമായില്ലെന്നും ഒരു ഓണ്‍ലൈന്‍ ചാനല്‍ നിര്‍ബന്ധിച്ചിട്ടാണ് റിവ്യൂ പറഞ്ഞതെന്നും സന്തോഷ് പറഞ്ഞിരുന്നു. താന്‍ ആരോടും പണം വാങ്ങിച്ചിട്ടില്ലെന്നും, സ്വന്തം അഭിപ്രായമാണ് പറയുന്നതെന്നും സന്തോഷ് മാധ്യമങ്ങളോട് പറഞ്ഞു.

‘എനിക്ക് ചിത്രം ഇഷ്ടപ്പെട്ടില്ല. ഞാന്‍ ഇറങ്ങിപ്പോയി. എന്നെക്കൊണ്ട് നിര്‍ബന്ധിച്ചു റിവ്യൂ പറയിപ്പിച്ചതാണ്. ഞാന്‍ പറഞ്ഞതാണ് റിവ്യൂ കൊടുക്കുന്നില്ലെന്ന്. ഞാന്‍ ആരുടേയും കയ്യില്‍ നിന്ന് പണം വാങ്ങിച്ചിട്ടില്ല. അങ്ങനെ വാങ്ങിയിരുന്നെങ്കില്‍ ഞാന്‍ ഇപ്പോള്‍ കോടീശ്വരനായേനേ.

എന്നെ ഉപദ്രവിച്ചപ്പോള്‍ ആരും പ്രതികരിച്ചില്ല. മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നോക്കി നില്‍ക്കുകയായിരുന്നു. ഞാന്‍ അരമണിക്കൂര്‍ മാത്രമേ സിനിമ കണ്ടിട്ടുള്ളു, അതുകൊണ്ട് റിവ്യൂ പറയില്ലെന്ന് പറഞ്ഞതാണ്. എന്നിട്ടും അവര്‍ എന്നെക്കൊണ്ട് നിര്‍ബന്ധിച്ച് ചെയ്യിപ്പിച്ചു,’ സന്തോഷ് പറഞ്ഞു.

Content Highlight: Sangeet Dharmarajan, the producer of Within Seconds, says that no one has molested Santosh Varki from their side

We use cookies to give you the best possible experience. Learn more