ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി വേണ്ടത്ര തിളങ്ങാന്‍ സാധിക്കാതെ പോയ താരമാണ് റിയാന്‍ പരാഗ്. ബാറ്റിങ് ഓള്‍ റൗണ്ടറായാണ് താരം ടീമില്‍ ഉള്‍പ്പെട്ടതെങ്കിലും ബാറ്റിങ്ങിലോ ബൗളിങ്ങിലോ കാര്യമായ ഒരു സംഭാവനയും നല്‍കാന്‍ താരത്തിന് സാധിച്ചിരുന്നില്ല.
രാജസ്ഥാന്റെ ആറ് മത്സരത്തില്‍ അഞ്ചിലും പരാഗ് ടീമിനൊപ്പമുണ്ടായിരുന്നു. എന്നാല്‍ 13.50 എന്ന ശരാശരിയിലും 112.50 എന്ന സ്‌ട്രൈക്ക് റേറ്റിലും വെറും 54 റണ്‍സ് മാത്രമാണ് താരം നേടിയത്. സീസണിലിതുവരെ മൂന്ന് സിക്‌സറും മൂന്ന് ബൗണ്ടറിയും മാത്രം നേടിയ താരത്തിന്റെ മികച്ച സ്‌കോര്‍ 20 ആണ്.
ഈ മോശം ഫോമില്‍ തുടരുമ്പോഴും താരത്തെ ടീമില്‍ നിലനിര്‍ത്തുന്ന സമീപനമാണ് രാജസ്ഥാന്‍ റോയല്‍സ് മാനേജ്‌മെന്റ് സ്വീകരിച്ചുപോന്നത്. ആരാധകര്‍ക്കിടയില്‍ നിന്ന് തന്നെ വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍ കൂടിയാണ് രാജസ്ഥാന്‍ പരാഗില്‍ തന്നെ വിശ്വാസമര്‍പ്പിക്കുന്നത്.
എന്നാല്‍ തങ്ങള്‍ എന്തുകൊണ്ട് റിയാന്‍ പരാഗിനെ പിന്തുണക്കുന്നു എന്ന് പറയുകയാണ് ടീമിന്റെ പരിശീലകനായ കുമാര്‍ സംഗക്കാര. താരം നെറ്റ്‌സില്‍ മികച്ച രീതിയിലാണ് ബാറ്റ് ചെയ്യാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.
‘ആ അവസരത്തില്‍ (അവസാന ഓവറുകളില്‍) വളരെ പെട്ടെന്ന് തുടരെ തുടരെ സിക്‌സറുകള്‍ പറത്താന്‍ പരാഗിന് സാധിക്കും. അത്തരമൊരു പദ്ധതിയാണ് റിയാന്‍ പരാഗിനുള്ളത്. പേസിനെ നേരിടാന്‍ നമുക്ക് ധ്രുവ് (ജുറെല്‍) ഉണ്ടായിരുന്നു. മിഡില്‍ ഓര്‍ഡറില്‍ രണ്ട് – മൂന്ന് സിക്‌സായിരുന്നു ടീമിന് വേണ്ടിയിരുന്നത്.
അവന്‍ (റിയാന്‍ പരാഗ്) നെറ്റ്‌സില്‍ വളരെ മികച്ച രീതിയിലാണ് ബാറ്റ് ചെയ്യാറുള്ളത്. ഞങ്ങള്‍ ഞങ്ങളുടെ താരങ്ങളെ കൃത്യമായി പിന്തുണക്കും. പ്രത്യേകിച്ചും അവന്‍ ഇംപാക്ട് സബ്സ്റ്റ്യൂട്ട് പ്ലെയറായി ഇറങ്ങുന്നതിനാല്‍. ഡി.ഡി.പി (ദേവ്ദത്ത് പടിക്കല്‍)യും അത്തരത്തിലുള്ള താരമാണ്. നിരവധി ആഭ്യന്തര താരങ്ങളും ടീമിനൊപ്പമുണ്ട്.
എന്നാല്‍ നിര്‍ഭാഗ്യവശാല്‍ റിയാന്‍ പരാഗിന് മികച്ച രീതിയില്‍ കളിക്കാന്‍ സാധിച്ചില്ല. ഇത് ഞങ്ങള്‍ പരിശോധിക്കുകയും ട്രെയ്‌നിങ് സെഷനുകളില്‍ പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്യും. അടുത്ത മത്സരങ്ങളില്‍ കാര്യങ്ങള്‍ എങ്ങനെയാണെന്നതിനെ അനുസരിച്ച് കാര്യങ്ങള്‍ തീരുമാനിക്കും,’ സംഗ പറഞ്ഞു.
സംഗക്കാരയുടെ വാക്കുകളുടെ അടിസ്ഥാനത്തില്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരെ ചിന്നസ്വാമിയില്‍ വെച്ച് നടക്കുന്ന മത്സരത്തിലും പരാഗ് ടീമിന്റെ ഭാഗമായേക്കും. ഏപ്രില്‍ 23നാണ് രാജസ്ഥാന്‍ ആര്‍.സി.ബിയെ അവരുടെ കളിത്തട്ടകത്തിലെത്തി നേരിടുന്നത്.
Content Highlight: Sangakara about Riyan Parag