| Monday, 1st October 2018, 10:49 pm

'ഞാന്‍ ആര്‍ത്തവമുള്ളപ്പോള്‍ അമ്പലത്തില്‍ പോയിട്ടുണ്ട്. ആ സമയത്ത് എന്റെ ശരീരം ആശുദ്ധമാണെന്ന് ഞാന്‍ വിചാരിക്കുന്നില്ല'; ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത വിദ്യാര്‍ഥിനിക്കെതിരെ സംഘപരിവാറുകാരുടെ സൈബര്‍ തെറിവിളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിലെ നേര്‍ക്കുനേര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത വിദ്യാര്‍ഥിനിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ സംഘപരിവാറുകാരുടെ തെറിവിളി. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടു നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത വിദ്യാര്‍ഥിനിക്കെതിരെയാണ് സംഘപരിവരുകാരുടെ സൈബര്‍ തെറിവിളി നടക്കുന്നത്.

ചര്‍ച്ചയുടെ പ്രൊഡ്യൂസര്‍മാരില്‍ ഒരാളായ സുജിത് ചന്ദ്രനാണ് ഇക്കാരം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്. “കഴിഞ്ഞ ലക്കം നേര്‍ക്കുനേര്‍ ചര്‍ച്ചയുടെ സദസില്‍ ഉണ്ടായിരുന്ന പെണ്‍കുട്ടിയെ ഫേക്കുകളും അല്ലാത്തവയുമായ നൂറുകണക്കിന് “അയ്യപ്പഭക്തരുടെ” പ്രൊഫൈലുകള്‍, പ്രധാനമായും സംഘി പ്രൊഫൈലുകള്‍ ഗ്രൂപ്പുകളില്‍ തീരുമാനമെടുത്ത് കൂട്ടം കൂട്ടമായി വന്ന് കേട്ടാലറയ്ക്കുന്ന തെറി പറഞ്ഞ് വെര്‍ബല്‍ റേപ്പ് ചെയ്തുകൊണ്ടിരിക്കുകയാണെന്ന് സുജിത് ചന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.


ഒരു സ്ത്രീ പോലും ആര്‍ത്തവമായിരിക്കുമ്പോള്‍ അമ്പലത്തില്‍ പോകാന്‍ ആഗ്രഹിക്കില്ല എന്ന നിലപാട് പലരും ചര്‍ച്ചയില്‍ ഉന്നയിച്ചിരുന്നു. ഇതിനു മറുപടിയായാണ് വിദ്യാര്‍ഥിനി തന്റെ നിലപാട് വ്യക്തമാക്കിയത്. “ഞാന്‍ ആര്‍ത്തവമായിരിക്കുമ്പോള്‍ അമ്പലത്തില്‍ പോയിട്ടുണ്ട്. ഒരിക്കലും ഞാന്‍ വിചാരിക്കുന്നില്ല ആ സമയത്ത് എന്റെ ശരീരം ആശുദ്ധമാണെന്ന്”.

ഇതിനു പ്രതികരണവുമായി ചര്‍ച്ചയിലുണ്ടായിരുന്ന ദീപ രാഹുല്‍ ഈശ്വര്‍ പെണ്‍കുട്ടിയോട് ചോദിച്ചു, “മാസത്തില്‍ മുപ്പതു ദിവസം ഉള്ളതില്‍ ആര്‍ത്തവമുള്ള ദിവസങ്ങളില്‍ അമ്പലത്തില്‍ പോയിട്ടുണ്ടെന്ന് പറയുന്നുണ്ടായിരുന്നു. ഈ നാലു ദിവസത്തില്‍ ഒരു ദിവസം അമ്പലത്തില്‍ പോകണമെന്ന് മോള്‍ ആഗ്രഹിക്കാന്‍ എന്തെങ്കിലും പ്രത്യേകിച്ച് കാരണമുണ്ടായിരുന്നോ? അറിയാനുള്ളൊരു കൗതുകം”.


അത് തന്റെ പ്രതിഷേധത്തിന്റെ ഭാഗമായിട്ട് തന്നെയാണെന്ന് വിദ്യാര്‍ഥിനി മറുപടി പറഞ്ഞു. തുടര്‍ന്ന് ദീപ രാഹുല്‍ ഈശ്വര്‍ പറയുന്നുണ്ട് “ഇതാണ് ഞങ്ങളുടെ പ്രശ്‌നം ഒരു വിശ്വാസത്തിന്റെയും ഭാഗമായിട്ടല്ല ആ കുട്ടി അമ്പലത്തില്‍ പോയത്. പ്രാര്‍ഥിക്കാനുള്ള അവകാശത്തെ കുറിച്ചാണ് നിങ്ങള്‍ ചര്‍ച്ചയില്‍ പറയുന്നത്. എന്ത് അവകാശത്തെ കുറിച്ചാണ് ആ കുട്ടി പറയുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി മാത്രമാണ് ആ കുട്ടി അമ്പലത്തില്‍ പോയത്. അപ്പോള്‍ പിന്നെ എന്തു വിശ്വാസിയാണ് ആ കുട്ടി”

ചര്‍ച്ചയില്‍ പങ്കെടുത്ത പലരും വിദ്യാര്‍ഥിനിയുടെ നിലപാടിന് പിന്തുണ നല്‍കിയെങ്കിലും വിശ്വാസികളായവര്‍ ഇതിനെ എതിര്‍ത്തിരുന്നു.

We use cookies to give you the best possible experience. Learn more