Sedition
കോടതികള്‍ എതിര്‍ത്തിട്ടും, ബ്രിട്ടീഷുകാര്‍ ഉപേക്ഷിച്ച രാജ്യദ്രോഹ നിയമം ആഘോഷമാക്കുന്ന സംഘപരിവാര്‍
ഗോപിക
2021 Jun 02, 01:49 pm
Wednesday, 2nd June 2021, 7:19 pm

ബ്രിട്ടീഷ് ഭരണകാലത്തെ കൊളോണിയല്‍ ഭരണകൂടം അന്നത്തെ ഇന്ത്യാക്കാര്‍ക്കെതിരെ വ്യാപകമായി ഉപയോഗിച്ച നിയമം. രാജ്യം സ്വതന്ത്രമായിട്ട് ഏഴ് പതിറ്റാണ്ട് പിന്നിടുമ്പോഴും കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെ ഇന്ത്യന്‍ ഭരണകൂടം ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. തങ്ങളുടെ സാമ്രാജ്യത്വ വിപുലീകരണത്തിന് തടസം സൃഷ്ടിച്ച ഇന്ത്യന്‍ വിപ്ലകാരികള്‍ക്കെതിരെയാണ് ബ്രിട്ടീഷുകാര്‍ അന്ന് ആ നിയമം ഉപയോഗിച്ചതെങ്കില്‍ സ്വതന്ത്ര ഇന്ത്യയില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ക്കതിരെയാണ് ഈ നിയമം വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്. പറഞ്ഞുവന്നത് ഐ.പി.സി സെക്ഷന്‍ 124എ അഥവാ രാജ്യദ്രോഹ കുറ്റത്തെപ്പറ്റിയാണ്.

കൊളോണിയല്‍ കാലത്തെ നിയമം യഥേഷ്ടം ഉപയോഗിക്കുന്ന ഇന്ത്യന്‍ സര്‍ക്കാരിനു മുന്നില്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതി ഒരു നിര്‍ദ്ദേശം വെച്ചിരുന്നു. മറ്റൊന്നുമല്ല, രാജ്യദ്രോഹം നിശ്ചയിക്കുന്നതിന് ഒരു പരിധി നിശ്ചയിക്കണമെന്നാണ് സുപ്രീം കോടതി ബെഞ്ച് ചൂണ്ടിക്കാട്ടിയത്.

തെലുങ്ക് ചാനലുകളായ ടി.വി5 ന്യൂസ്, എ.ബി.എന്‍, ആന്ധ്രാ ജ്യോതി എന്നീ ചാനലുകള്‍ക്കെതിരെ ആന്ധ്രാപ്രദേശ് പൊലീസ് രാജ്യദ്രോഹക്കുറ്റം ആരോപിച്ച് കേസെടുത്തിരുന്നു. ഈ കേസ് പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം. ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 124എ (രാജ്യദ്രോഹം), 153 എ (വിദ്വേഷ പരാമര്‍ശം) എന്നീ വകുപ്പുകള്‍ പുനര്‍ നിര്‍വചിക്കേണ്ട സമയമായെന്നാണ് കോടതി നിരീക്ഷിച്ചത്.

ഏറെ ചര്‍ച്ചയായ 2016ലെ ജെ.എന്‍.യു രാജ്യദ്രോഹവിവാദം, 2019ലെ ദല്‍ഹി കലാപ കേസ്, 2021ലെ ദിഷ രവിയുള്‍പ്പെട്ട ടൂള്‍ക്കിറ്റ് വിവാദം, തുടങ്ങിയ കേസുകളില്‍ കൂടി ഈ നിയമം സമീപകാല ഇന്ത്യ ചര്‍ച്ച ചെയ്തിരുന്നു. കൊളോണിയലിസ്റ്റ് ശക്തികള്‍ ഇന്ത്യയില്‍ ഉപേക്ഷിച്ചുപോയതും, സംഘപരിവാര്‍ ശക്തികള്‍ അധികാരത്തിലെത്തിയതോടെ അതിവ്യാപകമായി ഉപയോഗിക്കപ്പെടുകയും ചെയ്ത രാജ്യദ്രോഹ നിയമങ്ങള്‍ പരിശോധിക്കുകയാണ് ഇവിടെ.

എന്താണ് രാജ്യദ്രോഹം?

രാജ്യദ്രോഹ നിയമത്തെ പിന്തുണയ്ക്കുന്നവര്‍ ആധികാരികതയ്ക്കായി കൂട്ടുപിടിയ്ക്കുന്നത് ഇന്ത്യന്‍ ഭരണഘടനയെയാണ്. എന്നാല്‍ രാജ്യത്തെ ഭരണഘടനയില്‍ രാജ്യദ്രോഹത്തെ പറ്റി വ്യക്തമായ നിര്‍വചനങ്ങളില്ല എന്നതാണ് വാസ്തവം. സര്‍ക്കാരിനെ എതിര്‍ക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള ഭാഷയോ പെരുമാറ്റമോ’ ആണ് രാജ്യദ്രോഹമായി വ്യാഖ്യാനിക്കപ്പെടുന്നത്.

രാജ്യദ്രോഹത്തെപ്പറ്റി പറയുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124-എയിലെ നിര്‍വചന പ്രകാരം എഴുതിയതോ പറഞ്ഞതോ ആയ വാക്കുകള്‍, ചിഹ്നങ്ങള്‍, ദൃശ്യവല്‍ക്കരണം എന്നിവയുപയോഗിച്ച് ഇന്ത്യയില്‍ നിയമപരമായി സ്ഥാപിതമായ സര്‍ക്കാരിനെതിരെ വെറുപ്പും വിദ്വേഷവും ഉണ്ടാക്കുകയോ അതിനായി മറ്റുള്ളവരെ പ്രകോപിപ്പിക്കുകയോ ചെയ്യുന്നത് രാജ്യദ്രോഹത്തിന്റെ പരിധിയില്‍ വരുന്നുവെന്നാണ്.

അതേസമയം സര്‍ക്കാരിന്റെ നയങ്ങളോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കുന്നതും അതിനായി നിയമപരമായ ഉപാധികള്‍ സ്വീകരിക്കുന്നതും ഈ വകുപ്പ് പ്രകാരം കുറ്റകരമല്ലെന്നും അടിവരയിട്ട് പറയുന്നു. എന്നാല്‍ നമ്മുടെ രാജ്യത്തെ രാഷ്ട്രീയ നേതൃത്വം ഇക്കാര്യം പലപ്പോഴും ബോധപൂര്‍വ്വം മറക്കുന്നുവെന്നാണ് ചില സംഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. അതിലേക്ക് കടക്കുന്നതിന് മുമ്പ് രാജ്യദ്രോഹ നിയമം ഇന്ത്യയിലെത്തിയതിന്റെ ചരിത്രം നമുക്ക് ഒന്ന് പരിശോധിക്കാം…

രാജ്യദ്രോഹം ഇന്ത്യയില്‍ എത്തിയ വഴി

ഇന്ത്യന്‍ പീനല്‍ കോഡിന്റെ പിതാവെന്നറിയപ്പെടുന്ന, ബ്രിട്ടീഷ് നിയമജ്ഞനായ കേണല്‍ മെക്കാളെ 1837-ല്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ കരടുരൂപം സമര്‍പ്പിക്കുകയുണ്ടായി. ഇതില്‍ സെക്ഷന്‍ 113 ലാണ് രാജ്യദ്രോഹക്കുറ്റത്തെപ്പറ്റി പ്രതിപാദിച്ചിരുന്നത്. പിന്നീട് 1860ല്‍ ഇന്ത്യന്‍ ശിക്ഷാ നിയമം നിലവില്‍ വന്നപ്പോള്‍ രാജ്യദ്രോഹം ഉള്‍പ്പെടുന്ന സെക്ഷന്‍ വിട്ടുപോയിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ബ്രിട്ടീഷ് അധികാരികള്‍ 1870 ല്‍ നിയമം ഭേദഗതി വരുത്തി രാജ്യദ്രോഹക്കുറ്റം സെക്ഷന്‍ 124എ ആയി കൂട്ടിച്ചേര്‍ക്കുകയായിരുന്നു.

തുടര്‍ന്ന് ബ്രിട്ടീഷ് ഗവണ്‍മെന്റിന് എതിരായ വികാരം മറ്റുള്ളവരില്‍ പ്രചരിപ്പിക്കുന്നത് രാജ്യദ്രോഹ കുറ്റത്തിന്റ പരിധിയില്‍ കൊണ്ടുവരികയും ചെയ്തു. കൊളോണിയല്‍ സര്‍ക്കാരിനെതിരെയുള്ള ശബ്ദങ്ങളെ ഇല്ലാതാക്കാനാണ് ഈ നിയമം ശിക്ഷാനിയമത്തില്‍ ഉള്‍പ്പെടുത്തിയതെന്ന് ഇതില്‍ നിന്നും വ്യക്തമാണ്.

നിയമം നടപ്പാക്കിയതിന് പിന്നാലെ തന്നെ രാജ്യദ്രോഹക്കുറ്റം ചുമത്തിയുള്ള ആദ്യ അറസ്റ്റും നടന്നു. 1891ല്‍ ബംഗാളിലെ വാരാന്ത്യ പത്രമായ ബംഗോബാസിയുടെ എഡിറ്ററായ ജോഗേന്ദ്ര ചന്ദ്രബോസിനെതിരെയാണ് 124എ നിയമം ആദ്യമായി ഉപയോഗിച്ചത്. തീര്‍ന്നില്ല. ഗാന്ധിയുള്‍പ്പടെയുള്ള ഇന്ത്യന്‍ സ്വാതന്ത്രസമര നേതാക്കള്‍ക്കെതിരെയും ഈ നിയമം പ്രയോഗിക്കപ്പെട്ടു. 1922ലാണ് ഗാന്ധിജിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി വിചാരണ ചെയ്യുന്നത്.

ഇന്ത്യന്‍ ഭരണഘടനയും രാജ്യദ്രോഹവും

ഇന്ത്യന്‍ ഭരണഘടനയിലെ അനുഛേദം 13ല്‍ പറയുന്നത്, പൗരന്‍മാരുടെ മൗലികാവകാശങ്ങള്‍ക്ക് വിരുദ്ധമായി നിര്‍മ്മിക്കപ്പെടുന്ന നിയമങ്ങള്‍ അസാധുവാണ് എന്നാണ്. ഇക്കാര്യമുന്നയിച്ചുകൊണ്ട് ഭരണഘടന നിര്‍മ്മാണ സമിതിയില്‍ അംഗങ്ങള്‍ക്കിടയില്‍ നിന്നുതന്നെ രാജ്യദ്രോഹക്കുറ്റത്തിനെതിരെ എതിര്‍പ്പുകളുയര്‍ന്നിരുന്നു. തുടര്‍ന്ന് രാജ്യത്തിന്റെ അഖണ്ഡത, പരമാധികാരം, രാജ്യസുരക്ഷ, പൊതുസമാധാനം എന്നിവയെ ബാധിക്കുന്നവയെ നിയമം വഴി നിയന്ത്രിക്കാമെന്ന വ്യവസ്ഥ ഉരുത്തിരിഞ്ഞു. അനുച്ഛേദം 19(2) ആണ് ഇത് വിശദീകരിക്കുന്നത്.

1950ല്‍ ഭരണഘടന നിലവില്‍ വന്നതിന് ശേഷം സെക്ഷന്‍ 124എ അഥവാ രാജ്യദ്രോഹക്കുറ്റം ആദ്യമായി ചുമത്തിയത് റൊമേഷ് ഥാപ്പര്‍ കേസിലായിരുന്നു. ക്രോസ് റോഡ് മാസികയുടെ സ്ഥാപകനായ റൊമേഷ് ഥാപ്പറിന്റെ ലേഖനങ്ങള്‍ അന്നത്തെ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്റുവിന്റെ വിദേശനയങ്ങളെ വിമര്‍ശിക്കുന്നവയായിരുന്നു.

എന്നാല്‍ കേസ് പരിഗണിച്ച കോടതി അന്ന് പറഞ്ഞത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന സന്ദര്‍ഭങ്ങളില്‍ മാത്രമേ പ്രസ്തുത വകുപ്പ് പരിഗണിക്കാന്‍ പാടുള്ളുവെന്നായിരുന്നു. ഇതൊരു ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. 124എ ഐ.പി.സിയ്ക്കെതിരെ പല കാലഘട്ടത്തിലും വിമര്‍ശനങ്ങളുമായി രംഗത്തെത്തിയത് ഇന്ത്യന്‍ നീതിന്യായ വിഭാഗം തന്നെയായിരുന്നു.

1962ലെ കേദാര്‍നാഥ് കേസിലും 124എ-യുടെ ഭരണഘടനാസാധുത കോടതി ചോദ്യം ചെയ്തിരുന്നു. വിദ്വേഷം ജനിപ്പിക്കുന്ന തരത്തിലുള്ള എഴുത്തുകള്‍ പ്രചരിപ്പിക്കുന്നത് രാജ്യദ്രോഹമായി കണക്കാക്കാമെന്ന് കോടതി നിര്‍ദ്ദേശിച്ചത് ബിനായക് സെന്‍ കേസിലായിരുന്നു.

ബിനായക് സെന്‍, കോവന്‍, ഉമര്‍ ഖാലിദ്, കനയ്യകുമാര്‍, ദിഷ രവി- രാജ്യദ്രോഹക്കുറ്റം വീണ്ടും ചര്‍ച്ചയാകുമ്പോള്‍

സ്വതന്ത്ര ഇന്ത്യയില്‍ രാജ്യദ്രോഹക്കുറ്റം ചര്‍ച്ചയായത് ഡോ.ബിനായക് സെന്‍, നാടോടി ഗായകന്‍ കോവന്‍, ജെ.എന്‍.യു വിദ്യാര്‍ത്ഥികളായ ഉമര്‍ ഖാലിദ്, കനയ്യ കുമാര്‍, ടൂള്‍കിറ്റ് വിവാദത്തിലുള്‍പ്പെട്ട പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവി എന്നിവരുടെ കേസുകളിലൂടെയായിരുന്നു.

1. മാവോവാദികളെ സഹായിച്ചുവെന്ന കേസില്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ബിനായക് സെന്നിനെതിരെ 2007ല്‍ ഛത്തീസ്ഗഢ് സര്‍ക്കാര്‍ കേസെടുത്തിരുന്നു. രാജ്യദ്രോഹം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ബിനായക് സെന്നിനു മേല്‍ ചുമത്തിയത്.

2. നാടോടി ഗായകനും ആക്ടിവിസ്റ്റുമായ കോവനെതിരെ മോദി സര്‍ക്കാരും തമിഴ്നാടും നടത്തിയ വേട്ടയാടലാണ് രാജ്യദ്രോഹക്കുറ്റത്തിന്റെ ചരിത്രവഴിയില്‍ ഏറെ ചര്‍ച്ചയായ മറ്റൊരു സംഭവം. 2015 ല്‍ അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയേയും സര്‍ക്കാരിന്റെ മദ്യനയത്തേയും വിമര്‍ശിച്ച് പാട്ടെഴുതിയതിനാണ് സര്‍ക്കാര്‍ കോവനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. 2018ല്‍ കാവേരി വിഷയത്തിലും സമാനമായ പ്രതിഷേധം നടത്തിയ കോവനെതിരെ വീണ്ടും രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടു.

JNU upholds punishment for Umar Khalid, Kanhaiya Kumar

 

3. 2014ല്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റതു മുതല്‍, രാജ്യത്തെ ക്യാംപസുകള്‍ സംഘപരിവാറിനെതിരെ പ്രതിരോധം ശക്തമാക്കിയിരുന്നു. ഇവിടെയും ക്യാംപസുകളെ നിശബ്ദമാക്കാന്‍ സര്‍ക്കാര്‍ രാജ്യദ്രോഹക്കുറ്റമെന്ന തുറുപ്പുചീട്ട് പുറത്തിറക്കി. 2016 ലെ ജെ.എന്‍.യു രാജ്യദ്രോഹ വിവാദം അവയിലൊന്നായിരുന്നു.

2016-ല്‍ ജെ.എന്‍.യു.വില്‍ നടന്ന വിദ്യാര്‍ത്ഥി റാലിയില്‍ രാജ്യവിരുദ്ധമുദ്രാവാക്യം മുഴക്കിയെന്ന കേസിലാണ് വിദ്യാര്‍ത്ഥിനേതാക്കളായ കനയ്യ കുമാര്‍, ഉമര്‍ ഖാലിദ് എന്നിവരടക്കമുള്ളവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്.

4. കര്‍ഷകസമരത്തെ പിന്തുണച്ചതിനെ തുടര്‍ന്നുണ്ടായ ടൂള്‍ക്കിറ്റ് വിവാദം ഒടുവില്‍ അവസാനിച്ചത് ദിഷ രവിയെന്ന പരിസ്ഥിതി പ്രവര്‍ത്തകയ്ക്ക് മേല്‍ രാജ്യദ്രോഹം ചുമത്തിക്കൊണ്ടായിരുന്നു. കേസിനെപ്പറ്റിയുള്ള ചര്‍ച്ചകള്‍ ഇപ്പോഴും സജീവമാണ്.

Farmers Protest: Why Activist Disha Ravi, Arrested Over Toolkit, Argued Her Own Case

 

മോദി സര്‍ക്കാരും രാജ്യദ്രോഹ നിയമവും

ബ്രിട്ടീഷുകാര്‍ ഉപേക്ഷിച്ചുപോയ രാജ്യദ്രോഹ നിയമം രാജ്യത്തെ സംഘപരിവാര്‍ ശക്തികള്‍ ഒരു മര്‍ദക ആയുധമായി തന്നെ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത് കഴിഞ്ഞ കാലങ്ങളിലെ അനേകം സംഭവങ്ങളില്‍ നിന്ന് നാം കണ്ടതാണ്. കണക്കുകള്‍ പരിശോധിച്ചാല്‍ 2015 മുതല്‍ 2019 വരെയുള്ള കാലത്തിനുള്ളില്‍ രാജ്യത്ത് 283 കേസുകളാണ് 124എ വകുപ്പുപ്രകാരം രജിസ്റ്റര്‍ ചെയ്തത്. അതില്‍ 56 കേസുകളില്‍ മാത്രമാണ് വിചാരണ പോലും നടന്നിട്ടുള്ളത്. 51 കേസുകളിലായി 55 പേരെ കോടതി വിട്ടയയ്ക്കുകയും ചെയ്തിട്ടുണ്ട്. .

2014ന്റെ ആദ്യപകുതിയില്‍ ആകെ 9 പേരാണ് രാജ്യദ്രോഹക്കുറ്റത്തിനു വിചാരണ നേരിടുന്നവരായോ ജാമ്യത്തിലുള്ളവരായോ ഉണ്ടായിരുന്നത്. മോദി സര്‍ക്കാര്‍ അധികാരമേറ്റ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളിലാണ് 124എ പ്രകാരമുള്ള കേസുകളുടെ എണ്ണം കുത്തനെ ഉയര്‍ന്നത്.

ആവിഷ്‌കാര സ്വാതന്ത്ര്യം അനുവദിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ സര്‍ക്കാരിനെതിരെ നടത്തുന്ന വിമര്‍ശനങ്ങള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോടതികള്‍ തന്നെ പറയുന്നു. നിയമത്തിന് പരിധിയും ഭേദഗതിയും കാലാനുസൃതമായി വരുത്തേണ്ട സമയം അതിക്രമിച്ചതായി നീതിന്യായ വിഭാഗം തന്നെ ചൂണ്ടിക്കാട്ടുകയാണ്.

ഇതിനെല്ലാം ഉപരി 1870 ല്‍ രാജ്യദ്രോഹനിയമം ഇന്ത്യയില്‍ നടപ്പാക്കിയ ബ്രിട്ടണ്‍, അതിനും പത്ത് വര്‍ഷം മുമ്പേ തങ്ങളുടെ രാജ്യത്ത് ഈ നിയമം നിര്‍ത്തലാക്കിയിരുന്നെന്ന കാര്യം ഇന്ത്യയിലെ ഭരണാധികാരികള്‍ ഇപ്പോഴും മറക്കുകയാണ്.

രാജ്യത്തിന്റെ ഐക്യവും പൊതുസമാധാനവും സംരക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തം തന്നെയാണ്. എന്നാല്‍ അതിനുള്ള മാര്‍ഗ്ഗം എതിര്‍സ്വരങ്ങളെ പൂര്‍ണ്ണമായി ഇല്ലാതാക്കിക്കൊണ്ടുള്ള ഏകാധിപത്യമല്ല. പൊതുചര്‍ച്ചയും സര്‍ക്കാരിനെതിരെയുള്ള ക്രിയാത്മക വിമര്‍ശനങ്ങളും രാജ്യത്തിന്റെയും ജനാധിപത്യത്തിന്റെയും വളര്‍ച്ചക്ക് അനിവാര്യമാണെന്ന കാര്യം അധികാരികള്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Sangaparivar  Using Sedition Law As A Tool To Suppress Peoples Voices

ഗോപിക
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കേരളസര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും മലയാളം സര്‍വ്വകലാശാലയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്ദര ബിരുദവും നേടിയിട്ടുണ്ട്.