കൊച്ചി: കൊച്ചി ദേവസ്വം ബോര്‍ഡില്‍ പട്ടിക വിഭാഗത്തില്‍ നിന്നുള്ള യുവാവിനെ സോപാനം പാടാന്‍ അനുവദിക്കില്ലെന്ന് സംഘപരിവാര്‍. ചേരാനല്ലൂര്‍ ശ്രീ കാര്‍ത്യായനി ഭഗവതി ക്ഷേത്രത്തില്‍ പട്ടിക വിഭാഗക്കാരനായ വിനില്‍ ദാസിനെ സോപാനഗായകനായി നിയമിച്ചതിനെതിരെയാണ് സംഘപരിവാര്‍ വിലക്ക് കല്‍പ്പിച്ചത്.
തന്നെ ജാതീയമായി അധിക്ഷേപിക്കുകയും സോപാനം പാടുന്നതില്‍ നിന്നും വിലക്കുകയും ചെയ്ത ക്ഷേത്ര സമിതി അംഗങ്ങള്‍ക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് വിനില്‍ ദാസ്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ജൂലൈയിലാണ് വിനില്‍ ദാസിനെ നിയമിച്ചത്. ആദ്യമായാണ് കൊച്ചി ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ഒരു ക്ഷേത്രത്തില്‍ പട്ടിക വിഭാഗത്തില്‍ നിന്നും ഒരാളെ സോപാന ഗായകനായി നിയമിക്കുന്നത്. സംഘപരിവാര്‍ വിനില്‍ ദാസിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. സോപാനപ്പാട്ടിന് അയിത്തജാതിയില്‍പ്പെട്ടയാള്‍ വരരുതെന്നാണ് സംഘപരിവാര്‍ പറഞ്ഞത്.
ജോലിയില്‍ പ്രവേശിച്ചതിന് ശേഷം സംഘപരിവാര്‍ തുടര്‍ച്ചയായി തന്നെ ഉപദ്രവിച്ചിരുന്നുവെന്ന് വിനില്‍ ദാസ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.
‘ജോലിയില്‍ പ്രവേശിച്ചതിന് ശേഷവും ക്ഷേത്രസമിതിക്കാര്‍ മോശമായാണ് എന്നോട് പെരുമാറിയത്. അവര്‍ എന്റെ ബൈക്കിന്റെ സീറ്റ് കുത്തിക്കീറുകയും ടയര്‍ പഞ്ചറാക്കുകയും ചെയ്തു. വിശ്രമിക്കാനും വസ്ത്രം മാറാനുമുള്ള മുറി പൂട്ടിയിട്ടു. വസ്ത്രങ്ങള്‍ മുറിക്ക് പുറത്താണ് ഞാന്‍ തൂക്കിയിട്ടിരുന്നത്. ജോലിയുടെ ഇടവേളകളില്‍ വിശ്രമിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല.
നിരന്തരമായി ജാതി അധിക്ഷേപങ്ങളും ക്ഷേത്രസമിതിക്കാര്‍ നടത്തിയിരുന്നു.
ശീവേലി സമയത്ത് പാടുന്നതിന്റെ ദൃശ്യങ്ങള്‍ അവര്‍ വീഡിയോയില്‍ പകര്‍ത്തി സാമൂഹ്യമാധ്യമങ്ങളില്‍ മോശമായ രീതിയില്‍ പ്രചരിപ്പിച്ചു. സാമൂഹ്യമാധ്യമങ്ങളിലൂടെ വലിയ ജാതി അധിക്ഷേപങ്ങളാണ് ഞാന്‍ നേരിട്ടത്’.
‘ഇതിനെല്ലാം ശേഷം ക്ഷേത്രത്തില്‍ സോപാനം പാടുന്നതില്‍ നിന്നും വിലക്കുകയായിരുന്നു. ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് മറ്റൊരാളെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുകയാണെന്ന് പറഞ്ഞ് എന്നോട് നിര്‍ബന്ധിത ലീവ് എടുക്കാന്‍ സമിതിക്കാര്‍ ആവശ്യപ്പെടുകയായിരുന്നു’.
സമൂഹമാധ്യമങ്ങളിലൂടെ ജാതി പറഞ്ഞ് വിനിലിനെ അവഹേളിക്കുകയും ചെയ്തു. ഇതില്‍ നാല് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ ചേരാനല്ലൂര്‍ പൊലീസ് കേസെടുത്തു.
വിനിലിന് പാടാന്‍ അറിയില്ലെന്നും അയാള്‍ ജോലിക്ക് വരുന്നില്ലെന്നുമാണ് സംഘപരിവാറിന്റെ വാദം. എന്നാല്‍ പ്രൊബേഷന്‍ കാലയളവില്‍ ഒരു ദിവസം പോലും ജോലി മുടക്കിയിട്ടില്ലെന്ന് വിനില്‍ പറയുന്നു.
‘ഞാന്‍ ജോലിക്ക് കൃത്യമായി വരുന്നില്ലെന്നും എനിക്ക് സോപാനം പാടാന്‍ അറിയില്ലെന്നുമാണ് അവര്‍ പറഞ്ഞത്. ഇത്തരം കള്ളപരാതികള്‍ അവര്‍ മുഖ്യമന്ത്രിക്കും അയച്ചു. എന്നാല്‍ പ്രൊബേഷന്‍ കാലയളവില്‍ ഒരു ദിവസം പോലും ജോലി മുടക്കിയിട്ടില്ലാത്ത ആളാണ് ഞാന്‍. സോപാനം പാടുന്ന കാര്യത്തിലും ഒരു വീഴ്ചയും ഇതുവരെ വരുത്തിയിട്ടില്ല. എല്ലാവര്‍ക്കും യേശുദാസിനെപ്പോലെ പാടാന്‍ കഴിയുകയില്ലല്ലോ.
അമ്പലത്തിലെ ചടങ്ങുകളെല്ലാം ഞാന്‍ മുടങ്ങാതെ ചെയ്യുന്നുണ്ട്. അത് സി.സി.ടി.വി പരിശോധിച്ചാല്‍ മനസ്സിലാവുന്ന കാര്യങ്ങളാണ്. തുടര്‍ന്നങ്ങോട്ട് ഉപദ്രവങ്ങള്‍ രൂക്ഷമാവുകയായിരുന്നു.
കൊച്ചിന്‍ ദേവസ്വം ബോര്‍ഡില്‍ നിന്നുള്ള ആദ്യ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട സോപാനം ഗായകനാണ് ഞാന്‍. അതിന്റെ എല്ലാ ദേഷ്യവും അവര്‍ക്ക് എന്നോടുണ്ടായിരുന്നു. അവര്‍ പറയുന്ന പോലെ കള്ളത്തരം കാട്ടി നിയമനത്തില്‍ കേറിയതല്ല ഞാന്‍. നിയമത്തിന്റെ അടിസ്ഥാനത്തില്‍ ജോലിയില്‍ കയറിയതാണ്. അതിനാല്‍ അവര്‍ പറയുന്ന കാര്യങ്ങള്‍ തെറ്റാണ്. സാമൂഹ്യമാധ്യമങ്ങളില്‍ നിന്നും കടുത്ത ജാതി അധിക്ഷേപങ്ങള്‍ എനിക്കെതിരെയുണ്ടായി.
ക്ഷേത്രത്തില്‍ പത്ത് വര്‍ഷത്തോളം സോപാനം ആലപിച്ചിരുന്ന ഏലൂര്‍ ബിജുവിനെ തിരിക്കൊണ്ടുവരാനുള്ള ശ്രമമായിരുന്നു ക്ഷേത്രസമിതിക്കാര്‍ നടത്തിയത്. എനിക്ക് മുമ്പ് ഇവിടെ സോപാനം ഗായകനായി നിന്നിരുന്ന ആദിത്യനാരായണനെ ക്ഷേത്രസമിതിക്കാര്‍ പുറത്താക്കിയത് ഏലൂര്‍ ബിജുവിനെ തിരികെക്കൊണ്ടുവരണമെന്ന കാരണം പറഞ്ഞാണ്. അയാളെയും സമിതിക്കാര്‍ ഉപദ്രവിച്ചതായാണ് അറിവ്.
അന്ന് പേടി മൂലം ആദിത്യ നാരായണന്‍ പരാതി നല്‍കാതിരിക്കുകയായിരുന്നു. പിന്നീട് തൃപ്പൂണിത്തുറ അമ്പലത്തിലേക്ക് അദ്ദേഹം സ്ഥലംമാറി. എനിക്കെതിരെ നിരന്തരമായ ജാതി അധിക്ഷേപങ്ങളും ഉപദ്രവവും രൂക്ഷമായപ്പോഴാണ് ഞാന്‍ പരാതിപ്പെട്ടത്’,വിനില്‍ ദാസ് പറഞ്ഞു.
മാര്‍ച്ചില്‍ നടക്കാനിരിക്കുന്ന ഉത്സവത്തിന് മറ്റൊരാളെ ചുമതലയേല്‍പ്പിച്ച് വിനിലിനെ ഫെബ്രുവരി അഞ്ച് മുതല്‍ മാര്‍ച്ച് പത്ത് വരെ നിര്‍ബന്ധിത അവധിയില്‍ വിടുകയായിരുന്നു സംഘപരിവാര്‍. ലീവിനുള്ള അപേക്ഷയില്‍ ഒപ്പിടാന്‍ അസിസ്റ്റന്റെ് കമ്മീഷണര്‍ ഭീഷണിപ്പെടുത്തിയെന്നും വിനില്‍ പറഞ്ഞു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഇടപെട്ട് നിലവില്‍ വിനിലിനെ ജോലിയില്‍ പ്രവേശിപ്പിച്ചു.
നാല് പേര്‍ക്കെതിരെ പൊലീസ് കേസെടുത്ത സാഹചര്യത്തില്‍ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ തന്നെ സമീപിച്ചിരുന്നുവെന്നും വിനില്‍ പറഞ്ഞു. ജാതി അധിക്ഷേപം നടത്തിയതില്‍ ക്ഷേത്രസമിതിക്കാര്‍ മാപ്പ് പറഞ്ഞതായും വിനില്‍ കൂട്ടിച്ചേര്‍ത്തു.
ഉപദേശകസമിതിക്കാരുടെ ഉപദ്രവങ്ങള്‍ക്കെതിരെ ദേവസ്വം ബോര്‍ഡിന് വിനില്‍ പരാതി നല്‍കിയിട്ടുണ്ട്. വിനില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് നടപടിയെടുത്തിട്ടുണ്ടെന്ന് യൂണിയന്‍ സെക്രട്ടറി സജീവന്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു. ‘ദേവസ്വം പ്രസിഡണ്ടിനാണ് വിനില്‍ പരാതി നല്‍കിയത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
പരാതിയെത്തുടര്‍ന്ന് പ്രസിഡണ്ട് അസിസ്റ്റന്റ് കമ്മീഷണറെ സമീപിച്ചിരുന്നു. വിനിലിന് സ്വതന്ത്രമായി തൊഴില്‍ ചെയ്യാനുള്ള സാഹചര്യം ഒരുക്കുകയാണ് ദേവസ്വം ബോര്‍ഡ് ചെയ്തത്. വിനിലിനെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കണമെന്ന് ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു’, സജീവന്‍ കൂട്ടിച്ചേര്‍ത്തു.