ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തോടെയാണ് ഇന്ത്യ 2023 ക്രിക്കറ്റ് കലണ്ടറിന് തുടക്കം കുറിക്കുന്നത്. മൂന്ന് ഏകദിനങ്ങളും അത്ര തന്നെ ടി-20യുമാണ് ഇന്ത്യ-ശ്രീലങ്ക പരമ്പരയിലുള്ളത്. ഇതില്‍ ടി-20 പരമ്പരയാണ് ആദ്യം നടക്കുന്നത്. ജനുവരി മൂന്നിന് മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം നടക്കുന്നത്.
ഇന്ത്യ-ശ്രീലങ്ക ടി-20 പരമ്പരക്കുള്ള സ്‌ക്വാഡില്‍ മലയാളി താരവും രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനുമായ സഞ്ജു സാംസണും ഇടം നേടിയിരുന്നു. ഏകദിന ഫോര്‍മാറ്റില്‍ മികച്ച പ്രകടനം നടത്തിയതിന് പിന്നാലെയാണ് താരത്തെ ഏകദനത്തില്‍ പരിഗണിക്കാതെ ബി.സി.സി.ഐ ടി-20 സ്‌ക്വാഡിലേക്ക് പരിഗണിച്ചത് എന്നതും രസകരമായ വസ്തുതയാണ്.
ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിലുള്ള ടീമില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും ഒറ്റ മത്സരം മാത്രമാണ് താരത്തിന് കളിക്കാന്‍ സാധിച്ചത്. ബംഗ്ലാദേശ് പര്യടനത്തിലാകട്ടെ പന്ത് പുറത്തായതിന് ശേഷവും സഞ്ജുവിനെ ടീമില്‍ എടുക്കുകയും ചെയ്തിരുന്നില്ല.
ഇന്ത്യ-ശ്രീലങ്ക പരമ്പരയില്‍ ഉള്‍പ്പെട്ടതിന് പിന്നാലെ സഞ്ജുവിന് നിര്‍ണായക ഉപദേശം നല്‍കിയിരിക്കുകയാണ് മുന്‍ ലങ്കന്‍ നായകനും രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകനുമായ കുമാര്‍ സംഗക്കാര. പരമ്പരയിലുടനീളം ശാന്തനായി തുടരാനും സ്വന്തം ശൈലിയില്‍ കളിക്കാനുമാണ് സംഗ താരത്തിനോട് ആവശ്യപ്പെടുന്നത്.
സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ചാറ്റ് വിത്ത് ചാമ്പ്യന്‍സ് എന്ന പരിപാടിയിലായിരുന്നു സംഗ ഇക്കാര്യം പറഞ്ഞത്.
‘സമ്മര്‍ദ്ദത്തിനടിമപ്പെടാതെ കാര്യങ്ങള്‍ സിംപിളായി വേണം കൈകാര്യം ചെയ്യാന്‍. ബാറ്റിങ്ങില്‍ മാത്രം കോണ്‍സെന്‍ട്രേറ്റ് ചെയ്യുക. ഐ.പി.എല്‍ പ്രധാനപ്പെട്ട കാര്യമാണ്, രാജ്യത്തിന് മത്സരങ്ങള്‍ കളിക്കുക എന്നത് മറ്റൊന്നും.
ഇന്ത്യന്‍ നാഷണല്‍ ടീമിന് വേണ്ടിയുള്ള തന്റെ ജോലി എന്താണെന്ന് അവന്‍ കൃത്യമായി മനസിലാക്കണം. നിങ്ങളുടെ റോളിനെ കുറിച്ച് വ്യക്തത വരുത്താന്‍ അത് നിങ്ങളെ സഹായിക്കും,’ സംഗക്കാര പറഞ്ഞു.
‘സാഹചര്യങ്ങള്‍ക്കനുസരിച്ച് ഒരുപക്ഷേ അവന് വിവിധ പൊസിഷനില്‍ കളിക്കേണ്ടി വന്നേക്കാം. ഏത് പൊസിഷനിലും ഇറങ്ങി കളിക്കാനും റണ്‍സ് നേടാനും സാധിക്കുന്ന താരമാണ് സഞ്ജു.
സ്വയം തെളിയിക്കാനുള്ള അവസാന അവസരമാണിത് എന്ന് ഒരിക്കല്‍ പോലും ചിന്തിക്കരുത്. അവന്‍ വളരെ മികച്ച യുവ ബാറ്ററാണ്, ഉയരങ്ങളിലെത്താനുള്ള കഴിവും അവനിലുണ്ട്. പോയി കളിച്ചു വാ… നിന്റെ ഗെയിം ആസ്വദിക്കൂ,’ സംഗ കൂട്ടിച്ചേര്‍ത്തു.