മുംബൈ: മൂന്ന് ഫോര്‍മാറ്റില്‍ നിന്നും 2818 റണ്‍സാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ സമ്പാദ്യം. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഒരു താരത്തിന്റെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ സ്‌കോര്‍ ആണിത്.
മുന്‍ ലങ്കന്‍ നായകന്‍ കുമാര്‍ സങ്കക്കാരയാണ് ഒന്നാമതുള്ളത്. 2014 ല്‍ 2868 റണ്‍സാണ് സങ്ക നേടിയത്. രണ്ടാമതുള്ളത് ഓസ്‌ട്രേലിയയുടെ ഇതിഹാസ താരം റിക്കി പോണ്ടിംഗാണ്. റിക്കി 2005 ല്‍ 2833 റണ്‍സ് നേടിയിരുന്നു. ശ്രീലങ്കയ്‌ക്കെതിരായ ഏകദിന-ട്വന്റി-20 പരമ്പരകളില്‍ വിശ്രമം അനുവദിച്ചതിനാല്‍ വിരാടിന്റെ ഈ വര്‍ഷത്തെ അവസാനത്തെ മത്സരമായിരുന്നു കഴിഞ്ഞ ടെസ്റ്റ്.
ഈ വര്‍ഷം സാധിച്ചില്ലെങ്കിലും അടുത്ത വര്‍ഷം തന്നെ വിരാട് തന്റെ റെക്കോര്‍ഡ് മറി കടക്കുമെന്നാണ് സങ്കക്കാര പറയുന്നത്. പിന്നീട് വിരാട് സ്വന്തം റെക്കോര്‍ഡുകള്‍ മറികടക്കുന്ന കാലം വരുമെന്നും സങ്കക്കാര പറയുന്നു. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രവചനം.
കോഹ് ലിയെ ഡിഫറന്റ് ക്ലാസ് എന്നാണ് ലങ്കന്‍ ഇതിഹാസം വിശേഷിപ്പിച്ചത്. അതേസമയം, ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുന്നോടിയായി വിശ്രമം ചോദിച്ചു വാങ്ങിയിരിക്കുകയാണ് കോഹ്‌ലി.
എന്നാല്‍ പെട്ടെന്നുളള ഇടവേള വിരാടും അനുഷ്‌കയും തമ്മിലുളള വിവാഹത്തിനായാണെന്നാണ് അഭ്യൂഹങ്ങള്‍ പരക്കുന്നത്. ഇരുവരും കഴിഞ്ഞ ദിവസം ഇറ്റലിയിലേക്ക് പറന്നതും വാര്‍ത്തയായിരുന്നു.