ടെല്‍ അവീവ്: ഫലസ്തീനെതിരെയുള്ള ആക്രമണത്തില്‍ തങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച രാജ്യങ്ങള്‍ക്ക് നന്ദി അറിയിച്ച് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പോസ്റ്റ് ചെയ്ത ട്വീറ്റ് ചര്‍ച്ചയാകുന്നു.
പിന്തുണയ്ക്കുന്ന 25 രാജ്യങ്ങളുടെ പതാക പങ്കുവെച്ചായിരുന്നു നെതന്യാഹുവിന്റെ ട്വീറ്റ്. ഇതില്‍ ഇന്ത്യന്‍ പതാക ഉള്‍പ്പെട്ടിട്ടില്ലെന്നതാണ് ചര്‍ച്ചകള്‍ക്ക് കാരണം.
നെതന്യാഹുവിന്റെ ട്വീറ്റിന് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ഇന്ത്യാ സ്റ്റാന്റ് വിത്ത് യൂ എന്ന് ചിലര്‍ ട്വീറ്റിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്. ഞങ്ങളെ മറന്നോ, ഇന്ത്യ ഇസ്രാഈലിനൊപ്പമാണെന്നും ചിലര്‍ കമന്റ് ചെയ്തിരുന്നു.
ഫലസ്തീന്‍ ആക്രമണത്തില്‍ ഇസ്രാഈലിനെ പിന്തുണയ്ക്കുന്ന നിലപാടാണ് ഇന്ത്യയിലെ സംഘപരിവാര്‍ അനുകൂലസംഘടനകള്‍ എടുത്തത്. ഇതിനുപിന്നാലെയാണ് നെതന്യാഹുവിന്റെ ട്വീറ്റിന് നേരെ പ്രതികരണവുമായി നിരവധി പേര്‍ രംഗത്തെത്തിയത്.
നേരത്തെ ഗാസയില്‍ നിന്നുണ്ടായ റോക്കറ്റ് ആക്രമണത്തെ വിമര്‍ശിച്ച് ഇന്ത്യ രംഗത്തെത്തിയതും വാര്‍ത്തയായിരുന്നു. ആക്രമണത്തില്‍ മലയാളി സ്ത്രീ ഉള്‍പ്പെടെ മൂന്നുപേരാണ് ഇസ്രാഈലില്‍ കൊല്ലപ്പെട്ടത്.
അതേസമയം ഫലസ്തീനെതിരെ ഇസ്രാഈല്‍ നടത്തുന്ന വ്യോമാക്രമണം കൂടുതല്‍ ശക്തമായതിനെ തുടര്‍ന്ന് പതിനായിരത്തോളം ഫലസ്തീനികള്‍ക്ക് വീടുകള്‍ ഉപേക്ഷിക്കേണ്ടി വന്നുവെന്ന് ഐക്യരാഷ്ട്ര സഭ റിപ്പോര്‍ട്ടുണ്ടായിരുന്നു. കിഴക്കന്‍ ഗാസയില്‍ ഐക്യരാഷ്ട്ര സഭ നടത്തുന്ന സ്‌കൂളുകളിലാണ് ഫലസ്തീനികള്‍ അഭയം തേടിയിരിക്കുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ 39 കുട്ടികളടക്കം 140 ഫലസ്തീനികളാണ് ഇസ്രാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 950 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
വ്യോമാക്രമണത്തില്‍ നിന്നും രക്ഷപ്പെടുന്നതിനുള്ള ബങ്കറുകളോ മറ്റ് സംവിധാനങ്ങളോ ഗാസയിലെ വീടുകളിലില്ല. അതുകൊണ്ടു തന്നെ വീടുകള്‍ക്കുള്ളിലുണ്ടായിരുന്ന നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയായിരുന്നു.
ഇതിനിടയില്‍ ഷാതി അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ട് സ്ത്രീകളും ആറ് കുട്ടികളും കൊല്ലപ്പെട്ടു. ക്യാമ്പ് മുഴുവനായി തകര്‍ന്നതിനാല്‍ കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നും പലരും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങികിടക്കുകയുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
🇺🇸🇦🇱🇦🇺🇦🇹🇧🇦🇧🇷🇧🇬🇨🇦🇨🇴🇨🇾🇨🇿🇬🇪🇩🇪🇬🇹🇭🇳🇭🇺🇮🇹🇱🇹🇲🇩🇳🇱🇲🇰🇵🇾🇸🇮🇺🇦🇺🇾
Thank you for resolutely standing with 🇮🇱 and supporting our right to self defense against terrorist attacks.
കിഴക്കന്‍ ജറുസലേമിലെ ഷെയ്ഖ് ജറായില്‍ നിന്നും അറബ് വംശജരെയും മുസ്ലീങ്ങളെയും കുടിയൊഴിപ്പിക്കാനായി ഇസ്രാഈല്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ പ്രദേശത്ത് ഒരു മാസത്തിലേറെയായി ഫലസ്തീനികള്‍ പ്രതിഷേധം നടത്തുന്നുണ്ടായിരുന്നു.
പിന്നീട് മെയ് ഏഴിന് മസ്ജിദുല്‍ അഖ്സയില്‍ ഇസ്രാഈല്‍ സേന ആക്രമണങ്ങള്‍ നടത്തുകയും ഹമാസ് ഇതിനെതിരെ രംഗത്തുവന്നതിനും പിന്നാലെയാണ് ഗാസയില്‍ ഇസ്രാഈല്‍ വലിയ വ്യോമാക്രമണങ്ങള്‍ ആരംഭിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക