| Monday, 26th April 2021, 8:29 pm

സംഘപരിവാര്‍ സംഘടനകളെ പ്രോ-ഫാസിസ്റ്റ് എന്ന് വിളിച്ചു; കേന്ദ്രസര്‍വ്വകലാശാല അധ്യാപകന് നേരെയുള്ള അന്വേഷണത്തിനെതിരെ സാംസ്‌കാരിക പ്രവര്‍ത്തകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍ഗോഡ്: ഇന്ത്യയിലെ സംഘപരിവാര്‍ സംഘടനകളെ പ്രോ- ഫാസിസ്റ്റ് എന്ന് വിശേഷിപ്പിച്ച കാസര്‍ഗോഡ് കേന്ദ്രസര്‍വ്വകലാശാലയിലെ അധ്യാപകന് നേരെ അന്വേഷണം പ്രഖ്യാപിച്ച സര്‍വ്വകലാശാല തീരുമാനത്തിനെതിരെ സാംസ്‌കാരിക പ്രവര്‍ത്തകര്‍.

കേന്ദ്ര സര്‍വകലാശാലയിലെ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് & പൊളിറ്റിക്കല്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. ഗില്‍ബര്‍ട്ട് സെബാസ്റ്റ്യനെതിരെയാണ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

സംഘപരിവാര്‍ സംഘടനയായ എ. ബി .വി .പി യുടെ ആവശ്യപ്രകാരം യു.ജി.സിയും എം.എച്ച്.ആര്‍.ഡിയും നിര്‍ദ്ദേശിച്ചതിനെത്തുടര്‍ന്നാണ് സര്‍വകലാശാലാ അധികാരികള്‍ ഇത്തരമൊരു നടപടിയിലേക്ക് കടന്നിട്ടുള്ളതെന്നാണ് ആരോപണം.

‘നരേന്ദ്ര മോദി 2014 ല്‍ അധികാരമേറ്റതിനു ശേഷമുള്ള ഇന്ത്യ ഒരു പ്രോ- ഫാസിസ്റ്റ് രാജ്യമാണോ’ എന്ന ചോദ്യം ക്ലാസ്സില്‍ ഉന്നയിച്ചതിനു പിന്നാലെയായിരുന്നു അധ്യാപകന് നേരെ സംഘപരിവാര്‍ സംഘടനകള്‍ ആക്രമണം അഴിച്ചുവിട്ടത്.

ഇതേത്തുടര്‍ന്നാണ് ഗില്‍ബര്‍ട്ടിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് സര്‍വ്വകലാശാല അധികൃതര്‍ രംഗത്തെത്തിയത്. അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ അധ്യാപകനെ പുറത്താക്കാന്‍ ആവശ്യപ്പെടുന്നതും അതിനു വേണ്ടി യു.ജി.സി സര്‍വകലാശാലക്ക് കത്തയക്കുന്നതും വി.സി. അന്വേഷണ കമ്മിറ്റി രൂപീകരിക്കുന്നതും ഇന്ത്യ ഫാഷിസ്റ്റ് രാഷ്ട്രമാവുന്നു എന്നതിന്റെ സൂചന തന്നെയാണെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

അസഹിഷ്ണുതയുടെ പേരില്‍ അധ്യാപകനെതിരെ തുടര്‍ന്നുകൊണ്ടിരിക്കുന്ന വ്യക്തിഹത്യയില്‍ എ.ബി.വി.പിയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നുവെന്നും അധ്യാപകന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.

കത്തിന്റെ പൂര്‍ണ്ണരൂപം:

സംഘ്പരിവാറിനാല്‍ വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്ന  അസി.പ്രൊഫസര്‍ ഡോ. ഗില്‍ബര്‍ട്ട് സെബാസ്റ്റ്യന് ഐക്യദാര്‍ഢ്യം.

കാസര്‍ഗോഡ് സ്ഥിതി ചെയ്യുന്ന കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് & പൊളിറ്റിക്കല്‍ സയന്‍സ് ഡിപാര്‍ട്‌മെന്റിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. ഗില്‍ബര്‍ട്ട് സെബാസ്റ്റ്യനെതിരെ , തന്റെ ക്ലാസില്‍ ഇന്ത്യയിലെ സംഘ് പരിവാര്‍ സംഘടനകളെ പ്രോട്ടോ-ഫാസിസ്റ്റ് എന്ന് വിശേഷിപ്പിച്ചതില്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. എ. ബി .വി .പി യുടെ ആവശ്യപ്രകാരം UGC യും MHRD യും നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് സര്‍വകലാശാലാ അധികാരികള്‍ ഇത്തരമൊരു നടപടിയിലേക്ക് കടന്നിട്ടുള്ളത് 

 ‘നരേന്ദ്ര  മോദി 2014 ല്‍ അധികാരമേറ്റതിനു ശേഷമുള്ള ഇന്ത്യയും ഒരു പ്രോട്ടോ- ഫാസിസ്റ്റ് രാജ്യമാണോ’  എന്ന ചോദ്യമായിരുന്നു പ്രശ്‌നവല്‍ക്കരിക്കപ്പെട്ട ആ പ്രസ്താവന. ഇന്ത്യയുടെ രാഷ്ട്രീയവും സാമൂഹകവുമായ അന്തരീക്ഷങ്ങളെ ചര്‍ച്ച ചെയ്യാനുള്ള ഇടങ്ങള്‍ തന്നെയാണ് ഇന്ത്യന്‍ ക്ലാസ് മുറികള്‍ . വ്യത്യസ്തകളോട് അങ്ങേയറ്റം വിയോജിപ്പുള്ള സംഘ്പരിവാര്‍ സത്യങ്ങള്‍ കേള്‍ക്കുമ്പോള്‍ വീണ്ടും വീണ്ടും അസ്വസ്ഥരാവുന്നതിന്റെ പ്രകടമായ ഉദാഹരണമാണ് ഗില്‍ബെര്‍ട്ട് വിഷയത്തിലും കാണാന്‍ സാധിക്കുന്നത് .  ക്ലാസ് മുറികളിലെ അക്കാദമിക അന്തരീക്ഷം ഇല്ലാതാക്കാനും ചരിത്രത്തെയും രാഷ്ട്രീയത്തെയും കുറിച്ച വ്യത്യസ്ത വീക്ഷണങ്ങളെ അടിച്ചമര്‍ത്താനുമുള്ള ഈ നടപടി സംഘപരിവാറിന്റെ അക്കാദമിക ഇടങ്ങളെ തകര്‍ക്കാനുള്ള നിഗൂഢ അജണ്ടയുടെ ഭാഗമാണ്. വിശേഷിച്ചും നരേന്ദ്ര മോദി സര്‍ക്കാര്‍ 2014ല്‍ അധികാരമേറ്റതുമുതല്‍ ഇന്ത്യയിലെ അക്കാദമിക സ്വാതന്ത്ര്യം അടിച്ചമര്‍ത്തപ്പെടുകയാണ്. ഇതിന്റെ തുടര്‍ച്ച തന്നെയാണ് ഈ സംഭവവും.

വസ്തുതകള്‍ വകവെക്കാതെ നടപടിയാവശ്യട്ട MHRD യുടെയും UGC  യുടെയും നിലപാട് തികച്ചും അപലപനീയമാണ്. സംഘ്പരിവാറിന്റെ ആഗ്രഹ സാധൂകരണത്തിനുള്ള ഉപകരണങ്ങളായല്ല MHRD യും UGC യും പ്രവര്‍ത്തിക്കേണ്ടത് . അസി. പ്രൊഫസര്‍ ഡോ. ഗില്‍ബര്‍ട്ട് സെബാസ്റ്റ്യന്റെ ചോദ്യത്തിനുള്ള ഉത്തരമാണ് അദ്ദേഹത്തിനെതിരെയുള്ള ഈ നടപടിയില്‍ നിന്ന് സമൂഹത്തിന് ലഭിക്കുന്നത്. അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ അധ്യാപകനെ പുറത്താക്കാന്‍ ആവശ്യപ്പെടുന്നതും അതിനു വേണ്ടി യു ജി സി സര്‍വകലാശാലക്ക് കത്തയക്കുന്നതും വി.സി. അന്വേഷണ കമ്മിറ്റി രൂപീകരിക്കുന്നതും തന്നെയാണ് ഇന്ത്യ ഫാഷിസ്റ്റ് രാഷ്ട്രമാവുന്നു എന്നതിന്റെ സൂചന.

അസഹിഷ്ണുതയുടെ പേരില്‍ അദ്ദേഹത്തിനെതിരെ തുടര്‍ന്നുകൊണ്ടിരിക്കുന്ന വ്യക്തിഹത്യയില്‍ ABVP ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നതിനോടൊപ്പം, അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ വെളിച്ചത്തില്‍ നടപടി സ്വീകരിച്ച vc യുടെയും ഉത്തരവ് നല്‍കിയ UCG യുടെയും MHRD യുടെയും നിലപാടുകളെ ഞങ്ങള്‍ വളരെ ശക്തമായി അപലപിച്ചു കൊണ്ട് അധ്യാപകന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്നു.

ഡോ: കെ. സച്ചിദാനന്ദന്‍

ഡോ : ജെ. ദേവിക (Feminist, Scholar Centre for Development Studies)

പി.കെ അബ്ദുറഹിമാന്‍ (Secretary, Teachers’ Collective of the University of Madras)

ഡോ: ജെന്നി റൊവീന (university of Delhi)

ഡോ: വാള്‍റ്റര്‍ ഫെര്‍ണാണ്ടസ് (Director North Eastern Social Research centre, Guwahati)

ഡോ: അജയ് എസ്. ശേഖര്‍ (Sree Sankaracharya University of Sanskrit, Kalady)

ഡോ: റെജു ജോര്‍ജ് മാത്യു (NIT calicut)

ഡോ: ഒ.കെ സന്തോഷ്  (University of Madras)

ഡോ: കെ.എസ് മാധവന്‍ (University of calicut)

ഡോ: എം.എച്ച് ഇല്യാസ് (MG University )

ഡോ: ഉമര്‍ തറമേല്‍ (University of calicut)

ഡോ: രേഖാ രാജ്ഷംസീര്‍ ഇബ്രഹിം (National President, Fraternity Movement )

ഡോ: പി.കെ സാദിഖ് (CEDEC NISWASS Bhubaneswar)

ഡോ: പ്രേം കുമാര്‍ വിജയന്‍ (Hindu college , university of Delhi)

ഡോ: സി.എ അനസ് (Farook College)

ഡോ: ഷീബ കെ.എം (Sree Sankaracharya University of Sanskrit, Kalady)…

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Sangaparivar Attack Aganist Central University Professor

Latest Stories

We use cookies to give you the best possible experience. Learn more