ലഖ്നൗ: മഹാ കുംഭമേള നടക്കുന്ന വിവിധ സ്ഥലങ്ങളിലായുള്ള നദീജലത്തില്‍ ഉയര്‍ന്ന അളവില്‍ ഫീക്കല്‍ കോളിഫോം ഉണ്ടെന്ന റിപ്പോര്‍ട്ട് തള്ളി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ത്രിവേണി സംഗമത്തിലെ വെള്ളം കുടിക്കാന്‍ അനുയോജ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് (ബുധന്‍) നിയമസഭയില്‍ സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.
തിങ്കളാഴ്ച, ജലത്തിന്റെ ഗുണനിലവാരം കുറഞ്ഞതായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് ദേശീയ ഹരിത ട്രൈബ്യൂണലിനെ അറിയിച്ചിരുന്നു. ഉയര്‍ന്ന തോതിലുള്ള മലമൂത്ര വിസര്‍ജനം വഴിയാണ് വെള്ളത്തില്‍ ഫീക്കല്‍ കോളിഫോം ബാക്ടീരിയയുടെ അളവ് വര്‍ധിക്കുന്നത്.
എന്നാല്‍ ത്രിവേണി സംഗമത്തിന് സമീപത്തായുള്ള മുഴുവന്‍ പൈപ്പുകളും ഡ്രെയിനേജുകളും അടച്ചിട്ടുണ്ടെന്ന് യോഗി പറഞ്ഞു. ശുദ്ധീകരിച്ച ശേഷം മാത്രേ വെള്ളം തുറന്ന് വിടുകയുള്ളുവെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.
വെള്ളത്തിലെ ബി.ഒ.ഡിയുടെ അളവ് മൂന്നില്‍ താഴെയാണെന്നും ഇന്നത്തെ റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് മുഖ്യമന്ത്രി പറഞ്ഞു. വെള്ളത്തില്‍ അലിഞ്ഞുചേര്‍ന്ന ഓക്‌സിജന്റെ അളവ് 8-9 വരെയാണ്. അതുകൊണ്ട് തന്നെ സംഗമത്തിലെ വെള്ളം കുളിക്കാന്‍ മാത്രമല്ല കുടിക്കാനും കഴിയുമെന്നും യോഗി ആദിത്യനാഥ് അവകാശപ്പെട്ടു.
അതേസമയം കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ (സി.പി.സി.ബി) കണക്കനുസരിച്ച്, വെള്ളത്തില്‍ ഫീക്കല്‍ കോളിഫോമിന്റെ അനുവദനീയമായ പരിധി 100 മില്ലി ലിറ്ററിന് 2,500 യൂണിറ്റാണ്. എന്നാല്‍ അനുവദനീയമായ അളവിലും കൂടുതലാണ് പ്രയാഗ്‌രാജിലെ ഫീക്കല്‍ കോളിഫോമിന്റെ അളവ്.
കുംഭമേളയിലെത്തുന്ന കോടിക്കണക്കിന് ആളുകളാണ് നദീജലത്തില്‍ പുണ്യസ്‌നാനത്തിനും കുളിക്കാനുമായി ഇറങ്ങുന്നത്. ഇതിനിടെയാണ് പ്രസ്തുത റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
കുടിവെള്ളത്തിലെ കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം കോളറ, ടൈഫോയ്ഡ്, ഡിസന്ററി, ഹെപ്പറ്റൈറ്റിസ്, ജിയാര്‍ഡിയാസിസ്, ഗിനി വേം, ഷിസ്റ്റോസോമിയാസിസ് തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ക്ക് കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
നിലവില്‍ ഉത്തര്‍പ്രദേശില്‍ പ്രവര്‍ത്തിക്കുന്ന 75 ജയിലുകളിലേക്ക് ത്രിവേണി സംഗമത്തിലെ വെള്ളമെത്തിക്കാന്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് മുഖേന തടവുകാര്‍ക്കും പുണ്യസ്‌നാനം നടത്താന്‍ കഴിയുമെന്നാണ് അധികൃതരുടെ വിശദീകരണം.
യു.പിയിലെ ഏഴ് സെന്‍ട്രല്‍ ജയിലുകള്‍ ഉള്‍പ്പെടെ 75 ജയിലുകളിലായി 90,000ത്തിലധികം തടവുകാരാണ് കഴിയുന്നത്. സര്‍ക്കാരിന്റെ പുതിയ തീരുമാനം തടവുകാരില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന പ്രതികരണവും ഉയരുന്നുണ്ട്.
നേരത്തെ പ്രയാഗ്‌രാജിലെ ഗംഗ, യമുന നദികളിലേക്ക് മലിനജലം ഒഴുക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ, ജൂഡീഷ്യല്‍ അംഗം ജസ്റ്റിസ് സുധീര്‍ അഗര്‍വാള്‍, വിദഗ്ധ അംഗം എ. സെന്തില്‍ വേല്‍ എന്നിവരടങ്ങിയ എന്‍.ജി.ടി ബെഞ്ചിന്റെ പരിഗണനയിലാണ്.
Content Highlight: Sangam water at Maha Kumbh fit for drinking: UP CM Yogi rubbishes reports